ഭിക്ഷാടനസംഘം പോലീസ് പിടിയില്‍....കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ രക്ഷാകര്‍ത്താക്കളാണെന്നാണ് ഇവരുടെ വാദം; തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്തും

പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ തമിഴ്‌നാട് സംഘം പിടിയില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു കുട്ടികളെ ജില്ല ശിശു സംരക്ഷണ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ രക്ഷാകര്‍ത്താക്കളാണെന്ന് അവകാശപ്പെട്ടെങ്കിലും മതിയായ രേഖകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്തി രക്ഷകര്‍ത്താക്കളാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കുട്ടികളെ അവര്‍ക്കൊപ്പംവിടാനാകുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അതുവരെ കുട്ടികളെ ശിശുക്ഷേമ സമിതിയുടെ തണല്‍ ഹോമില്‍ പാര്‍പ്പിക്കും.
കഴിഞ്ഞദിവസം വൈകീട്ട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ എ.കെ. ജംലാറാണിയും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് സംഘം ഭിക്ഷാടനം നടത്തുകയായിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി കുട്ടികളുമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു.
ഒരാള്‍ രണ്ടു കുട്ടികളുമായി ബസ് സ്റ്റാന്‍ഡിലെ ശുചി മുറിയിലേക്ക് ഓടിക്കയറിയെങ്കിലും ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുവന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ രണ്ടുകുട്ടികളെയും ഒപ്പമുണ്ടായിരുന്നവരെയും ജീപ്പില്‍ കയറ്റി. ഇതിനിടയില്‍ മറ്റുള്ളവര്‍ സ്ഥലംവിട്ടു. പിടികൂടിയവരെ ജില്ല ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























