ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്... സി.പി.എം സ്ഥാനാര്‍ഥി പട്ടികയില്‍ നികേഷും ജേക്കബ് തോമസും

സര്‍ക്കാരിനെതിരെ കലാപം സൃഷ്ടിക്കുന്നവരെ തിരഞ്ഞെടുപ്പ് അങ്കത്തിന് അണിനിരത്താന്‍ സിപിഎം തീരുമാനം. അതില്‍ ഒന്നാമനാകാന്‍ സാധ്യത ഡി.ജി.പി. ജേക്കബ് തോമസ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ ഡി.ജി.പി. ജേക്കബ് തോമസ് ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടതു സ്വതന്ത്രന്‍മാരുടെ പരിഗണനാ പട്ടികയിലുള്ള ജേക്കബ് തോമസിനെ പുതുപ്പളളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിപ്പിക്കാമെന്നു വാഗ്ദാനം.
വിരമിക്കാന്‍ കുറച്ചു നാളുകള്‍ മാത്രമുള്ള ഡി.ജി.പിയെ രാഷ്ട്രീയക്കളത്തിലിറക്കാനുള്ള ചരടുവലിക്കു പിന്നില്‍ അടുത്തിടെ യു.ഡി.എഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം നിലകൊളളുന്ന നേതാവാണ്. ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ നടത്തുന്ന വിമര്‍ശനങ്ങള്‍ ഇടതുമുന്നണിക്കു ഗുണകരമാകുമെന്നും അദ്ദേഹത്തെ മത്സരത്തിനിറക്കിയാല്‍ അഴിമതിക്കെതിരേയുളള പേരാട്ടമെന്ന പ്രതിഛായ തെരഞ്ഞെടുപ്പില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് ജേക്കബ് തോമസിനു വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതേസമയം, സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു സി.പി.എമ്മില്‍ നിന്നു കിട്ടിയ ഉറപ്പുകളുടെ പിന്‍ബലത്തിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആഞ്ഞടിക്കുന്നതെന്നും വാദങ്ങളുണ്ട്. ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍ നിരത്തിയ ആരോപണങ്ങളില്‍ നിന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിന്നോക്കം പോയെങ്കിലും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന സമീപനമാണ് ഡി.ജി.പി. കൈക്കൊണ്ടത്. ഇതോടെയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ അദ്ദേഹത്തിന്റെ പേരും സജീവ ചര്‍ച്ചയായത്.
സി.പി.എം. സ്വതന്ത്രനായി പരിഗണിക്കുന്ന മറ്റൊരാള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറാണ്. ഡി.വൈ.എഫ്.ഐ സെക്യുലര്‍ മാര്‍ച്ചിന്റെ സമാപനസമ്മേളനത്തില്‍ പിണറായി വിജയനോടൊപ്പം വേദി പങ്കിട്ട നികേഷ് കുറച്ചുകാലമായി സി.പി.എം. വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. സി.എം.പിക്കു നല്‍കുന്ന സീറ്റില്‍ നികേഷിനെ ഇറക്കിയാല്‍ ചാനലുകളുടെ പിന്തുണ മുന്നണിക്കു കിട്ടുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്. സോളാറിലും ബാര്‍കോഴയിലും റിപ്പോര്‍ട്ടര്‍ ചാനല്‍ വലിയ ആക്രമണമാണ് സര്‍ക്കാരിനെതിരെ നടത്തിയത്. ഇതും അനുകൂല സാധ്യതകളായി.
ബാര്‍ കോഴ വിവാദത്തില്‍ ആരോപണവിധേയനായ കെ. ബാബുവിനെതിരേ തൃപ്പൂണിത്തറയില്‍ ശ്രീനിവാസനെ സ്ഥാനാര്‍ഥിയാക്കുമെന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, താനുമായി ആരും ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും മത്സരരംഗത്തേക്കില്ലെന്നും ശ്രീനിവാസന്‍ അന്നേ പ്രഖ്യാപിച്ചിരുന്നു. ഇതിനു വലിയ വില കല്‍പ്പിക്കേണ്ടതില്ലെന്നും സമയമാകുമ്പോള്‍ ശ്രീനിവാസന്‍ വഴങ്ങുമെന്നുമാണ് സി.പി.എം. നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജേക്കബ് തോമസിനെ മത്സരംഗത്തിറക്കുന്നു എന്ന വാര്‍ത്തക്കുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നും വാര്‍ത്തകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha