രണ്ടു വയസ്സുകാരനെ രക്ഷിച്ച് എട്ടുവയസ്സുകാരി.... കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേര്‍ത്ത് എട്ടു വയസ്സുകാരി

രണ്ടു വയസ്സുകാരനെ രക്ഷിച്ച് എട്ടുവയസ്സുകാരി.... കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേര്‍ത്ത് എട്ടു വയസ്സുകാരി. ആ കുഞ്ഞു മനസ്സ് പതറിയില്ല. അവസരോചിതമായ ഇടപെടല്‍ കുഞ്ഞനുജനെ രക്ഷിക്കാനായി.
മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അതിസാഹസികമായി അനുജന്‍ ഇവാന്റെ (അക്കു) പ്രാണന്‍ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്.
മാതാവ് ഷാജില മുറ്റത്തു പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും അയയില്‍ നിന്നു വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ അവരുടെ കണ്ണു വെട്ടിച്ചാണ് ഇവാന്‍ കിണറിനടുത്തുള്ള പമ്പില്‍ ചവിട്ടി, ഇരുമ്പുമറയുള്ള കിണറിനു മുകളില്‍ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകര്‍ന്ന് കിണറ്റിലേക്ക് കുട്ടി വീണു. 20 അടിയിലേറെ താഴ്ചയുള്ള കിണറിലാണ് കുഞ്ഞ് വീണത്.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിനടിയില്‍ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെ കണ്ടു. പിന്നെയൊന്നും ചിന്തിക്കാതെ നിമിഷങ്ങള്‍ക്കകം കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊര്‍ന്നിറങ്ങി ഇവാനെ പിടിച്ചുയര്‍ത്തി മാറോടു ചേര്‍ത്തു.
മറ്റേ കൈകൊണ്ടു പൈപ്പില്‍ പിടിച്ചു കിടന്നു. ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരായ അഖില്‍ ചന്ദ്രന്‍, ബിനോയി, അതിഥിത്തൊഴിലാളി മുന്ന എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു കുട്ടികളെയും കിണറ്റില്‍ നിന്നു പുറത്തെടുത്തു. തലയില്‍ ചെറിയ മുറിവേറ്റ ഇവാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ആശങ്ക വേണ്ടെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ദിയയ്ക്കു പരുക്കില്ല. ഇവാന്റെ പിതാവ് ആലപ്പുഴ സ്വദേശി സനല്‍ എരുമേലിയിലെ ജോലി സ്ഥലത്തായിരുന്നു. ദിയ വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് .
"
https://www.facebook.com/Malayalivartha
























