മൂര്‍ഖന്റെ കടിയേറ്റ് മരിച്ച പാമ്പ് സലില്‍ മികച്ച പരിസ്ഥിതി പ്രേമി; പാമ്പ് പിടുത്തം ഏറ്റവും വലിയ ഹോബി

പാമ്പുകളുടെ ഉറ്റതോഴനെ ഒടുവില്‍ പാമ്പ് തന്നെ ചതിച്ചു. പ്രമുഖ പാമ്പുപിടിത്ത വിദഗ്ധനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രേംസലില്‍(45) പാമ്പുകടിയേറ്റു മരിച്ചു. ആറ്റിങ്ങല്‍ മണമ്പൂരില്‍നിന്ന് അണലിയെ പിടിക്കുന്നതിനിടയിലാണ് പ്രേംസലിന് കടിയേറ്റത്. ആരോഗ്യനില ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ ര്ക്ഷിക്കാനായില്ല. സജീവ പരിസ്ഥിതി പ്രവര്‍ത്തകനായ പ്രേംസലിന് മികച്ച പ്രവര്‍ത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാട്ടിലിറങ്ങി ഭീതി പരത്തുന്ന ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി പ്രേംസലിന്‍ ശ്രദ്ധേയനായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രേംസലിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നിരവധി ബോധവത്ക്കരണ ക്ലാസുകളും നടത്തിപ്പോന്നിരുന്നു.
പഠനത്തില്‍ മിടുക്കനായിരുന്നുവെങ്കിലും പാമ്പുകളോടായിരുന്ന കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് മാത്രമാണ് വീട്ടുകാരുടെ എതിര്‍പ്പ് കാര്യമാക്കാതെ പരിസ്ഥിതി പ്രവര്‍ത്തനത്തിന് ജീവിതം മാറ്റി വച്ചത്. മൂന്നു പതിറ്റാണ്ടിലേറെ പാമ്പുപിടിത്ത രംഗത്ത് നിറഞ്ഞു നിന്നിരുന്ന പ്രേംസലിലിനെ സുഹൃത്തുക്കളും സ്ഥലവാസികളും സ്‌നേഹപൂര്‍വം വിളിച്ചിരുന്നത് പാമ്പ് സലില്‍ എന്നായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അവിചാരിതമായി റോഡരികില്‍ കുറ്റിച്ചെടിക്കുള്ളില്‍ കണ്ട പാമ്പിനെ സലില്‍ കൈകൊണ്ട് എടുത്ത് മാറ്റിയിട്ടത്. മുന്‍പേ പോയ സുഹൃത്തിന്റെ കാലുകള്‍ പാമ്പിനു മുകളില്‍ പതിയുമെന്നു കണ്ടതിനെ തുടര്‍ന്നായിരുന്നു അത്. ഇതോടെ പാമ്പിനോടുള്ള പേടി മാറി. സ്‌നേഹം മാത്രമായി പിന്നീട് അവയോട്.
നാട്ടുവഴികളില്‍ ശ്രദ്ധാപൂര്‍വം നടക്കുന്ന പ്രേംസലില്‍ പാമ്പുകളെ കാണുന്ന മാത്രയില്‍ തന്നെ അവയെ കൈകൊണ്ട് എടുത്ത് താലോലിക്കുന്നതും നാട്ടുകാര്‍ക്ക് പതിവ് കാഴ്ചയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മികച്ച വിജയം കാഴ്ചവച്ച മകന്‍ പാമ്പിനു പിറകേ പോയി സമയം കളയുന്നതില്‍ വീട്ടില്‍ എതിര്‍പ്പുണ്ടായെങ്കിലും അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും കണ്ണുവെട്ടിച്ച് പാമ്പുകളെ പിടിച്ചു താലോലിക്കുന്ന തൊഴില്‍ സലില്‍ തുടര്‍ന്നു. ഏത് ഉഗ്ര വിഷമുള്ള പാമ്പിനെയും ഞൊടിയിടയില്‍ പിടികൂടുക എന്നതായിരുന്നു പ്രേംസലിലിന്റെ രീതി. പിടികൂടുന്ന പാമ്പുകളെ തരംതിരിച്ച് സൂക്ഷിച്ചിരുന്നതും വീടിനോട് ചേര്‍ന്ന് തന്റെ മുറിക്കു സമീപമായിരുന്നു. വീട്ടുകാരെ ആരെയും ബുദ്ധിമുട്ടിക്കാത്ത സലില്‍ തന്നെയായിരുന്നു കൂട്ടിലടയ്ക്കപ്പെട്ട പാമ്പുകളുടെ കാര്യവും നോക്കിയിരുന്നത്.
ചെറു കുടങ്ങളായി നൂറു കുടങ്ങളിലും പാമ്പുകള്‍ നിറയുമ്പോള്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കും. പാമ്പുകളെ കുറിച്ച് ക്ലാസ് എടുക്കലും മറ്റൊരു പ്രധാന വിനോദമായിരുന്നു. സലില്‍ കുട്ടികള്‍ക്ക് മുന്നിലെ പാമ്പിന്റെ വിജ്ഞാനകോശം തന്നെയായിരുന്നു. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പാമ്പുകളെയും പരിസ്ഥിതിയേയും കുറിച്ചുള്ള ശാസ്ത്രീയമായ അവബോധം നല്‍കുന്നതില്‍ സജീവ സാന്നിധ്യമായിരുന്നു പ്രേം സലില്‍. വിവിധയിനങ്ങളില്‍പ്പെട്ട രണ്ട് ഡസനോളം പാമ്പുകളെ അദ്ദേഹം വീട്ടില്‍ സംരക്ഷിച്ചിരുന്നു. ഇവയെയാണ് പാമ്പ് പ്രദര്‍ശനത്തിന് ഉപയോഗിച്ചിരുന്നത്. പ്രേംസലിലിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെ പാമ്പുകളെ വനപാലകര്‍ ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം സന്ധ്യയോടെ നരിക്കല്ല് മുക്കിനു സമീപം ഒരു വീട്ടില്‍ മൂര്‍ഖനെ പിടിക്കുന്നതിനിടയിലാണ് കടിയേറ്റത്. എന്നാല്‍ മുപ്പതില്‍ പരം മൂര്‍ഖന്മാരുടെ കടിയേറ്റിട്ടുള്ള പ്രേം സലില്‍ ഇത് കാര്യമാക്കിയില്ല. എന്നാല്‍, എട്ടു മണിയോടെ സംഭവ സ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സലിലിനെ സുഹൃത്തുക്കള്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു . പുലര്‍ച്ചെ അന്ത്യം സംഭവിച്ചു. ചാത്തമ്പാറ തോല്‍ക്കാട്ട് പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിന്റെയും സഫിയയുടെയും മകനാണ്. ഇരുവരും അദ്ധ്യാപകരായിരുന്നു. സഹോദരങ്ങള്‍ ഷീജ നാസര്‍, ഷീനാ നാസര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha