നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിന്‍ ഷാ അടക്കം 6 പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അസോസിയേഷന്‍ ഫണ്ടില്‍ നിന്ന് 1.80 കോടി രൂപ തട്ടിയെന്നാണ് കേസ്

നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിന്‍ ഷാ അടക്കം 6 പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നഴ്‌സുമാരുടെ മിനിമം വേതന വര്‍ദ്ധന കേസ് നടത്തിപ്പിനും ക്ഷേമകാര്യങ്ങള്‍ക്കുമായി സ്വരൂപിച്ചെടുത്ത സംഘടനാ ഫണ്ടായ യുണൈറ്റഡ് നഴ്‌സസ് സ്വകാര്യ അസോസിയേഷന്‍ (യു എന്‍ എ) ഫണ്ടില്‍ നിന്ന് 1.80 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പുകേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 2020 ജൂലൈ 21 ന് തള്ളിയിരുന്നു.
ഒന്നാം പ്രതി ജാസ്മിന്‍ ഷാ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതി നിധിന്‍ മോഹന്‍, നാലാം പ്രതി പി.ഡി.ജിത്തു എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ പ്രതികള്‍. ഷോബി ജോസഫ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവും ജിത്തു ഓഫീസ് സ്റ്റാഫും നിധിന്‍ മോഹന്‍ ജാസ്മിന്‍ ഷായുടെ ഡ്രൈവറുമാണ്.
അസോസിയേഷന്‍ ഫണ്ടില്‍ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെന്ന പരാതിയിലായിരുന്നു കേസ്. യുഎന്‍എ മുന്‍ സംസ്ഥാന പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്മിന്‍ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
പണം ഉപയോഗിച്ച് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ ഫ്‌ലാറ്റും കാറും വാങ്ങിയതായും ബിനാമി പേരില്‍ തിരുവല്ലയില്‍ ആശുപത്രി വാങ്ങാന്‍ കരാറുണ്ടാക്കിയതായും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.
2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപ അക്കൗണ്ടില്‍ എത്തിയെന്നും എന്നാല്‍ എട്ട് ലക്ഷത്തോളം രൂപയാണ് ബാക്കിയുള്ളതെന്നുമായിരുന്നു പരാതിയിലെ ആരോപണം.
കേസ് റദ്ദാക്കണമെന്ന ജാസ്മിന്‍ ഷായുടെ ആവശ്യം തള്ളിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. നേപ്പാളിലേക്ക് കടന്ന പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha
























