തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ചത് തികഞ്ഞ അനാസ്ഥ

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തവും മറ്റൊരു അനാസ്ഥയുടെ ഫലം. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ നിറച്ചുകൊണ്ടിരിക്കെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു. റോഡില്‍ നിന്ന് അര കിലോമീറ്റര്‍ മാറിയുണ്ടായിരുന്ന അഞ്ച് വെടിക്കെട്ട് പുരകളും പൊട്ടിത്തെറിച്ചു.ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല. പാടത്തു കൂടി ഓടി നാട്ടുകാര്‍ സ്ഥലത്തെത്താന്‍ ഏറെ ക്ലേശം സഹിച്ചു. നാട്ടുകാരും മാധ്യമപ്രവര്‍കരും ഓടിയെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. ഒരു മണിക്കൂറോളം തുടര്‍സ്‌ഫോടനങ്ങള്‍ നടന്ന സാഹചര്യത്തില്‍ ഒരാളെപ്പോലും പുറത്തെടുക്കാന്‍ സാധിച്ചില്ല. കൊടുംചൂടില്‍ വെടിമരുന്നു സാമഗ്രികള്‍ക്ക് തനിയെ തീ പിടിച്ചതാകാനാണ് സാധ്യതകള്‍.
വെടിക്കെട്ടുപുരയില്‍ എത്ര പേരുണ്ടായിരുന്നു എന്നതില്‍പോലും വ്യക്തതയുണ്ടായില്ല. ഉച്ചയ്ത്ത് നാല്‍പതു പേര്‍ക്ക് വെടിക്കെട്ടുപുരയിലേക്ക് ഭക്ഷണം എത്തിച്ചുവെന്ന ഹോട്ടല്‍ ജീവനക്കാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥളത്ത് 40 പേര്‍ എന്ന നിഗമനമുണ്ടായത്.
അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ചെറുതായതിനാല്‍ ഫയര്‍ഫോഴ്സിന് ഇവിടേയ്ക്കെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. വലിയൊരു പാടശേഖരത്തിന്റെ കരയിലായാണ് വെടിക്കെട്ട് നിര്‍മ്മാണശാല സ്ഥിതിചെയ്തിരുന്നത്. ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചുവീണു പൊട്ടിത്തെറിക്കുന്ന ഭീകരസാഹചര്യമാണ് നിലവിലുള്ളത്. കിലോമീറ്റര്‍ ദൂരെ നിന്നുപോലും സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു എന്ന് ആളുകള്‍ പറയുന്നു. സ്‌ഫോടനത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് 24ന് നടക്കാനിരിക്കെയാണ് അപകടം. കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിനുശേഷം കഴിഞ്ഞയാഴ്ച ശിവകാശിയിലുണ്ടായ വന്‍ദുരന്തത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് തൃശൂര്‍ പൂരത്തിനു മുന്നോടിയായി അടുത്ത ദുരന്തം സംഭവിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങല്‍ ദുരന്തം ഇതിലും എത്രയോ മടങ്ങ് ഭീതിതമായിരുന്നു. 2016 ഏപ്രില്‍ പത്തിന് പുലര്‍ച്ചെ 3.17ന് ആയിരുന്നു സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടം സംഭവിച്ചത്. ദുരന്തം നടന്ന് 7 വര്‍ഷത്തിനിപ്പുറവും ആ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം സമാനതകളില്ലാത്തതായിരുന്നു. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉല്‍സവത്തിനു സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 118 പേരാണ് കൊല്ലപ്പെട്ടത്. 720 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 151 പേരുടെ മുറിവുകള്‍ ഗുരുതരമായിരുന്നു. കൈയും കാലും ചെവിയും കാഴ്ചയും നഷ്ടപ്പെട്ടവരാണ് ഇവരില്‍ പലരും. ക്ഷേത്രപരിസരത്തെ മുന്നൂറോളം വീടുകള്‍ക്കും കേടുപാടുണ്ടായി.കരാറുകാര്‍ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാന്‍ വച്ചിരുന്ന പടക്കങ്ങളിലേക്ക് വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം അപ്പാടെ തകര്‍ന്നു. ഇതിന്റെ കോണ്‍ക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് അനവധി പേര്‍ മരിച്ചത്. കേരളത്തെ നടുക്കിയ മറ്റൊരു വെടിക്കെട്ടു ദുരന്തമായിരുന്നു കൊല്ലം പോരുവഴി മലനട ക്ഷേത്രത്തിലുണ്ടായത്.
കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ 1990 മാര്‍ച്ച് 23-ന് വെടിക്കെട്ടുപുരയ്ക്ക് തീപിടിത്തം ഉണ്ടായി 33 പേര്‍ മരിച്ച ദുരന്തമാണ് മലനട വെടിക്കെട്ട് ദുരന്തം. 80-ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.2006 ല്‍ തൃശ്ശൂര്‍ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.2011ല്‍ ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു 13 പേരും 1999ല്‍ പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ എട്ടു പേരും 1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ പൊട്ടിത്തറിയില്‍ 13 മരണവും സംഭവിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും.
https://www.facebook.com/Malayalivartha
























