കേരള സ്‌റ്റേറ്റ് ബോര്‍ഡ് ദുരുപയോഗം തടയാന്‍ നടപടി വാട്‌സാപ്പിലൂടെയും ഇ മെയിലിലൂടെയും പരാതി നല്‍കാം

അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും പിഴ ഈടാക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത നിയമപരിപാലനത്തില്‍ പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുന്ന തേര്‍ഡ് ഐ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ക്രമീകരണം.
വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാരസ്ഥാനങ്ങള്‍ എന്നിവയുടെ വാഹനങ്ങളില്‍ അതത് സ്ഥാപനങ്ങളുടെ ബോര്‍ഡ് മാത്രമാണ് പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ വാഹനങ്ങളില്‍ കേരള സ്‌റ്റേറ്റ് എന്ന ബോര്‍ഡ് വയ്ക്കാറുണ്ട്. ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതാണ്. കേരള സ്‌റ്റേറ്റ് ബോര്‍ഡ് അനധികൃതമായി പ്രദര്‍ശിപ്പിച്ചുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് വാട്ട്‌സ് ആപ്പിലൂടെയും ഇ മെയിലിലൂടെയും പരാതി നല്‍കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. 85476 39000 എന്ന നമ്പരിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ് സൈറ്റായ www.keralamvd.gov.in ലും ക്രമക്കേടുകള്‍ അറിയിക്കാം. വെബ്‌സൈറ്റില്‍ പരാതി നല്‍കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഗവര്‍ണര്‍, സംസ്ഥാന മന്ത്രിമാര്‍, തത്തുല്യപദവി വഹിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമാണ് കേരള സ്‌റ്റേറ്റ് ബോര്‍ഡ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഗവര്‍ണറുടെ വാഹനത്തില്‍ മുന്നിലും പിന്നിലും ഗവര്‍ണര്‍ ഓഫ് കേരള എന്നെഴുതിയ ബോര്‍ഡ് വയ്ക്കാം. മന്ത്രിമാരുടെ വാഹനങ്ങളില്‍ അവയുടെ റജിസ്‌ട്രേഷന്‍ നമ്പരിനൊപ്പം ഗവണ്‍മെന്റ് ഓഫ് കേരള എന്ന് എഴുതാം. മറ്റു വാഹനങ്ങളില്‍ ഇത്തരം ബോര്‍ഡുകള്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം പരാതി നല്‍കാം. വിവിധ വകുപ്പ് മേധാവികള്‍ക്ക് അവരുടെ ഔദ്യോഗിക വാഹനങ്ങളില്‍ പദവി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വയ്ക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് അവയുടെ പേരിന് താഴെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം എന്ന് രേഖപ്പെടുത്താം. സര്‍വകലാശാലകള്‍ക്ക് അവയുടെ വാഹനങ്ങളില്‍ ഇളം നീല നിറത്തിലെ ബോര്‍ഡില്‍ വെള്ള അക്ഷരങ്ങളില്‍ സ്ഥാപനത്തിന്റെ പേര് എഴുതാം. ചാന്‍സലര്‍മാരുടെ ഔദ്യോഗിക വാഹനങ്ങളിലും ഔദ്യോഗിക പദവി എഴുതിയ ബോര്‍ഡ് വയ്ക്കാം. ഗവര്‍ണറുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്കും റജിസ്‌ട്രേഷന്‍ വേണം. മന്ത്രിമാരുടെ വാഹനങ്ങളിലും അവയുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. കേരള സ്‌റ്റേറ്റ് എന്ന ബോര്‍ഡും ഔദ്യോഗിക നമ്പരും ഉപയോഗിക്കാമെങ്കിലും റജിസ്‌ട്രേഷന്‍ നമ്പര്‍ മറയ്ക്കാന്‍ പാടില്ലെന്നാണ് നിയമം.
എന്നാല്‍ വി.ഐ.പി. വാഹനങ്ങളില്‍ അവയ്ക്ക് പൊതുഭരണവകുപ്പ് നല്‍കുന്ന നമ്പര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് മോട്ടോര്‍വാഹനനിയമത്തിന്റെ ലംഘനമാണെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തില്‍ ചിഹ്നം മാത്രമാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കേരള സ്‌റ്റേറ്റ് നമ്പര്‍ 1 എന്ന ബോര്‍ഡും വയ്ക്കും.
ഈ വാഹനങ്ങളെല്ലാം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മറ്റുവാഹനങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ കെ.എല്‍. എന്ന് തുടങ്ങുന്ന സാധാരണ റജിസ്‌ട്രേഷന്‍ ലഭിക്കാറുണ്ട്. എന്നാല്‍ വി.ഐ.പി.കള്‍ യാത്ര ചെയ്യുമ്പോള്‍ ഈ റജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കാറില്ല. ഇത് നിയമവിരുദ്ധമാണെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha