കണ്ണീര്‍ക്കാഴ്ചയായി.... രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി കല്ലടയാറ്റില്‍ ചാടിയ അമ്മയും മക്കളും മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് ഉറ്റവരും ബന്ധുക്കളും

ജോലികഴിഞ്ഞ് വന്നശേഷം യുവതി ക്ഷേത്രത്തില്‍ പോകുന്നെന്ന് പറഞ്ഞ് കുഞ്ഞുങ്ങളുമായി ഭര്‍തൃ വീട്ടില്‍ നിന്നിറങ്ങിയശേഷം രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി കല്ലടയാറ്റില്‍ ചാടി. ഇന്നലെ ഉച്ചയോടെ പുനലൂരില്‍ കല്ലടയാറ്റില്‍ വ്യവസായ പാര്‍ക്കിനു സമീപമാണ് സംഭവം നടന്നത്.
ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ പാറയില്‍ ജംക്ഷന്‍ പാലമൂട്ടില്‍ വീട്ടില്‍ സജി ചാക്കോയുടെ ഭാര്യ, പിറവന്തൂര്‍ കമുകുംചേരി ചരുവിള പുത്തന്‍ വീട്ടില്‍ രമ്യ (30), മക്കളായ സരയൂ (5), സൗരവ് (3) എന്നിവരാണ് മരിച്ചത്. കണിയാപുരത്തെ സ്വകാര്യ ക്ലിനിക്കില്‍ എക്‌സ്‌റേ ടെക്‌നിഷ്യനാണു രമ്യ.
രമ്യയുടെ ബാഗിലും കല്ലുവാതുക്കല്‍ വീട്ടിലെ ഡയറിയിലും മരണം സൂചിപ്പിക്കുന്ന വിവരങ്ങള്‍ എഴുതിവച്ചത് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടെന്നും കുട്ടികളെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും കത്തില്‍ എഴുതിയിട്ടുണ്ടെന്ന് പുനലൂര്‍ പൊലീസ് .
കല്ലടയാറ്റില്‍ കുര്യോട്ടുമല ശുദ്ധജല പദ്ധതിക്ക് വെള്ളം ശേഖരിക്കുന്ന പമ്പ് ഹൗസിനു സമീപത്തെ കടവില്‍ ഒരു സ്ത്രീ കുഞ്ഞുങ്ങളുമായി ചാടുന്നത് ആറിന്റെ മറുകരയിലുള്ളവര്‍ കണ്ടിരുന്നു. അവര്‍ ശബ്ദം ഉയര്‍ത്തി പിന്തിരിപ്പിക്കാനായി ശ്രമിച്ചെങ്കിലും നിമിഷനേരം കൊണ്ട് ആറ്റിലേക്കു ചാടുകയായിരുന്നെന്ന് അവര്‍ പറയുന്നു. നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. പ്രദേശവാസികള്‍ മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകാതെ അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
നേരത്തേ പട്ടികജാതി വികസന പദ്ധതിയില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു ലഭിച്ച തുക വിനിയോഗിച്ച് വീട് നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഭര്‍ത്താവ് സജി ചാക്കോ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഒരുവര്‍ഷം മുന്‍പാണ് ഖത്തറിലേക്ക് പോയത്.
രമ്യയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് പോലീസ്. സരയൂ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും സൗരവ് അങ്കണവാടി വിദ്യാര്‍ഥിയുമാണ്.
"
https://www.facebook.com/Malayalivartha
























