വേനല്‍ക്കാല അവധി... വയനാട്ടില്‍ സഞ്ചാരികളുടെ ഒഴുക്ക്...

മഴയൊന്നും വകവയ്ക്കാതെ.... വേനല്‍ക്കാല അവധിയായതോടെ വയനാട് ജില്ലയില്‍ സഞ്ചാരികളുടെ ഒഴുക്ക്. ഡിടിപിസി, വനംവകുപ്പ്, കെഎസ്ഇബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്.
ഈസ്റ്റര്‍, വിഷു അവധി ദിവസങ്ങള്‍ എത്തുന്നതോടെ തിരക്ക് വര്‍ദ്ധിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ഉണ്ടായെങ്കിലും ഇതൊന്നും സഞ്ചാരികളുടെ വരവിനെ ബാധിച്ചതേയില്ല.
പ്രകൃതി സൗന്ദര്യത്തിനൊപ്പം ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതികളും നവീകരണപ്രവര്‍ത്തനങ്ങളുമെല്ലാം സഞ്ചാരികളുടെ ഇഷ്ട നാടായി ജില്ലയെ മാറ്റി. പ്രധാന വിനോദ കേന്ദ്രമായ പൂക്കോട് തടാകം, ബാണാസുരസാഗര്‍, കര്‍ലാട്, കാരാപ്പുഴ, കുറുവാ ദ്വീപ്, എടയ്ക്കല്‍ ഗുഹ, ചെമ്പ്രപീക്ക് എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്. 'എന്‍ ഊര്' ഗോത്ര പൈതൃക ഗ്രാമവും നിരവധിപേരെ ആകര്‍ഷിക്കുന്നുണ്ട്.
കര്‍ലാട് തടാകത്തില്‍ ജലധാര, കുട്ടികളുടെ പാര്‍ക്ക്, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, പ്രത്യേക വെളിച്ച സംവിധാനം എന്നിങ്ങനെ പുതുമയാര്‍ന്ന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം 1500ലധികം സഞ്ചാരികള്‍ കര്‍ലാട് എത്തി. കാരാപ്പുഴയിലും നവീന പദ്ധതികള്‍ നടപ്പിലാക്കി. വിദേശ ടൂറിസ്റ്റുകള്‍ കുറവെങ്കിലും ആഭ്യന്തര ടൂറിസം ജില്ലയില്‍ കുറച്ചുനാളായി വര്‍ധിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ ധാരാളം വരുന്നുണ്ട്.
https://www.facebook.com/Malayalivartha

























