അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ രണ്ടാംക്ലാസുകാരി സ്‌കൂട്ടറില്‍നിന്ന് തെറിച്ച് വീണ് ലോറികയറി മരിച്ചു

അധ്യാപികയായ അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കുപോയ രണ്ടാം ക്ലാസുകാരി റോഡില്‍ തെറിച്ചുവീണ് ലോറി കയറി തല്‍ക്ഷണം മരിച്ചു. ആര്യാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ വേണുനിവാസില്‍ ജയശങ്കറിന്റെ മകള്‍ ഗൗരി ശങ്കറാ (ഏഴ്) ണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ന് ദേശീയപാതയില്‍ പൂങ്കാവ് ജംങ്ഷനു തെക്ക് ജ്ഞാനദീപഗൃഹം വായനശാലയ്ക്കു സമീപമായിരുന്നു സംഭവം.
ആലപ്പുഴ സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന ഗൗരി ശങ്കര്‍ ഇതേസ്‌കൂളില്‍ അധ്യാപികയായ അമ്മ അമ്പിളിയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിരക്കിനെത്തുടര്‍ന്ന് അമ്പിളി സ്‌കൂട്ടര്‍ റോഡരികിലേക്ക് ഒതുക്കുന്നതിനിടെ ദേശീയപാതയുടെ ഓരത്തെ താഴ്ന്നവശത്തേക്കു നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. സ്‌കൂട്ടറില്‍നിന്നു തെറിച്ച് റോഡിനു വലതുഭാഗത്തേക്കുവീണ ഗൗരിയുടെ തലയിലൂടെ പിന്നാലെ ഇഷ്ടികകയറ്റിവന്ന ലോറി കയറിയിറങ്ങി.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അമ്പിളി ഇടതുവശത്തേക്കു വീണതിനാല്‍ പരുക്ക് സാരമുള്ളതല്ല. വിവരമറിഞ്ഞെത്തിയ ആലപ്പുഴ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ ഗൗരിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പിന്നീട് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം പാതിരപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അപകടത്തേത്തുടര്‍ന്ന് സ്ഥലത്ത് ജനരോഷവും അണപൊട്ടി. ദേശീയപാതയുടെ താഴ്ന്നവശം ഗ്രാവലിട്ട് ഉയര്‍ത്തുക, സമീപത്തെ തണല്‍മരം മുറിച്ചുമാറ്റുക എന്നീ ആവശ്യങ്ങളുയര്‍ത്തി ക്ഷുഭിതരായ ജനക്കൂട്ടം മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു.
എ.ഡി.എമ്മും ആലപ്പുഴ ഡിവൈ.എസ്.പിയുമെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ഇതിനുപിന്നാലെ ഗ്രാവിലിട്ട് ഉയര്‍ത്തുന്ന നടപടി ആരംഭിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha