കിണറ്റില്‍ വീണ കൂട്ടുകാരനെ ഒന്നാം ക്ലാസുകാരന്‍ രക്ഷപ്പെടുത്തി

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണ ആറു വയസുകാരനെ രക്ഷിച്ചതു സഹപാഠിയുടെ സമയോചിത ഇടപെടല്‍. കല്ലായ് കട്ടയാട്ടുപറമ്പ് തയ്യില്‍ വീട്ടില്‍ നിവേദിനാണ് കളിക്കൂട്ടുകാരനും സഹപാഠിയുമായ ശ്രേയസ് രണ്ടാം ജന്മമേകിയത്. അയല്‍വാസികളായ ഇരുവരും പന്നിയങ്കര എന്‍എസ്എസ് എല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനു സമീപത്തു കളിക്കുന്നതിനിടെയാണ് റിംഗ് ഇറക്കി നിര്‍മിച്ച കിണറില്‍ നിവേദ് അകപ്പെട്ടത്. കിണറില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ടു വീഴുകയായിരുന്നു.
മുങ്ങിപ്പൊങ്ങിയ കുട്ടി റിംഗിന്റെ വക്കില്‍ പിടിച്ചുനിന്നു. അപകടം മനസിലാക്കിയ ശ്രേയസ് മനഃസാന്നിധ്യം കൈവിട്ടില്ല. വെള്ളമെടുക്കാനുപയോഗിച്ചിരുന്ന തൊട്ടിയുടെ കയറെടുത്തു കിണറിലേക്കിട്ടു കൊടുത്തു. കയറില്‍പിടിച്ച നിവേദ് റിംഗില്‍ ചവിട്ടി മുകളിലേക്കു കയറി. വലിച്ചുകയറ്റാന്‍ ശ്രേയസ് സഹായിക്കുകയും ചെയ്തു. കുട്ടികളുടെ വീട്ടുകാരോ അയല്‍വീട്ടുകാരോ വിവരമറിഞ്ഞില്ല. നിവേദ് രക്ഷപ്പെട്ട ശേഷമാണു കുട്ടികള്‍ വിവരം അടുത്ത വീടുകളിലുള്ളവരെ അറിയിച്ചത്. ജീവന്‍ നഷ്ടമാകുമായിരുന്ന അപകടത്തെ മനഃസാന്നിധ്യംകൊണ്ടു നേരിട്ട ശ്രേയസിനെയും നിവേദിനെയും ഇന്ന് അസംബ്ലി വിളിച്ചുചേര്‍ത്ത് അനുമോദിക്കാനാണു സ്‌കൂള്‍ അധികൃതരുടെ തീരുമാനം.
ബാല്‍ ഫാര്‍മ റീജണല്‍ മാനേജര്‍ വി.പി. സജിത്ത്‌ലാലിന്റെയും ഹയര്‍സെക്കന്‍ഡറി അധ്യാപിക ടി. റാണിചന്ദ്രയുടെയും രണ്ടാമത്തെ മകനാണു നിവേദ്. ഇന്‍ഡസ്ട്രിയല്‍ ജോലിചെയ്യുന്ന കണിച്ചോട്ട് ബിജുവിന്റെയും മിനിലയുടെയും മകനാണു ശ്രേയസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha