വാ തുറന്നാല്‍ മണ്ടത്തരം;മുതിര്‍ന്ന നേതാക്കളെക്കൊണ്ട് പുലിവാല് പിടിച്ച് സിപിഎം,ജയരാജന്മാരുടെ വാ വിട്ട വാക്കില്‍ സിപിഎം എയറില്‍,തണുപ്പിക്കാനിറങ്ങി എംവി ഗോവിന്ദന്

ജയരാജന്മാരുടെ വാ വിട്ട വാക്കില്‍ പാര്‍ട്ടി എയറില്‍. വാ തുറന്നാല്‍ മണ്ടത്തരം വിളമ്പുന്ന കൂട്ടരായ് മാറിയിരിക്കുകയാണ് സിപിഎം മുതിര്‍ന്ന നേതാക്കള്‍. ഇതിനെല്ലാം മറുപടി പറഞ്ഞ് ഒരു വഴിക്കായ് പാര്‍ട്ടി. ജനകീയ പ്രതിരോധ ജാഥയില്‍ പാര്‍ട്ടി സെക്രട്ടറിക്ക് വിശദീകരണം നല്‍കല്‍ അല്ല ന്യായീകരണം കൊടുക്കലാണിപ്പോള്‍ മെയ്ന്‍ പണി. നാനാവഴിക്കൂടെയും പെട്ട് നില്‍ക്കുമ്പോഴാണ് കൂട്ടത്തില്‍ സിപിഎം നേതാക്കളുടെ വക മണ്ടത്തരവും. ന്യായീകരണം നടത്താന്‍ വരുന്ന ഗോവിന്ദന്‍ മാഷും മണ്ടത്തരം വിളമ്പിയതോടെ പടിക്കല്‍ കൊണ്ട് കലമിട്ട് ഉടച്ചു.
കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഉപയോഗിച്ച വാക്കുകളാണു പാര്‍ട്ടിക്കു തലവേദനയായിരിക്കുന്നത്. നേതാക്കളുടെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരിനെ അല്‍ഖായിദ തലവനായിരുന്ന ബിന്‍ ലാദനുമായി താരതമ്യം ചെയ്ത് എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു രംഗത്തിറങ്ങേണ്ടി വന്നു. പ്രസംഗമധ്യേ പറഞ്ഞു പോയതാണെന്നും വംശീയപരാമര്‍ശം ഉദ്ദേശിച്ചിരുന്നില്ലെന്നുമാണു പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത വേണമെന്നു നേതാക്കള്‍ക്കു നിര്‍ദേശം നല്‍കുമെന്നും ഗോവിന്ദനു പറയേണ്ടി വന്നു. പാര്‍ട്ടി ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റിന്റെ നെറികേടിനു മാപ്പില്ലെന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ 4ന് ഡിവൈഎഫ്‌ഐ നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണു വിവാദ പരാമര്‍ശം എം.വി.ജയരാജനില്‍ നിന്നുണ്ടായത്. ലേഖകനെ പിതാവിന്റെ പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കുകയുമുണ്ടായി. ഇതു തിരിച്ചടിയാകുമെന്നു വന്നതോടെയാണു സംസ്ഥാന സെക്രട്ടറിക്ക് ഇക്കാര്യം വിശദീകരിക്കേണ്ടി വന്നത്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിവ ജോളി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെയായിരുന്നു ഇ.പി.ജയരാജന്റെ വിവാദ പരാമര്‍ശം. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. പുരുഷന്മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിനു നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇ.പിയുടെ പരാമര്‍ശം സിപിഎം നയത്തിന് എതിരാണെന്ന വിമര്‍ശനമുയര്‍ന്നു. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ പ്രതിഷേധങ്ങളില്‍ പൊലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്ന കാര്യമാണ് ഇ.പി.ജയരാജന്‍ ഉദ്ദേശിച്ചതെന്ന തരത്തില്‍ എം.വി.ഗോവിന്ദന് ഇന്നലെ കാര്യങ്ങള്‍ മയപ്പെടുത്തേണ്ടി വന്നു.
മന്ത്രി അബ്ദുറഹ്മാന്റെ പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്നു വിഴിഞ്ഞം സമരസമയത്തു പുരോഹിതന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയ പാര്‍ട്ടിയാണു സിപിഎം. ആ പാര്‍ട്ടിക്കു തന്നെയാണു വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സമാന സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നത്. ഏഷ്യാനെറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റാര്‍ക്കെതിരെയും പേരിനെച്ചൊല്ലി ആക്ഷേപം കേള്‍ക്കേണ്ടി വന്നില്ലെന്നതും വിമര്‍ശകര്‍ എടുത്തു പറയുന്നുണ്ട്. സമുദായ വിദ്വേഷമെന്ന നിലയിലാണ് ഈ വിവാദത്തെ രാഷ്ട്രീയ എതിരാളികള്‍ കൈകാര്യം ചെയ്യുന്നത് സിപിഎമ്മിനു വിനയായിരിക്കുന്നത്. മൈക്ക് മുന്‍പില്‍ കിട്ടിയാല്‍ എന്ത് വഷളത്തരവും പറയുന്ന തരത്തിലാണിപ്പോള്‍ സിപിഎം നേതാക്കള്‍. പരനാറി,കുലംകുത്തി ഡയലോഗ് ഇറക്കുന്ന പിണറായിയുടെ ബാക്കിയല്ലെ ഇതൊക്കെ ഈ വിടുവായത്തങ്ങളില്‍ അത്ഭുതപ്പെടാനുമില്ല. സിപിഎമ്മുകാര്‍ക്ക് എന്തും വിളിച്ച് പറയാം ഞങ്ങള്‍ ആരേയും ആക്ഷേപിക്കും പുച്ഛിക്കും അത് ഞങ്ങളുടെ അവകാശമെന്ന ധാര്‍ഷ്ട്യം. എന്നാല്‍ ആ ധാര്‍ഷ്ട്യം മടക്കി പോക്കറ്റിലിട്ടോളാന്‍ നേതാക്കന്മാര്‍ക്കുള്ള മറുപടി.
https://www.facebook.com/Malayalivartha
























