മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം വീണ്ടും കോടതിയിലേക്ക്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് പാലിച്ചില്ല

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതി ഉദാസീനത കാട്ടിയെന്നും ആരോപിച്ചാകും ഹര്‍ജി.
അണക്കെട്ടിലെ ജലനിരപ്പ് സുപ്രീംകോടതി നിര്‍ദേശിച്ച 142 അടിയാകുമ്പോള്‍ ഷട്ടറുകള്‍ തുറക്കണമെന്ന ജല കമ്മിഷന്റെ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നു കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. കേന്ദ്രസര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ സമവായത്തിനുള്ള ശ്രമവും സമാന്തരമായി നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി.ജെ. ജോസഫുമാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതോടെ ജനത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഇ.എസ്. ബിജിമോള്‍ നല്‍കിയ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിനു മറുപടി പറയുകയായിരുന്നു ഇരുവരും. ജനങ്ങളുടെ ജീവനും സ്വത്തിനും പ്രഥമപരിഗണന നല്‍കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.
പ്രശ്‌നത്തില്‍ നിയമപരമായും രാഷ്ട്രീയമായും സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ചു കേരളത്തിന്റെ ആശങ്കയകറ്റാന്‍ പരമാവധി വെള്ളം കൊണ്ടുപോകണമെന്നു തമിഴ്‌നാടിനോടു നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതാണു നിലവില്‍ പ്രശ്‌നകാരണം. തമിഴ്‌നാടിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. തമിഴ്‌നാടിനു വെള്ളം നല്‍കുന്ന കാര്യത്തില്‍ കേരളത്തിന് എതിര്‍പ്പില്ല.
എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ മണ്ണിലായതിനാല്‍ ഭവിഷ്യത്തു നേരിടേണ്ടിവരുന്നതും ഇവിടെയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ച സാഹചര്യത്തില്‍, കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇന്നു ഡല്‍ഹിക്കു പോകുമ്പോള്‍ പ്രധാനമന്ത്രിയേയും കേന്ദ്ര ജലവിഭവമന്ത്രിയേയും കണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha