കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്നുമണിയോടെ ലൈബ്രറി ഹാളിൽ സജ്ജീകരിച്ച പ്രത്യേക വേദയിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത് കേരള ചരിത്രത്തിൽ ആദ്യമാണ്.
മേയർ, കോർപ്പറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കായി മൂന്നു കസേരകൾ മാത്രമാണ് വേദിയിലുണ്ടായിരുന്നത്. എതാനും മിനിട്ടുകൾ മാത്രമാണ് ചടങ്ങ് നീണ്ടുനിന്നത്. മാദ്ധ്യമങ്ങൾക്ക് ചടങ്ങിൽ പ്രവേശനം അനുവദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു സത്യപ്രതിജ്ഞ. ക്രമീകരണങ്ങൾ ഒരുക്കാനായി ജയിൽ സൂപ്രണ്ടിനോട് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. സുഗതന്റെ ഹർജിയിലായിരുന്നു ഈ അപൂർവ വിധി.
ദേവീദേവന്മാരുടെ പേരിലടക്കം നേരത്തെ നടത്തിയ സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്നു കണ്ട് കോടതി റദ്ദാക്കിയ 20 ബി.ജെ.പി കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. മറ്റുള്ളവർ കോർപ്പറേഷനിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജയിലിലായതിനാൽ സുഗതന് കഴിഞ്ഞിരുന്നില്ല.
"
https://www.facebook.com/Malayalivartha

























