പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളം, ആറന്മുള പദ്ധതി ഒഴിവാക്കി

ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ വ്യോമയാന നയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ നീക്കം. എയര്‍ കേരളയും ആറന്മുള വിമാനത്താവളവും യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തിലാണ് പത്തനംതിട്ടയില്‍തന്നെ പുതിയ വിമാനത്താവളം തുടങ്ങാന്‍ നീക്കം. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷനാണു പദ്ധതിക്കു പിന്നില്‍.
ഇതിനായി ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും നിലവില്‍ വന്നു. കമ്പനിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകളും നടന്നു. ഇതിനായി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. പ്രവാസി മലയാളികളുടെ പിന്തുണയും പദ്ധതിക്ക് ഉറപ്പാക്കും. കേരളത്തില്‍ ഇത്തരത്തിലുള്ള ഏതു പദ്ധതികള്‍ വന്നാലും സര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിനു ബംഗളുരു ആസ്ഥാനമായുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തും. 2000 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തിനൊപ്പം പ്രവാസികള്‍ അടക്കമുള്ള സാധാരണക്കാര്‍ക്കും ഓഹരികള്‍ ലഭ്യമാക്കാനാണു തീരുമാനം. ജനകീയ പങ്കാളിത്തമാണ് ഉന്നമിടുന്നതെന്നും പ്രവാസികള്‍ കൂടുതലുള്ള മധ്യ തിരുവിതാങ്കൂര്‍ പ്രദേശമെന്ന നിലയിലാണ് പത്തനംതിട്ട തെരഞ്ഞെടുത്തതെന്ന് കമ്പനി ഡയറക്ടര്‍ ജ്യോതിഷ് തങ്കച്ചന്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്ന നിലയില്‍ അമ്പതിനായിരം രൂപ മുതല്‍ അഞ്ചു കോടി രൂപ വരെയുള്ള 200 ഓഹരികളാവും ഉണ്ടാകുക. പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയശേഷം 100 രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് സാധാരണക്കാര്‍ക്കും ഓഹരി പങ്കാളിത്തം നല്‍കുമെന്നും ജ്യോതിഷ് തങ്കച്ചന്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. പാരിസ്ഥിതികവും വിശ്വാസപരവുമായി ഇടപെടലൊന്നുമില്ലാത്ത പ്രദേശമാണു തെരഞ്ഞെടുക്കുക. ചെറുകിട വിമാനത്താവള, തുറുമുഖ നിര്‍മാണങ്ങളോട് അനുകൂല നിലപാടാണു കേന്ദ്രത്തിന്. പത്തനംതിട്ടയില്‍നിന്നു കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള ദൂരം 150 കിലോ മീറ്ററില്‍ താഴെയാണെന്ന തടസവാദവും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിലൂടെ മറികടക്കാനാകും. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും 150 കിലോമീറ്ററിര്‍ താഴെ ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയില്‍ പുതിയ വിമാനത്താളവത്തിനു കേന്ദ്രം അനുമതി നല്‍കിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha