രാഹുലിനെ വിട്ടേക്കാൻ പിണറായിയുടെ അന്ത്യശാസനം ! പ്രണയത്തിന് 24 മണിക്കൂർ ആയുസ്

രാഹുൽ ഗാന്ധിയോടുളള പ്രണയം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അണികൾക്ക് നിർദ്ദേശം നൽകി. രാഹുൽ ഗാന്ധിയെ പ്രകീർത്തിക്കുന്ന എഴുത്തുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാനും രാഹുൽ ഗാന്ധിയെ പഴയ പോലെ രാഷ്ട്രീയ പ്രതിയോഗിയാക്കി മാറ്റി നിർത്താനുമാണ് തീരുമാനം.പാർട്ടി വിശദമായ കൂടിയാലോചനക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അതായത് പിണറായി - രാഹുൽ പ്രണയത്തിന് 24 മണിക്കൂറിൻ്റെ ആയുസ് പോലുമുണ്ടായിരുന്നില്ലെന്ന് ചുരുക്കം.
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്ന വാർത്തയാണ് സി പി എ മ്മിനെ വെട്ടിലാക്കിയത്.വയനാട്ടിൽ തിരഞ്ഞടുപ്പിന് കളം ഒരുങ്ങുകയാണ്. കോടതി വിധി വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കോൺഗ്രസ് അപ്പീൽ പോകാത്തത് തിരഞ്ഞെടുപ്പിന് കളം ഒരുക്കും. ബി ജെ പിയും ഇതു തന്നെയാണ് ആഗ്രഹിക്കുന്നത്. വയനാട്ടിൽ തിരഞ്ഞെടുപ്പ് വന്നാൽ ഇടതുപക്ഷം ജയിക്കും. അതോടെ കോൺഗ്രസിൻ്റെ കഥ കഴിയുമെന്ന് ബി ജെ പി കരുതുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിയെ ഇടതുപാർട്ടികളടക്കം ഒറ്റക്കെട്ടായി എതിർക്കുമ്പോൾ, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയ തലത്തിൽ ഏറെ ശ്രദ്ധേയമാകും. വയനാട്ടിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി സി.പി.ഐയാണ്. ദേശീയതലത്തിൽ രാഹുലിന് പൂർണ പിന്തുണയാണ് സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയത് . രാഹുലിനെതിരായ കേസും അയോഗ്യനാക്കലുമൊക്കെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ യോജിപ്പിനെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് മണിക്കൂറുകൾ മുമ്പ് വരെ കണ്ടത്.
സി.പി.എമ്മും സി.പി.ഐയും ശക്തിയുക്തം രാഹുലിന്റെ കാര്യത്തിലുണ്ടായ ജനാധിപത്യ ധ്വംസനത്തെ അപലപിക്കുമ്പോൾ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയാന്തരീക്ഷം എങ്ങനെയാകുമെന്നതാണ് കൗതുകമുണർത്തുന്നത്. ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ വന്ന് എൽ.ഡി.എഫിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുനേതാക്കൾ ചോദിച്ചിരുന്നു.രാഹുലിനായി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടുമ്പോൾ വയനാട്ടിൽ ഉപ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുമ്പോൾ എന്തു സംഭവിക്കുമെന്നാണ് ചോദ്യം.
എന്നാൽ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കേണ്ട മാനസികാവസ്ഥയിലല്ല ഇപ്പോഴെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതിനിടയിൽ വയനാട്ടിൽ കോൺഗ്രസിന് പിന്തുണ നൽകണമെന്ന് സി പി എമ്മിനോട് കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു.ഈ ആശയത്തെ ബി ജെ പി സ്വാഗതം ചെയ്തതോടെയാണ് സി പി എം വെള്ളത്തിലായത്. അങ്ങനെയാണ് രാഹുൽ പ്രണയം അവസാനിപ്പിക്കാൻ പിണറായിയും ഗോവിന്ദൻ മാഷും അണികൾക്ക് നിർദ്ദേശം നൽകിയത്.
കേരളത്തിൽ സി പി എമ്മിൻ്റെ വിരുദ്ധ ചേരിയിലാണ് കോൺഗ്രസ്. നിയമസഭ പോലും നടത്താനാവാത്ത തരത്തിൽ സർക്കാർ പ്രതിസന്ധിയിലായിരുന്നു. അതിൻെറ പിറ്റേന്നാണ് രാഹുലിൻ്റെ പേരിൽ എല്ലാവരും ഒന്നായത്.
വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ്. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങൾക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം. തിരുവമ്പാടിയിലും നിലമ്പൂരിലും നിലവിൽ ഇടത് എം.എൽ.എമാരാണെങ്കിലും യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇവയും.രാഹുൽഗാന്ധിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 4,31,770 വോട്ടുകളാണ്. രാഹുൽ 7,06,367 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ സി.പി.ഐയിലെ പി.പി. സുനീർ 2,74,597 വോട്ടുകൾ നേടി. മൂന്നാമതെത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് 59,816 വോട്ടുകളാണ്.
രാഹുൽ ഗാന്ധിയുടെ വയനാട്ടെ ഓഫീസ് അടിച്ചു തകർത്തത് ഏതാനും മാസങ്ങൾക്ക് മുമ്പ് സി പി എം പ്രവർത്തകരാണ്. ഇതാണ് രാഹുൽ സി പി എമ്മിൽ നിന്നും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബിജെപി സർക്കാരിനെ സുഖിപ്പിക്കാൻ പിണറായി വിജയൻ്റെ അറിവോടെ നടന്ന ആക്രമണമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്നതെന്നതെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു. ഏതായാലും അത് ബി ജെ പി ക്ക് ഇഷ്ടപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്താൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് പിണറായി വിരുദ്ധർക്ക് അറിയാമായിരുന്നു. ഇത് പ്രധാനമന്ത്രിയും ബി ജെ പി യും പിണറായിയും തമ്മിലുള്ള കൂട്ടുകെട്ടായി വ്യാഖാനിക്കപ്പെടുമെന്നും പിണറായി വിരുദ്ധർ കരുതിയിരിക്കണം. അതായിരുന്നു അടവ്.
2018 ൽ പിണറായി സർക്കാർ തന്നെ പുറത്തിറക്കിയ ഒരു ഉത്തരവാണ് സുപ്രീം കോടതി ശരിവച്ച് തുടർ നടപടികളിലേക്ക് പ്രവേശിച്ചത്. പൂര്‍ണമായും സുപ്രീം കോടതിയുടെ വിവേചനാധികാരത്തില്‍ നില്‍ക്കുന്ന ഒരു വിഷയത്തിലാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബഫര്‍ സോണില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവിലുളളത്. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് എസ്എഫ്ഐ സംഘം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്.
സംസ്ഥാനത്തെ എല്ലാവന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കണമെന്ന് കാണിച്ച് സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. പൊതുജനതാല്‍പര്യാര്‍ത്ഥം ഈ ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാം. ഈ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശുപാര്‍ശ സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ്. അതായത് ബഫര്‍ സോണ്‍ വിഷയത്തില്‍ ഇനി പരിഹാര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു.. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം കേന്ദ്ര മന്ത്രിയെ കാണണമെന്ന് കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു . എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. പകരം ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയങ്ങള്‍ക്ക് സമാനമായ പ്രക്ഷോഭം മുന്നില്‍ കണ്ട ഇടതുമുന്നണി വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വിഷയം കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ച നടപടിയും ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട് ഏറ്റെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ അക്രമം നടത്തിയത്.
ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. രാഹുൽ കേന്ദ്രത്തിന് കത്തയച്ചാൽ ഒന്നും സംഭവിക്കുകയില്ലെന്ന് എല്ലാവർക്കുമറിയാം.
എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടു പറ്റി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ചർച്ച ചെയ്തിരുന്നു. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. ബഫർ സോൺ കൂടുതൽ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് അന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്. പൊലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നുതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എസ് എഫ് ഐ നടത്തിയ ആക്രമണത്തിൽ സി പി എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മോദിയെ കൈയിലെടുക്കാനുള്ള പിണറായിയുടെ തന്ത്രമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.
യഥാർത്ഥത്തിൽ ബഫർസോൺ വിഷയത്തിൽ എസ് എഫ് ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു.. പിണറായി സർക്കാരാണ് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോണാക്കണമെന്ന് 2019 ശുപാർശ ചെയ്തത്. രാഹുലിൻ്റെ ഓഫീസ് ആക്രമണത്തിൽ അതിശക്തമായ വിമർശനമാണ് സീതാറാം യച്ചൂരിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവം നടന്നയുടൻ അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. തൻ്റെ പ്രതിഷേധം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാർട്ടികൾ തമ്മിൽ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി അപലപിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ലെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. കാരണം ഒരു സാധാരണ നേതാവല്ല രാഹുൽ ഗാന്ധി. പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിൻ്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ല. അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണെന്ന് ആരോപണം ഉയർന്നു. കേരളത്തിലെ സി പി എം, ബി.ജെ.പിക്ക് ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമമെന്നും ആക്ഷേപം ഉയർന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിക്കെതിരായി ബി.ജെ.പി ശക്തമായ പ്രചരണങ്ങൾ നടത്തുകയാണ്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെ നിത്യ സന്ദർശകയാണ്. രാഹുൽ ഗാന്ധിയെ ദേശീയ തലത്തിൽ തന്നെ ബി ജെ പി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാം സി.പി.എം ചൂട്ട് പിടിക്കുന്നതിൻ്റെ ആദ്യപടിയായി അക്രമത്തെ കാണണമെന്ന് ആക്ഷേപം ഉയർന്നു.
കേരളത്തിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിൻ്റെ വസതിക്ക് മുമ്പിൽ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാർട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികൾ നോക്കി നിൽക്കില്ലെന്നാണ് കോൺഗ്രസ് പറഞത്.. . ജനപ്രതിനിധികൾക്കും ഓഫിസിനും സംരക്ഷണം നൽകാൻ കേരള പോലീസിന് കഴിയുന്നില്ലെങ്കിൽ അത് യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടി വരുമെന്നും കെ.സുധാകരൻ പ്രതികരിച്ചു.
ഇഡി രാഹുലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സി പി എം അദ്ദേഹത്തിൻ്റെ ഓഫീസ് അടിച്ചു തകർത്തത്. ഇത് രാജ്യത്തെ തന്നെ ഞെട്ടിച്ചു.ബി ജെ പി കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി. കേന്ദ്ര സർക്കാർ ഇതിൻ്റെ വിശദീകരണം വയനാട് ജില്ലാ കളക്ടറിൽ നിന്നും ശേഖരിച്ചിരുന്നു.
പിണറായിക്കെതിരെയുള്ള നീക്കങ്ങൾ സി പി എമ്മിൽ ശക്തമായിട്ടു വർഷങ്ങളായി. പിണറായിയുടെ അപ്രമാദിത്വത്തിലുള്ള അസഹ്യതയാണ് ഇവരെ നയിക്കുന്നത്. ഇതിൽ തോമസ് ഐസക്കും കെ സുധാകരനുമുണ്ട്. പാർട്ടി എല്ലാ കാലത്തും തൻ്റെ കൈയിലിരിക്കുമെന്ന ആത്മവിശ്വാസമാണ് പിണറായിക്ക് വിനയായത്. അദ്ദേഹം കോടിയേരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം ഭരണത്തിൽ നിന്നും അകറ്റി നിർത്തി. താൻ തീരുമാനിക്കുന്നതാണ് സർക്കാർ നയമെന്ന് ഊറ്റം കൊണ്ടു. സ്വർണ്ണ കടത്ത് ആരോപണം ഉയർന്നിട്ടും രണ്ടാമതും അധികാരത്തിലെത്തിയത് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചു. എന്നാൽ സ്വർണ്ണ കടത്തുകാർ വീണ്ടും സജീവമായി. ഇത് പിണറായിക്കെതിരായ ആസൂത്രണ നീക്കമായി മാറി. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ തല വെട്ടിയതും രാഹുലിൻ്റെ ഓഫീസിലെ ഗാന്ധി ചിത്രം എടുത്ത് നിലത്തിട്ടതും സി പി എമ്മിന് സംഭവിച്ച ഗുരുതര പിഴവായി. ഇതിൽ നിന്നും തനിക്ക് എതിരായ നീക്കങ്ങൾ ശക്തമാണെന്ന് പിണറായി കരുതുന്നു. എന്നാൽ ഗാന്ധി ചിത്രം കളഞ്ഞത് രാഹുലിൻ്റെ ജീവനക്കാരാണെന്ന് സി പി എം വരുത്തി തീർത്തു.
വയനാട് തിരഞ്ഞടുപ്പിൽ ജയിക്കേണ്ടത് സി പി എമ്മിൻ്റെ ധാർമ്മിക വെല്ലുവിളിയാണ്. കോൺഗ്രസിന് അവിടെ മത്സരിക്കാൻ നിരവധി പേരുണ്ട്. സി പി ഐ മത്സരിച്ചാൽ വയനാട്ടിൽ ജയസാധ്യത കുറവാണ്. അതിനാൽ സി പി എം സീറ്റ് ഏറ്റെടുത്തേക്കും. അതു കൊണ്ടു തന്നെ ഇനി ഇലക്ഷൻ കാലമാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസും ഇടതുപാർട്ടികളുടെ ശത്രുവായിരിക്കും
https://www.facebook.com/Malayalivartha






















