ഐഎഎസ് തലപ്പത്ത് വമ്പൻ അഴിച്ചു പണി നടത്തി സർക്കാർ; ബ്രഹ്മപുരം കത്തുന്നതിനിടയിൽ എറണാകുളം കളക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി; ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറാക്കി; തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാർ ആലപ്പുഴ കളക്ടർ

ബ്രഹ്മപുരം കത്തുകയാണ് ഇതുവരെ തീ അണക്കാനായിട്ടില്ല. അവിടത്തെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ് കളക്ടർ രേണു രാജ് . ഇതിനിടയിൽ ഇതാ സർക്കാർ ഞെട്ടിക്കുന്ന നീക്കം നടത്തിയിരിക്കുകയാണ്. എറണാകുളം ജില്ലാ കളക്ടറെ ആ സ്ഥാനത്തുനിന്ന് മാറ്റി വയനാട് നിയമിച്ചിരിക്കുകയാണ്.
ഒരു പ്രശ്നം കത്തി നിൽക്കവേ പെട്ടെന്നൊരു സ്ഥലംമാറ്റം വരുമ്പോൾ സ്വാഭാവികമായിട്ടും പല രീതിയിൽ ഉള്ള ചിന്തകൾ വരാം. തീർച്ചയായും അത് സ്വാഭാവികമാണ്.ഇതിനോടകം സോഷ്യൽ മീഡിയയിൽ അടക്കം അത്തരത്തിലുള്ള ചില ചർച്ചകൾ തുടങ്ങി കഴിഞ്ഞു. എന്നാൽ സംഭവം അതല്ല കളക്ടർമാർക്ക് എല്ലാവർക്കും കൂട്ടത്തോടെ സ്ഥലംമാറ്റം കൊടുത്തിരിക്കുകയാണ് സർക്കാർ. ഉച്ചയോടെയാണ് ആ തീരുമാനം പുറത്ത് വന്നത്.
ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍. വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി . ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍ . മറ്റു നിയമനങ്ങൾ ഇങ്ങനെയാണ് വയനാട് കളക്ടര്‍ എ.ഗീത കോഴിക്കോട് കളക്ടര്‍. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി. ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജ തൃശ്ശൂര്‍ കളക്ടര്‍.
ഐടി മിഷൻ ഡയറക്ടര്‍ സ്നേഹിൽ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല . അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി. ധനവകുപ്പിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി.
അതേസമയം കഴിഞ്ഞ ദിവസം ഹൈക്കോടതി ഈ വിഷയത്തിൽ നിർണായക പ്രതികരണങ്ങൾ നടത്തിയിരുന്നു. ബ്രഹ്മപുരത്തെ സാഹചര്യത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു ഹൈക്കോടതി. അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഖരമാലിന്യ സംസ്‌കരണം നേരിട്ട് വിലയിരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി . ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണം. ബ്രഹ്മപുരം തീപിടിത്തത്തിന്റെ തല്‍സ്ഥിതിയും പരിഹാര നിര്‍ദേശങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൊച്ചി കോര്‍പറേഷനും നാളെ അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി
https://www.facebook.com/Malayalivartha
























