സി.ഡി. വീണ്ടും പുകയുന്നു...ഷിബു ബേബി ജോണിന്റെ പേരു പറഞ്ഞത് സരിത നിര്‍ദ്ദേശിച്ചതിനാല്‍ ; സിഡിയില്‍ ഷിബു ബേബി ജോണ്‍ ഉണ്ടെന്ന് പറഞ്ഞതിന് ക്ഷമാപണം

വീണ്ടും സി.ഡി. കഥ കുഴഞ്ഞു മറിയുന്നു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ സോളാര്‍ കമ്മിഷന്‍ മുമ്പാകെ നല്‍കിയ മൊഴി പിന്‍വലിച്ചു ബിജു രാധാകൃഷ്ണന്‍ ക്ഷമാപണം നടത്തി. ഈ ക്ഷമാപണ കത്ത് ബിജു രാധാകൃഷ്ണന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വഴി കമ്മിഷനില്‍ സമര്‍പ്പിച്ചു. തന്റെ ഭാഗം ന്യായീകരിച്ചാണ് ബിജുവിന്റെ ക്ഷമാപണം. സരിതാ എസ് നായരെ കുറ്റപ്പെടുത്തുന്നുമുണ്ട്.
സോളാറില്‍ ബ്ലാക് മെയില്‍ രാഷ്ട്രീയം തുടരുന്നു എന്നതിന്റെ സൂചനയാണ് ഈ കത്തും. നേരത്തെ സരിതയുമായി തനിക്ക് ബന്ധമില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു. ബിജുവിനെതിരെ നിയമനടപടിയും പ്രഖ്യാപിച്ചു. കേസില്‍ കക്ഷി ചേരാന്‍ സോളാര്‍ കമ്മീഷനെ സമീപിക്കുക്കയും ചെയ്തു.
ഇതിനിടെയാണ് ബിജു രാധാകൃഷ്ണന്റെ ക്ഷമാപണം എത്തുന്നത്. അതില്‍ പറയുന്നത് ഇങ്ങനെ കഴിഞ്ഞ രണ്ടിനു നടന്ന വിസ്താരവേളയില്‍ ഞാന്‍ കണ്ടു എന്നു പറഞ്ഞ വിഡിയോ ദൃശ്യങ്ങളില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ദൃശ്യങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നു. നവംബര്‍ 12നു മൂവാറ്റുപുഴ കോടതിയില്‍ കണ്ടപ്പോഴും പിന്നീടു നടന്ന ഫോണ്‍ സംഭാഷണങ്ങളിലും ഷിബുവിന്റെ കാര്യം പറയണമെന്നും ദൃശ്യങ്ങള്‍ അവര്‍ തന്നെ തരാമെന്നു പറഞ്ഞതും സരിതയാണ്. അതിനാലാണ് അങ്ങനെ പറഞ്ഞത്. നേരിട്ട് അറിവില്ലാത്ത കാര്യത്തില്‍ അങ്ങനെ പറഞ്ഞതില്‍ കുറ്റബോധം ഉണ്ട്. മറ്റു പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനില്‍ക്കുന്നു. ആയതിനാല്‍ എന്റെ പരാമര്‍ശം പിന്‍വലിക്കുന്നു. കമ്മിഷനോടും മന്ത്രി ഷിബു ബേബി ജോണിനോടും പൊതുജനത്തോടും ഞാന്‍ മാപ്പു ചോദിക്കുന്നുവെന്നും ബിജു പറയുന്നു.
അതുകൊണ്ട് തന്നെ ഈ ആരോപണത്തില്‍ സരിതയുടെ നിലപാട് നിര്‍ണ്ണായകമാകും. വിഡിയോ ഇല്ലെന്ന് തീര്‍ത്ത് പറയാന്‍ സരിതയും തയ്യാറാകുന്നില്ല. മറിച്ച് തെളിവ് നല്‍കാമെന്ന തരത്തില്‍ ബിജുവിനോട് സംസാരിച്ചിട്ടില്ലെന്നാണ് സരിതയുടെ വാദം.
ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ചത്തെ കമ്മീഷന്‍ നടപടികള്‍ ഏറെ നിര്‍ണ്ണായകമാണ്. സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും അവസരം ലഭിക്കും. കഴിഞ്ഞ ദിവസം സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന ബിജുവിന്റെ അപേക്ഷ കമ്മിഷന്‍ അംഗീകരിച്ചില്ല. തനിക്കു വേണ്ടി ഹാജരാകാന്‍ ബിജു അഭിഭാഷകനെ നിയോഗിച്ച സ്ഥിതിക്ക്, ക്രോസ് വിസ്താരത്തിന് അവകാശം അഭിഭാഷകനാണ്. ബിജുവിന്റെ സാന്നിധ്യത്തിലോ അല്ലാതെയോ അഭിഭാഷകന് ഇതു ചെയ്യാമെന്നായിരുന്നു ഉത്തരവ്. ഈ സാഹചര്യത്തില്‍ ബിജുവിന്റെ അഭിഭാഷകനാകും ക്രോസ് വിസ്താരം ചെയ്യുക.
അതിനിടെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഭരണപക്ഷ നേതാക്കള്‍ സരിതയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്നതിന്റെ തെളിവുകള്‍ ഹാജരാക്കുമെന്ന് ആവര്‍ത്തിച്ച് ബിജു രാധാകൃഷ്ണന്‍ സജീവമാണ്. ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഹാജരായപ്പോഴാണ് ബിജു ഇക്കാര്യം കമ്മീഷന്‍ മുമ്പാകെ ആവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha