ചന്ദ്രബോസ് വധക്കേസ് വിചാരണക്കിടെ പ്രതി മുഹമ്മദ് നിസാം കുറ്റം നിഷേധിച്ചു

ചന്ദ്രബോസ് വധക്കേസ് വിചാരണക്കിടെ പ്രതി മുഹമ്മദ് നിസാം കുറ്റം നിഷേധിച്ചു. തന്റെ വാഹനം ചന്ദ്രബോസിനെ ഇടിച്ചതാണന്ന് കോടതിയില്‍ സമ്മതിച്ചുവെങ്കിലും ഇത് മന:പൂര്‍വമല്ലെന്നാണ് നിസാമിന്റെ വാദം. സംഭവസ്ഥലത്തുണ്ടായിരുന്ന ഹമ്മര്‍ വാഹനം തന്റേത് തന്നെയാണ്. എന്നാല്‍ താന്‍ ചന്ദ്രബോസിനെ ആക്രമിക്കുകയോ മര്‍ദിക്കുകയോ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയോ ചെയ്തിട്ടില്ല. ചന്ദ്രബോസിനെ ആക്രമിച്ചുവെന്ന സാക്ഷിമൊഴികള്‍ കള്ളമാണ്. ചന്ദ്രബോസും അനൂപും ചേര്‍ന്ന് തന്നെ ആക്രമിക്കുകയാണുണ്ടായതെന്നും നിസാം പറഞ്ഞു
തന്റെ ഭാര്യ സംഭവസ്ഥലത്ത് വന്നതും ചന്ദ്രബോസിനെ കാറില്‍ കയറ്റിക്കൊണ്ട് പോയി എന്നതും ശരിയാണ്. എന്നാല്‍ അത് വലിച്ചിഴച്ചായിരുന്നില്ല. അവിടെ തര്‍ക്കമോ കയ്യേറ്റമോ ഉണ്ടായിട്ടില്ല. മര്‍ദിക്കാന്‍ ഉപയോഗിച്ചതാണെന്ന് പറഞ്ഞ് കോടതിയില്‍ കാണിച്ച ബാറ്റണ്‍ താന്‍ ഉപയോഗിച്ചിട്ടില്ല. സെക്യൂരിറ്റി കാബിന്‍ അടിച്ചു തകര്‍ക്ക്ുകയോ സാധനങ്ങള്‍ വാരിവലിച്ചിടുകയോ ചെയ്തിട്ടില്ല. ഇത്തരം സാക്ഷിമൊഴികള്‍ കള്ളമാണ് എന്നും നിസാം കോടതിയില്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നിസാമിനെ ചോദ്യംചെയ്യല്‍ തുടരുകയാണ്.
കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണം എന്നാവശ്യപ്പെട്ട് നേരത്തേ നിസാം ഹൈകോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചിലുള്ള കേസ് ഈ മാസം ഏഴിന് ജസ്റ്റിസ് അവധിയായതിനാല്‍ ജസ്റ്റിസ് കെ. രാമകൃഷ്ണപ്പിള്ളയാണ് കേസ് പരിഗണിച്ചത്. നിസാമിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, പിറ്റേന്ന് സര്‍ക്കാരിന്റെ ആവശ്യപ്രകാരം അവധി കഴിഞ്ഞെത്തിയ ജസ്റ്റിസ് കെമാല്‍ പാഷ കേസ് വീണ്ടും പരിഗണിച്ചു. സുപ്രീംകോടതി നീരീക്ഷണത്തിലുള്ള കേസാണിത്. ജനുവരി 31നകം വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ നിസാമിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സ്‌റ്റേ ആവശ്യം കോടതി തള്ളി. ഇതേ തുടര്‍ന്നാണ് ഇന്ന് സെഷന്‍സ് കോടതിയില്‍ നിസാമിന്റെ വിചാരണ ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha