ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തം... കൊച്ചിയിലും സമീപപഞ്ചായത്തുകളിലും രണ്ടുദിവസം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി; ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു

ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തെ തുടര്‍ന്ന് പുക പടരുന്നതിനാല്‍ കൊച്ചിയിലും സമീപപഞ്ചായത്തുകളിലും രണ്ടുദിവസം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പെടെ നാളെയും മറ്റന്നാളും അവധി നല്‍കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാപരിധിയിലും വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും അവധി ബാധകമാണ്.
അതേസമയം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ജൈവ മാലിന്യ സംസ്‌കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവത്ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനു മുന്നോടിയായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ വിശദീകരിച്ചു. മാര്‍ച്ച് 2ന് വൈകിട്ട് 4.30നാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേന, പൊലീസ് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിര്‍ഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോള്‍ഡറിങ് ആണ് പ്രധാനമായും പ്ലാന്റില്‍ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവേ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. ഇത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി. തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിരക്ഷാ സേനയുടെ ശ്രമങ്ങള്‍ക്ക് പുറമേ നേവി, വ്യോമ സേനയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെയും സഹായം ലഭ്യമാക്കി.
കത്തിപ്പടരുന്ന തീ പൂര്‍ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടില്‍ നീറി പുകയുന്ന സ്ഥിതി തുടര്‍ന്നു. ഇതുവഴിയാണ് പ്ലാന്റിന് സമീപപ്രദേശത്ത് പൊതുവേ പുക പടരുന്ന സാഹചര്യമുണ്ടായത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പുക ബഹിര്‍ഗമിക്കുന്ന മേഖലകളില്‍ മാലിന്യങ്ങള്‍ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. അഗ്‌നിരക്ഷാസേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ക്ക് പുറമേ ആലപ്പുഴയില്‍ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയര്‍ന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മിനിറ്റില്‍ 60,000 ലീറ്റര്‍ എന്ന തോതില്‍ വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha
























