കനലെരിയും വഴിയിലൂടെ... പേരെടുത്ത മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയായ പികെ ശ്രീമതി ടീച്ചറെ പിന്നെ പാര്‍ലമെന്റിലേക്കയച്ചു; അവിടെ നിന്നും അഡ്രസില്ലാതെ കുറച്ചുനാള്‍; ഇപ്പോഴിതാ ദേശീയ സ്ഥാനത്തേക്ക്; ജനാധിപത്യ മഹിളാ അസോസിയേഷന്‍ പി.കെ.ശ്രീമതി ടീച്ചര്‍ ദേശീയ പ്രസിഡന്റ്; കനലെരിയും പോരാട്ടങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച ടീച്ചര്‍

സൗമ്യമായ ചിരിയോടെ മലയാളികളെ ആകര്‍ഷിച്ച പികെ ശ്രീമതി ടീച്ചര്‍ മറ്റൊരു നിയോഗത്തിലേക്ക്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി.കെ. ശ്രീമതി ടീച്ചറെ തിരഞ്ഞെടുത്തു. മറിയം ധാവ്‌ളെയെ ജനറല്‍ സെക്രട്ടറിയായും എസ്.പുണ്യവതിയെ ട്രഷററായും 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു.
കേരളത്തില്‍ നിന്ന് കെ.കെ.ശൈലജ, പി.സതീ ദേവി, സൂസന്‍ കോടി, പി.കെ.സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ട്. സി.എസ്.സുജാത, എന്‍.സുകന്യ എന്നിവരടക്കം ഒന്‍പത് സെക്രട്ടറിമാരുണ്ട്. കെ.കെ.ലതിക, ഇ.പത്മാവതി എന്നിവരാണ് കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള പുതുമുഖങ്ങള്‍. 1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം കേരളത്തില്‍ നിന്ന് സംഘടനയുടെ പ്രധാന ഭാരവാഹിത്വം ലഭിക്കുന്ന ആദ്യത്തെയാളാണ് പി.കെ.ശ്രീമതി.
നാടിന്റെ പൊതു പ്രശ്‌നങ്ങളില്‍,വിശേഷിച്ച് സ്ത്രീ വിഷയങ്ങളില്‍ നിയമസഭയ്ക്ക് അകത്തും, പുറത്തും പാര്‍ലമെന്റിലും നടത്തിയ പോരാട്ടങ്ങളാണ് പി.കെ. ശ്രീമതി ടീച്ചറെന്ന കണ്ണൂരുകാരിയെ ജനകീയ നേതാവായി വളര്‍ത്തിയത്. 25 വര്‍ഷങ്ങള്‍ക്കു ശേഷം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെതലപ്പത്തെത്തുന്ന മലയാളിയെന്ന ബഹുമതി പി.കെ.ശ്രീമതിക്ക് അര്‍ഹതയ്ക്കുള്ളഅംഗീകാരം.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് പ്രസിഡന്റ് പദവിയിലേക്ക് 73കാരിയായ പി.കെ ശ്രീമതി തിരഞ്ഞെടുക്കപ്പെട്ടത്. മുത്തങ്ങയിലെ ആദിവാസികള്‍ക്ക് നീതി നേടിക്കൊടുക്കുന്നതിന് പി.കെ ശ്രീമതി നടത്തിയ 12 ദിവസം നീണ്ടു നിന്ന നിരാഹാരം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയതാണ്.
കണ്ണൂര്‍ ജില്ലാ കൗണ്‍സിലിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. 2001ല്‍ പയ്യന്നൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006ല്‍ വീണ്ടും വിജയിച്ച് ആരോഗ്യ- കുടുംബക്ഷേമ മന്ത്രിയായി. 10 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ എതിരാളികളുടെയടക്കം പ്രശംസ പിടിച്ചുപറ്റി. 2014 മുതല്‍ 2019 വരെ കണ്ണൂരില്‍ നിന്ന് ലോക്‌സഭാംഗവുമായി.
യുഡിഎഫ് ഭരണകാലഘട്ടങ്ങളില്‍ നടമാടിയ സ്ത്രീപീഡന പെണ്‍വാണിഭക്കേസുകള്‍ ജനശ്രദ്ധയില്‍ കൊണ്ടുവവരുന്നതില്‍ വലിയ പങ്കു വഹിച്ചു. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ നിര്‍ധന രോഗികളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പകര്‍ച്ചവ്യാധികള്‍ തടയാന്‍ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശ്രീമതി അദ്ധ്യാപകസംഘടനാ രംഗത്തും സജീവമായിരുന്നു. 1997ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായും, പിന്നീട് കേന്ദ്ര കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ നെരുവമ്പ്രം യുപി സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന ശ്രീമതി ടീച്ചര്‍ 2003ല്‍ സ്വയം വിരമിക്കുമ്പോള്‍ പ്രധാനാദ്ധ്യാപികയായിരുന്നു. കണ്ണൂര്‍ കയരളത്തെ കേളപ്പന്‍ നമ്പ്യാരുടെയും പി കെ മീനാക്ഷിയുടെയും മകളാണ്. പി ദാമോദരന്‍ നമ്പ്യാരാണ് ഭര്‍ത്താവ്. മകന്‍: പി കെ സുധീര്‍. മരുമകള്‍: ധന്യ.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര സഹോദരിയാണ്. 'കേരളത്തെ നയിച്ച വനിതാ പേരാളികള്‍'ഉള്‍പ്പെടെ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
എന്നില്‍ ഏല്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നറിയാമെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു. സ്ത്രീകളുടെ തുല്യത ഉറപ്പാക്കുന്നതിനും,അനീതികള്‍ക്കെതിരെയും മുന്‍നിരയില്‍ നിന്ന് പോരാടുമെന്നും ടീച്ചര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























