വന്ദനാ ദാസിന്റെ നെഞ്ചിൽ കുത്തിയ കത്രിക ശ്വാസകോശത്തിലും തുളച്ചു കയറി; കിംസിൽ വന്ദനാ ദാസിനെ എത്തിച്ചത് പൾസ് പോലുമില്ലാതെ; കൊല്ലപ്പെട്ടത് അച്ഛന്റേയും അമ്മയുടേയും ഏകമകൾ;പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേയ്ക്ക്

കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ് (23) തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു. കോട്ടയം സ്വദേശിയായ വന്ദന അച്ഛന്റേയും അമ്മയുടേയും ഏക മകളാണ്.
ആശുപത്രിയിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചനകളിലാണ് രണ്ട് ഹൗസ് സർജന്മാരാണ് രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്നതെന്ന സംശയം ശക്തമാകുന്നത്. മറ്റ് ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവരുടെ കൺമുന്നിലാണ് ഡോക്ടർ കുത്തേറ്റ് വീണത്. പൊലീസുകാരും നിസ്സഹായരായി. ഡോക്ടറെ ആക്രമിക്കുന്നതിന് മുമ്പ് തന്നെ പൊലീസുകാർക്കും കുത്തേറ്റു. ഇതോടെ പൊലീസും ഭയന്നു. രക്ഷപ്പെടാൻ കഴിയാതെ ഡോക്ടർ മുറിക്കുള്ളിൽ വീണു പോയി. ഈ മുറിക്കുള്ളിൽ ഡോക്ടർമാർ മാത്രമായതാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്.
ആദ്യം കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ് പ്രതി ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിശോധനാമുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കിയായിരുന്നു ആക്രമണം. പിന്നാലെ പ്രതി കൂടുതൽ അക്രമാസക്തനായി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസറും ഹൗസ് സർജനായ വന്ദനയും രക്ഷപ്പെടാൻശ്രമിച്ചു. മെഡിക്കൽ ഓഫീസർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടെങ്കിലും വന്ദനയ്ക്ക് രക്ഷപ്പെടാനായില്ല.
ഇതോടെ കണ്മുന്നിൽ കണ്ട വന്ദനയെ പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഡോക്ടർ വന്ദനയുടെ കഴുത്തിലും നെഞ്ചിലും പിറകിലും ഉൾപ്പെടെ അഞ്ചുതവണയിലേറെ മാരകമായി കുത്തേറ്റു. ബഹളം കേട്ടെത്തിയ പൊലീസുകാരെയും പ്രതി ആക്രമിച്ചു. സന്ദീപിന്റെ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്കും ഹോംഗാർഡിനും കുത്തേറ്റത്. തുടർന്ന് കൂടുതൽപേരെത്തിയാണ് പ്രതിയെ കീഴടക്കിയത്
https://www.facebook.com/Malayalivartha

























