വിവാഹ സൽക്കാരത്തിലെ ഗാനമേള നടക്കുന്നതിനിടെ മുറ്റത്തെ പണപ്പെട്ടിയുമായി മുങ്ങിയ വിരുതനെ പൊക്കി പോലീസ്: പറമ്പില്‍ കുഴിച്ചിട്ട 45,000 രൂപ കണ്ടെത്തി..

വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയ സംഭവത്തില്‍ പ്രതിയെ കണ്ടെത്തി പോലീസ്. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പോലീസ് കസ്റ്റഡിയിലായത്. 29-ന് പുലര്‍ച്ചെ മൂന്നിന് മുചുകുന്ന് കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് അതുൽ കൈക്കലാക്കി മുങ്ങിയത് . പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട് രാവിലെ നാലരയ്ക്കാണ് പെട്ടി മോഷണം പോയ വിവരം അറിയുന്നത്.
വിവാഹത്തോട് അനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നടത്തിയ പാര്‍ട്ടിയില്‍ നിരവധി പേര്‍ വന്നിരുന്നു. അതിനാല്‍ തന്നെ നഷ്ടപ്പെട്ട പെട്ടിയില്‍ വലിയ തുക ഉണ്ട് എന്ന് കുടുംബം ആരോപിച്ചിരുന്നു. 45,000 രൂപയാണ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വിവാഹ ദിവസവും ഒരുപാടുപേർ വരാൻ ഉണ്ടായിരുന്നതിനാൽ വീട്ടുമുറ്റത്ത് തന്നെ പെട്ടി വയ്ക്കുകയായിരുന്നു. ഇത്തരമൊരു മോഷണം കേട്ടുകേള്‍വിയില്ലാത്തതിനാല്‍ ആരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല.
രാത്രി കരോക്കെ ഗാനമേള നടക്കുന്നതിനിടെ മുറ്റത്തെ പണപ്പെട്ടിയുമായി അതുൽ കടന്ന് കളയുകയായിരുന്നു. അർധ രാത്രിയിൽ പണപ്പെട്ടി കാണാനില്ലാത്തത് ശ്രദ്ധയിൽ പെട്ട ജയേഷ് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞു.
തുടർന്ന് വീട്ടിലും പരിസരത്തും അരിച്ചുപെറുക്കിയിട്ടും പണപ്പെട്ടി കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സമീപത്തെ ആൾപാർപ്പില്ലാത്ത വീടിനടുത്ത് നിന്ന് പണപ്പെട്ടി കുത്തിതുറന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു.
കവറിലെ പണം മോഷ്ടാവെടുത്ത് ബാക്കി കവറുകൾ സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കുറച്ചു പണം അടങ്ങുന്ന കവർ പെട്ടിക്ക് സമീപം കള്ളൻ വയ്ക്കുകയും ചെയ്തു. കൊയിലാണ്ടി പൊലീസ് ഇൻസ്പക്ടർ എം.എൻ.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
500-ഓളം കവറുകള്‍ ചാക്കില്‍ കെട്ടിയനിലയില്‍ സമീപത്തെ ഇടവഴിയില്‍ നിന്ന് ലഭിക്കുകയായിരുന്നു. ഈ കവറുകളിലെ പണം നഷ്ടപ്പെട്ടിരുന്നില്ല. അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തുണ്ടായിരുന്ന അതുലിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതതോന്നി ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. തെളിവെടുപ്പില്‍ പറമ്പില്‍ കുഴിച്ചിട്ട 45,000 രൂപ പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha






















