വില തകര്‍ന്ന് റബ്ബര്‍, തകര്‍ന്നടിഞ്ഞ് കര്‍ഷകര്‍: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ കീശയില്‍

കേരളത്തിലെ റബ്ബര്‍ വില ആറ് വര്‍ഷത്തിന് ശേഷം ഏറ്റവും താഴ്ന്ന വിലയില്‍. ആദ്യമായാണ് റബ്ബര്‍ വില നൂറിലേക്ക് താഴ്ന്നത്. 99-100 രൂപക്കാണ് കച്ചവടക്കാര്‍ ഇപ്പോള്‍ റബ്ബര്‍ ശേഖരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റബ്ബര്‍ വില മൂന്നക്കത്തില്‍ നിന്നും രണ്ടക്കത്തില്‍ എത്തി നില്‍ക്കുന്നത്. റബ്ബര്‍ കര്‍ഷകരുടെ നടുവൊടിക്കുന്ന വിലത്തകര്‍ച്ചയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഉല്പാദന ചിലവ് കൂടുകയും റബ്ബര്‍ വില കൂറയുകയും ചെയ്തതോടെ റബ്ബര്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്. റബ്ബര്‍ വില കൂപ്പുകുത്തിയിട്ടും ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്നും റബ്ബര്‍ ശേഖരിക്കാന്‍ തയ്യറാകാത്തത് ഇനിയും റബ്ബറിന്റെ വിലയില്‍ ഇടിവുണ്ടാക്കാന്‍ ഇടയാക്കും. വിലയിടിവ് തുടരുന്നതിനാല്‍ ചെറുകിട വ്യാപാരികള്‍ ഉയര്‍ന്ന വിലക്ക് റബ്ബര്‍ ശേഖരിക്കുവാന്‍ മടിക്കുന്നു. ഒട്ടുപാലിന്റെ വിലയും താഴേക്ക് തന്നെ, 58 രൂപയാണ് ഒട്ടുപാലിന് ലഭിക്കുന്നത്.
റബ്ബര്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ല. റബ്ബര്‍ വില 150 രൂപയില്‍ പിടിച്ച് നിര്‍ത്താമെന്ന സര്‍ക്കാര്‍ വാദം പൊള്ളയായിരുന്നെന്ന് ഇപ്പോഴത്തെ വില സൂചിപ്പിക്കുന്നു. റബ്ബര്‍ മേഖലയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വില സ്ഥിരതാ പദ്ധതിയും പച്ചതൊട്ടില്ല. 300 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാങ്ക് സബ്‌സിഡിയും കര്‍ഷകന് ലഭിക്കുന്നില്ല. ഉല്പാദന ചിലവിന് ആനുപാതികമായി വില ലഭിക്കാത്തതു മൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. ഇനിയും സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വകരിച്ചില്ലങ്കില്‍ ദുരിതത്തിലാകുന്നത് റബ്ബര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാകും. കര്‍ഷകര്‍ക്കൊപ്പമെന്ന് വാദിക്കുമ്പോഴും റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ കണക്കിലെടുക്കുവാന്‍ തയ്യാറാകുന്നില്ല സര്‍ക്കാരുകള്‍. സരിതയും സോളാറും സീഡിയും അരങ്ങ് വാഴുമ്പോള്‍ സര്‍ക്കാരിന് ഏത് കര്‍ഷകന്‍! എന്ത് റബ്ബര്‍!.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha