കോട്ടയത്ത് എംസി റോഡിനെ കുരുക്കിലാക്കി കൊമ്പന്റെ പരാക്രമം, നാടിനെ ഭീതിയുടെ മുൾ മുനയിൽ നിർത്തിയത് കൊമ്പൻ വാഴപ്പള്ളി മഹാദേവൻ, ഒടുവിൽ മയക്കുവെടിവെച്ചു തളച്ചു

കോട്ടയം തുരുത്തിയിൽ ലോറിയിൽ കൊണ്ടുവരുന്നതിനിടെ ഇടഞ്ഞ് പരാക്രമം കാട്ടിയ കൊമ്പനെ മയക്കുവെടി വച്ചു തളച്ചു. കോട്ടയത്തു നിന്നും എത്തിയ എലിഫൻ്റ് സ്ക്വാഡ് സംഘമാണ് കൊമ്പൻ വാഴപ്പള്ളി മഹാദേവനെ മയക്കുവെടി വച്ചു തളച്ചത്. അക്രമാസക്തനായ ആന രണ്ടു മണിക്കൂറോളം, ലോറിയിലും റോഡിലുമായി നിലയുറപ്പിച്ചിരുന്നു.
ഒന്നര മണിക്കൂറോളം ലോറിയ്ക്കുള്ളിൽ നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകർത്തു. ഇതിന് പിന്നാലെ എലിഫൻ്റ് സ്ക്വാഡ് എത്തി മയക്കു വെടിവച്ച് കൊമ്പനെ തളയ്ക്കുകയായിരുന്നു. ആന ഇടഞ്ഞതോടെ മണിക്കൂറുകളായി എം സി റോഡിൽ തുരുത്തി ഭാഗത്ത് ഗതാഗത സ്തംഭിച്ചു. വാഹനങ്ങൾ പലതും വഴി തിരിച്ചു വിടുകയാണ് അധികൃതർ ചെയ്തത്. നൂറുകണക്കിന് നാട്ടുകാരാണ് ആന ഇടഞ്ഞ വിവരം അറിഞ്ഞ് എം.സി റോഡിൽ തടിച്ചു കൂടിയത്..
ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടാൻ എത്തിക്കുന്നതിനിടെയാണ് സംഭവം. വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ച ശേഷമാണ് വാഹനം തകർത്ത് റോഡിലേക്ക് ഇറങ്ങിയത്.
തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചും പരാക്രമം കാട്ടിയിരുന്നു. മൂന്നു വൈദ്യുതി പോസ്റ്റുകളാണ് ആന ഇടഞ്ഞു വലിച്ചു പൊട്ടിച്ചത്. ഇതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതർ എത്തി മയക്കു വെടിവച്ചു. ലോറിയിൽ നിന്ന ആനയെ തളയ്ക്കാൻ പാപ്പാന്മാർ ആദ്യം ശ്രമിച്ചെങ്കിലും, ആരും അടുത്തേയ്ക്ക് വരാതിരിക്കാൻ തുമ്പിക്കൈ വീശി എല്ലാവരെയും കൊമ്പൻ ഭയപ്പെടുത്തി അകറ്റി നിർത്തി. ഒടുവിലാണ് അധികൃതർ എത്തി മയക്കുവെടി വച്ച് ആനയെ തളച്ചത്.
https://www.facebook.com/Malayalivartha
























