ഷാരൂഖ് ഒന്നൊന്നര മുതല്‍... യൂട്യൂബും സമൂഹമാധ്യമ അക്കൗണ്ടുകളും വഴി പ്രതിയിലേക്കെത്താനുള്ള സാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നു; 'ഷാരൂഖ് സെയ്ഫി'സ് കാര്‍പെന്ററി' എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ ഒട്ടേറെ വിഡിയോകള്‍; കോഴിക്കോട് നിന്ന് 4 പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ദില്ലിയിലേക്ക്

കോഴിക്കോട് ടെയിനില്‍ തീവച്ച കേസിലെ പ്രതിയ്ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യൂട്യൂബും സമൂഹമാധ്യമ അക്കൗണ്ടുകളും വഴി പ്രതിയിലേക്കെത്താനുള്ള സാധ്യത അന്വേഷണസംഘം പരിശോധിക്കുന്നു. എലത്തൂരില്‍ ട്രെയിനില്‍ തീവച്ച സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട പുസ്തകത്തില്‍ എഴുതിയ പേരുകളിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളാണു കണ്ടെത്താന്‍ ശ്രമിക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട പുസ്തകത്തില്‍ രേഖപ്പെടുത്തിയ 'ഷാരൂഖ് സെയ്ഫി'സ് കാര്‍പെന്ററി' എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ ഒട്ടേറെ വിഡിയോകളുണ്ട്. ഈ വിഡിയോകളില്‍ 'മേഡ് എ ക്രോക്കറി അലമാര' എന്ന തലക്കെട്ടോടുകൂടിയ ഒരു വിഡിയോ കഴിഞ്ഞ ഒക്ടോബര്‍ 22ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊഴി നല്‍കിയ പ്രധാന സാക്ഷിയെ പൊലീസ് ഈ വിഡിയോ കാണിച്ചിരുന്നു.
വിഡിയോയിലുള്ള യുവാവായിരിക്കാം ട്രെയിനില്‍ കണ്ടതെന്ന സംശയം ഇയാള്‍ പൊലീസിനോടു പങ്കുവച്ചിരുന്നു. വിഡിയോയില്‍ പറയുന്ന അതേ അളവിലുള്ള അലമാരയുടെ രേഖാചിത്രവും അളവുകളും ഉപേക്ഷിക്കപ്പെട്ട പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, ഈ വിവരം പുറത്തുവന്നതോടെ യൂട്യൂബ് ചാനലിലെ വിഡിയോകള്‍ക്കുതാഴെ മലയാളികള്‍ കൂട്ടത്തോടെ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഷാരൂഖ് സെയ്ഫി എന്ന പേരില്‍ ഫെയ്‌സ്ബുക്കിലുള്ള അക്കൗണ്ടുകളിലെ മുഖചിത്രങ്ങളുമായി രേഖാചിത്രങ്ങള്‍ ഒത്തുനോക്കുന്നുമുണ്ട്.
എലത്തൂരില്‍ ട്രെയിനില്‍ തീവയ്പ് നടത്തിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഫോണില്‍ നിന്ന് അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സിം ഊരി മാറ്റിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഫോണില്‍ മുന്‍പ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ സിം കാര്‍ഡിലുള്ള നമ്പര്‍ ഏറ്റവുമൊടുവില്‍ ഉപയോഗിച്ചത് മാര്‍ച്ച് 31ന് ഹരിയാനയിലായിരുന്നു.
ഡല്‍ഹി ഷഹീന്‍ബാഗിലെ വിലാസത്തിലുള്ള സിം കാര്‍ഡാണിത്. ഫാറൂഖിന്റെ (23) പേരിലാണ് സിം. 2018 മാര്‍ച്ച് ഒന്നിനാണ് സിം എടുക്കാനുള്ള അപേക്ഷ നല്‍കിയത്. അന്വേഷണ സംഘം ഡല്‍ഹി സൈബര്‍ പൊലീസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വ്യാജ വിലാസം നല്‍കിയാണോ സിംകാര്‍ഡ് സംഘടിപ്പിച്ചതെന്നു സംശയമുണ്ട്.
അതേസമയം ട്രെയിനിലെ തീവെപ്പ് കേസ് അന്വേഷിക്കാനായി കോഴിക്കോട് നിന്നുളള നാല് പൊലീസ് ഉദ്യോഗസ്ഥര്‍കൂടി ദില്ലിയിലേക്ക് തിരിച്ചു. രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ദില്ലിയില്‍ എത്തുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ്സും ദില്ലിയിലും നോയ്ഡയിലും അന്വേഷണം നടത്തി വരികയാണ്. അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്.
തീവയ്പ് നടന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ 3 യാത്രക്കാരുടെ മരണത്തിനിടയാക്കിയതെന്ത് എന്നതില്‍ അവ്യക്തത തുടരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമാണു നൗഫീഖ്, റഹ്‌മത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ട്രാക്കിലെ ക്രോസിങ്ങില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ ഏതാനും മീറ്ററുകള്‍ അകലത്തിലാണ് കിടന്നിരുന്നത്. 2 വയസ്സുകാരി സെഹ്‌റ ബത്തൂലിന്റെ മൃതദേഹം കണ്ടത് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കടന്നുപോയ അതേ ട്രാക്കിലാണ്.
എല്ലാവരും പുറത്തേക്കു വീണത് കണ്ണൂര്‍ ഭാഗത്തേക്കു പോവുന്ന ട്രെയിനിന്റെ വലതുവശത്തെ വാതിലിലൂടെയാണ്. 2 പേരുടെയും തലയില്‍ എതിര്‍വശത്തെ പാളത്തില്‍ ഇടിച്ച് രക്തം വാര്‍ന്നതിന്റെ പാടുകളുണ്ട്. സെഹ്‌റ ബത്തൂലിന്റെ മൃതദേഹം മാത്രം എങ്ങനെ പാളത്തിനകത്തുവന്നു എന്നു വ്യക്തമല്ല. കാലിനേറ്റ വലിയ മുറിവില്‍നിന്നു രക്തം വാര്‍ന്നുപോയാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണു സൂചന.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷവും കുട്ടിയുടെ ശരീരത്തിന്റെ ചൂട് വിട്ടിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകടത്തില്‍ കുട്ടി ആദ്യം മരിച്ചിരുന്നില്ലെന്നും പിറകെവന്ന ഏതെങ്കിലും ട്രെയിനിടിച്ചായിരിക്കാം മരണമെന്നുമുള്ള സംശയത്തിന് ഇട നല്‍കുന്നത് ഇതാണ്.
"
https://www.facebook.com/Malayalivartha
























