സിപിഐ സിപിഎമ്മിന്റെ തിരുമ്മല്‍ശക്തി..വയനാട്ടിലെ ഗതി അധോഗതി?

അരനൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായിരുന്ന സി.പി.ഐ, സി.പി.ഐയുടെ തിരുമ്മല്‍ ശക്തിയായി മാറിയെന്ന് വിമര്‍ശനം. സമ്മേളനങ്ങളുടെ അവലോക റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് സെക്രട്ടറി കാനത്തിനും കയ്യാളുകള്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്. കാനത്തിന്റെ നട്ടെല്ല് മുഖ്യമന്ത്രി പിണറായി വിജയന് അടിയറവച്ചിരിക്കുകയാണെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. അതിനെയൊക്കെ കശക്കിയെറിഞ്ഞാണ് കാനം വീണ്ടും സെക്രട്ടറി കസേരയില്‍ കയറിയിരുന്നത്. എന്നിട്ടും എല്ലാവരെയും ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും സി.പി.എമ്മിന്റെയും സര്‍ക്കാരിലെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നു. ഇങ്ങിനെ പോയാല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ എന്താകും അവസ്ഥയെന്ന് പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശങ്കയുണ്ട്. 2019ല്‍ രാഹുല്‍ വയനാട് മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായപ്പോഴേ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയും മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍പ്പറിയിച്ചിരുന്നു.
എന്നാല്‍ കോടതി വിധിയെ തുടര്‍ന്ന് രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയതിന് തൊട്ടുപിന്നാലെ യെച്യൂരിയും പിണറായിയും കോണ്‍ഗ്രസിന് കട്ടസപ്പോര്‍ട്ടുമായി രംഗത്തെത്തി. ഇത് സി.പി.ഐയ്ക്ക് ഒരുതരത്തില്‍ തിരിച്ചടിയാണ്. നിലവിലെ രാഷ്ട്രീയസാഹചര്യം അങ്ങനെയാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ഉന്നതര്‍ക്കെതിരെ ഇ.ഡി ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളിലെ അന്വേഷണം ശക്തമാക്കുകയും പിണറായി വിജയന്റെ അടുപ്പക്കാരനായ ഫാരിസ് അബൂബക്കറുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുകയും ചെയ്തത് സി.പി.എമ്മിന് തലവേദനയായിരുന്നു. അതില്‍ നിന്ന് അല്‍പനം ആശ്വാസം ലഭിക്കുന്നതാണ് രാഹുലിന്റെ നിലവിലെ അവസ്ഥ. അതുകൊണ്ടാണ് രാഹുലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചത്. അതുകൊണ്ട് വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ സി.പി.എം കാലുവാരുമോ എന്ന് സംശയമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി കൊടുക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും സി.പി.എം നടത്തിയേക്കും.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും എം.എല്‍.എയമായ ഇചന്ദ്രശേഖരനെ തെരഞ്ഞെടുപ്പ് ആഹ്‌ളാദപ്രകടനത്തിനിടെ ചിലര്‍ ആക്രമിച്ച കേസില്‍ സാക്ഷികളായ സി.പി.എം നേതാക്കള്‍ അടുത്തിടെ കൂറുമാറിയിരുന്നു. അതോടെ പ്രതികളെ കോടതി വെറുതെ വിട്ടു. ഈ വിഷയം ഗൗരവമായി കാണാന്‍ സി.പി.എം നേതൃത്വം തയ്യാറായില്ല. ഇ.ചന്ദ്രശേഖരന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ എല്ലാവിധത്തിലും സംസ്ഥാന സര്‍ക്കാരിനെ ഞെരുക്കുകയാണെന്നും സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത സി.പി.ഐയ്ക്കുണ്ടെന്നും കാനം വിമര്‍ശകര്‍ക്ക് മറുപടിയായി സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ യു.ഡി.എഫ് നിയമസഭയെ ഉപയോഗിക്കുകയാണെന്നും കാനം ചൂണ്ടിക്കാട്ടി. വെളിയം ഭാര്‍ഗവനും സി.കെ ചന്ദ്രപ്പനും സെക്രട്ടറി പദത്തിലിരുന്നപ്പോള്‍ ഇത്തരത്തിലുള്ള അഴകൊഴമ്പന്‍ നിലപാടുകളല്ല സ്വീകരിച്ചിരുന്നതെന്ന് ചിലനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പ്രായം കൊണ്ട് മൂത്തത് സി.പി.ഐ ആണെങ്കിലും വല്യേട്ടന്‍ സി.പി.എമ്മാണ്. അവരുടെ ആശ്രിതവത്സലനായി സി.പി.ഐ മാറിയത് കാനം നേതൃത്വത്തിലെത്തിയ ശേഷമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാനത്തിന് നട്ടെല്ലുണ്ടായിരുന്നു. റിസോര്‍ട്ട് വിവാദത്തില്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന നിലപാടാണ് കാനം അന്ന് സ്വീകരിച്ചത്. ക്യാബിനെറ്റില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ അന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
ഇത്തരത്തില്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും തിരുത്തി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നതാണ്. പിന്നീട് കാനത്തിന് എന്ത് പറ്റിയെന്ന് ഒരുപിടിയുമില്ല. പിണറായി ഇരിക്കാന്‍ പറഞ്ഞാല്‍ കാനം സാഷ്ടാംഗം വീണ് പ്രണമിക്കും അങ്ങനെയായി കാര്യങ്ങള്‍. സി.പി.ഐ മൂവാറ്റുപുഴ എം.എല്‍.എ ആയിരുന്ന എല്‍ദോസ് എബ്രഹാമിന്റെ കൈ പിണറായി പോലീസ് തല്ലിചതച്ചപ്പോള്‍, സമരത്തിന് പോയാല്‍ അടികിട്ടും എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതോടെ കാനത്തിനെതിരെ പല ജില്ലാ കമ്മിറ്റികളില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇപ്പോഴും കാനം വിചാരിക്കുന്നതിടത്ത് കൊല്ലം എത്തുന്നില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കൊല്ലത്തെ സി.പി.ഐക്കാര്‍ നടത്തുന്നത്.
മുഖ്യമന്ത്രിക്ക് 42 വാഹനങ്ങളുടെ അകമ്പടി എന്തിനാണെന്ന് കഴിഞ്ഞ ജൂലായില്‍ നടന്ന സി.പി.ഐ തിരുവനന്തപുരം സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു. ജനങ്ങളില്‍ നിന്ന് വഴിമാറിയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും അദ്ദേഹത്തിന് എന്തിനാണിത്ര ആഢംബരമെന്നും പ്രതിനിധികള്‍ ചോദിച്ചിരുന്നു. താഴേതട്ടിലുള്ള നേതാക്കള്‍ കാണിക്കുന്ന ഈ ആര്‍ജ്ജവം പോലും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. അതുകൊണ്ട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചാലും കാനവും ടീമും കയ്യുംകെട്ടി നോക്കിനില്‍ക്കേണ്ടിവരുമെന്നാണ് എതിര്‍ചേരി പറയുന്നത്. അവരിക്കാര്യം തുറുപ്പുചീട്ടാക്കാനും ആലോചിക്കുന്നു. അതുകൊണ്ട് വയനാട് കോണ്‍ഗ്രസിന് മാത്രമല്ല സി.പി.ഐയ്ക്കും തലവേദനയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















