മുസ്ലിം ലീഗ് അണികള്‍ കാത്തിരിക്കുന്നതു പാര്‍ട്ടിയുടെ കര്‍മപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലേക്ക്. രാജ്യത്തെ പരമാവധി ന്യൂനപക്ഷ വോട്ടുകള്‍ മതനിരപേക്ഷ ചേരിക്കൊപ്പം നിര്‍ത്തുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം. അതാണു കര്‍മപദ്ധതിയുടെ സത്ത.

ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ആഘോഷമായി, ആവേശകരവും. ഇനി മുസ്ലിം ലീഗ് അണികള്‍ കാത്തിരിക്കുന്നതു പാര്‍ട്ടിയുടെ കര്‍മപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലേക്ക്. രാജ്യത്തെ പരമാവധി ന്യൂനപക്ഷ വോട്ടുകള്‍ മതനിരപേക്ഷ ചേരിക്കൊപ്പം നിര്‍ത്തുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം. അതാണു കര്‍മപദ്ധതിയുടെ സത്ത.
പരമാവധി സംസ്ഥാനങ്ങളില്‍ മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നതുവഴി ദേശീയതലത്തില്‍ സാന്നിധ്യമുള്ള പാര്‍ട്ടിയാകാമെന്നും കണക്കുകൂട്ടുന്നു. നവംബറില്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കുന്ന മതനിരപേക്ഷ പാര്‍ട്ടികളുടെ സംഗമം ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ്.
നേരത്തേ ബംഗാളിലും ബിഹാറിലും കര്‍ണാടകയിലും ഡല്‍ഹിയിലുമെല്ലാം ജനപ്രതിനിധികളുണ്ടായിരുന്ന പാര്‍ട്ടിയാണ് ലീഗ്. കേരളത്തില്‍ തുടര്‍ച്ചയായി അധികാരത്തിന്റെ ഭാഗമായപ്പോഴുണ്ടായ കേരള കേന്ദ്രീകരണം മറ്റു സംസ്ഥാനങ്ങളിലെ വളര്‍ച്ച മുരടിപ്പിച്ചെന്ന സ്വയം വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്.
ദേശീയതലത്തില്‍ ജനപിന്തുണയുള്ള നേതാക്കളുടെ അഭാവവുമുണ്ട്. ആശയങ്ങളുമായി യോജിപ്പുള്ള നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുന്നതും കര്‍മപദ്ധതിയുടെ ഭാഗമാണ്. ന്യൂഡല്‍ഹിയില്‍ ആസ്ഥാന മന്ദിരമെന്ന തീരുമാനം ലീഗ് പല തവണയെടുത്തതാണ്. കര്‍മപദ്ധതിയിലെ പ്രധാന തീരുമാനങ്ങളിലൊന്നാണത്. മതനിരപേക്ഷ പാര്‍ട്ടികളുടെ സംഗമത്തിനു മുന്‍പ് ആസ്ഥാന മന്ദിരം യാഥാര്‍ഥ്യമാക്കാനാണു ശ്രമം.
ഏഴരപ്പതിറ്റാണ്ട് മുന്‍പത്തെ രൂപീകരണ യോഗം പുനരാവിഷ്‌കരിച്ചാണു ലീഗ് നേതാക്കളും പ്രവര്‍ത്തകരും ചെന്നൈയില്‍നിന്നു മടങ്ങുന്നത്. ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനമെടുത്ത് പിരിയുമ്പോള്‍ 1966 ആവര്‍ത്തിക്കണേയെന്ന് അവര്‍ പ്രാര്‍ഥിക്കുന്നുണ്ടാകും. 1966 ചെന്നൈ ദേശീയ കൗണ്‍സില്‍ യോഗം ലീഗ് ചരിത്രത്തിലെ നാഴികക്കല്ലാണ്. അതുവരെ കോണ്‍ഗ്രസുമായി ചേര്‍ന്നുമാത്രം തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന പാര്‍ട്ടി, നിലപാടുകളോട് യോജിപ്പുള്ള കക്ഷികളുമായി സഖ്യമാകാമെന്നു തീരുമാനിച്ചത് ആ യോഗത്തിലാണ്.
ഒരു വര്‍ഷത്തിനകം തന്നെ മാറ്റങ്ങളുണ്ടായി. കേരളത്തില്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായ ലീഗ് ആദ്യമായി മന്ത്രിസഭയില്‍ ഇടംനേടി. അരനൂറ്റാണ്ടിനിപ്പുറം രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്.
https://www.facebook.com/Malayalivartha























