ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷൻ ഒടുവിൽ തിരിച്ചടിച്ചു: പ്രവാസിയുടെ മണ്ടത്തരത്തിന് എട്ടിന്റെ പണി...

തൃശൂർ കൊടുങ്ങല്ലൂരിൽ ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷൻ ഒടുവിൽ തിരിച്ചടിച്ചു. ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മയക്കുമരുന്ന് ഒളിപ്പിച്ച് വച്ചതിന് ബാസ്റ്റിൻ തുരുത്ത് സ്വദേശി കിരണിനെ (34) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. മാർച്ച് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെ വിദേശത്തുള്ള ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് എംഡിഎംഎ ഒളിപ്പിച്ചതെന്നാണ് കിരണിന്റെ മൊഴി. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ പാർക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിൽ എം.ഡി.എം.എ വച്ച് യുവതിയേയും സുഹൃത്തിനേയും കേസ്സിൽ പെടുത്തുവാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
യുവതിയുടെ ഭർത്താവ് ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരമാണ് കിരൺ യുവതിയും സുഹൃത്തും ഉപയോഗിച്ചിരുന്ന കാറിൽ എം.ഡി.എം.എ ഒളിപ്പിച്ചു വെച്ചത്. മയക്കുമരുന്ന് കാറിൽ വച്ച ശേഷം കാറിൻ്റെ ചിത്രങ്ങൾ ഗൾഫിലുള്ള ശ്രീകുമാറിന് കിരൺ അയച്ചു കൊടുക്കുകയും, തൻ്റെ സുഹൃത്ത് വഴി ശ്രീകുമാർ കൊടുങ്ങല്ലൂർ പൊലീസിന് വിവരം നൽകുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് കിരണിനെ അറസ്റ്റ് ചെയ്തത്. ഭർത്താവ് ശ്രീകുമാറിനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. കൊടുങ്ങല്ലർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റ നേതൃത്വത്തിൽ എസ്ഐമാരായ ഹറോൾഡ് ജോർജ്, എൻ.പി ബിജു, എഎസ്ഐ മുഹമ്മദ് സിയാദ്, എസ്.സി.പി.ജ ജോസഫ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തിൽ ഇടപ്പള്ളി ടോൾ ഭാഗത്ത് എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും പിടികൂടി. മാവേലിക്കര സ്വദേശി സുധീഷ് എസ് (27), ഇടുക്കി സ്വദേശിനി ആതിര (27) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 3.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കൊച്ചി സിറ്റി ഡാൻസാഫും കളമശ്ശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾ വൻകിട വില്‍പ്പനക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിൽ വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയിൽ പെട്ടവരാണ്. ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ സുധീഷിന് അടിപിടി കേസ് നിലവിലുണ്ട്.
https://www.facebook.com/Malayalivartha

























