അധികാരമേറ്റ നാൾ മുതൽ തെരുവുനായ വിഷയത്തിൽ; ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാണിച്ച ഉദാസീനതയുടെ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്...എത്രയും വേഗം ഈ പൊല്ലാപ്പിൽ നിന്നും തലയൂരാനാണ് മന്ത്രിയുടെ ശ്രമം.... സ്പീക്കർ പദവിയിലിരുന്ന് തിളക്കമേറിയ പ്രവർത്തനങ്ങൾ കാഴ്ചവച്ച എം.ബി.രാജേഷ് തന്നെ, തദ്ദേശമന്ത്രിയാക്കി തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞതായി കരുതുന്നു....

സംസ്ഥാനത്ത് ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്‍ത്തുനായ്ക്കളുമുണ്ടെന്നാണ് കണക്ക്. അതിൽ 4 ലക്ഷത്തി 38000 വളര്‍ത്തു നായ്ക്കൾക്കും 32061 തെരുവുനായ്ക്കൾക്കും മാത്രമാണ് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. 17987 തെരുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കാന്‍ സാധിച്ചിട്ടുള്ളത്.സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് തുറന്നു സമ്മതിച്ചത് കഴിഞ്ഞ ദിവസമാണ്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരനായ നിഹാൽ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണ് എന്നാണ് മന്ത്രി രാജേഷ് പറഞ്ഞത്. തെരുവുനായശല്യം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ജാഗ്രതയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കും. തെരുവുനായ്ക്കളുടെ ആക്രമണം രാജ്യത്താകെ ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ഈ പ്രശ്നം നിലനിൽക്കുകയാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ഒൻപത് സ്ത്രീകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ സീതാപ്പൂരിൽ എട്ടു മാസത്തിനിടെ 13 കുട്ടികളെ നായ്ക്കൾ കടിച്ചുകൊന്നു.
സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ സ്വീകരിക്കുന്നുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ തെരുവുനായ് ശല്യം പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുകയെന്നത് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകൾ മൂലം ഇപ്പോൾ ഏറെ ബുദ്ധിമുട്ടാണ്. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് തടയാനുള്ള നിയമനടപടികൾ കൂടുതൽ എളുപ്പമാകേണ്ടതുണ്ട്. പ്രായോഗികത കണക്കിലെടുത്ത് അനിമൽ ബർത്ത് കൺട്രോൾ(എബിസി) റൂൾസ് 2001 ഭേദഗതി ചെയ്താൽ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാൻ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ വ്യവസ്ഥകളോടെ അനുമതി നൽകണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ കേരളത്തിനെതിരെ വലിയ കാമ്പയിൻ ദേശീയതലത്തിൽ തന്നെ ചിലർ ഉയർത്തിക്കൊണ്ടുവന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും വാക്സിനേറ്റ് ചെയ്യാനുമുള്ള പ്രവർത്തനം കേരളത്തിൽ നടക്കുന്നുണ്ടെങ്കിലും മറ്റ് പല പദ്ധതികളെയും പോലെ ഇതും അഴിമതി പദ്ധതിയായി മാറുകയാണ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി തനിക്ക് ഇത്തരം വാർത്തകളൊന്നും ബാധകമേയല്ല എന്ന മട്ടിലാണ് നീങ്ങുന്നത്. മന്ത്രി ചിഞ്ചുറാണിയും മന്ത്രി രാജേഷും തമ്മിൽ തെരുവുനായ വിഷയം ചർച്ച ചെയ്യാറേയില്ല. മന്ത്രി ചിഞ്ചുറാണിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ച് പരാതികൾ മാത്രമാണുള്ളത്.തദ്ദേശസ്ഥാപനങ്ങൾ എ ബി.സി പദ്ധതിയെ അഴിമതി നടത്താനുള്ള പദ്ധതിയാക്കി മാറ്റിയെന്ന് മൃഗസംരക്ഷണ വകുപ്പ് വിശ്വസിക്കുന്നു. രണ്ടു വകുപ്പുകളും തമ്മിൽ അഭിപ്രായ ഭിന്നത നാൾക്കുനാൾ വളരുകയാണ്. മന്ത്രിമാർ രണ്ടു പാർട്ടിക്കാരായതിനാൽ അവർക്കും ആശയ പൊരുത്തമില്ല.2022 സെപ്തംബർ ഒന്ന് മുതൽ 2023 ജൂൺ 11 വരെ 470534 നായ്ക്കളെ വാക്സിനേറ്റ് ചെയ്തു. ഇതിൽ 438473 വളർത്തുനായ്ക്കളും 32061 തെരുവുനായ്ക്കളുമാണ്. 2016 മുതൽ 2022 ആഗസ്റ്റ് 31 വരെ ആകെ 79859 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2022 സെപ്തംബർ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ 9767 നായ്ക്കളെ വന്ധ്യകരിച്ചു. നിലവിൽ 19 എബിസി കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 24 എണ്ണം കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. 2022 സെപ്റ്റംബറിൽ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണത്തിനായുള്ള പ്രത്യേക പ്രോജക്ടുകൾ തയാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചിരുന്നു. ഇതുപ്രകാരം 432 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 10.36 കോടി രൂപ പ്രത്യേക പ്രോജക്ടുകൾക്കായി വകയിരുത്തി.
2022 സെപ്തംബർ 20 മുതൽ ഒക്ടോബർ 20 വരെ ഒരു മാസം തെരുവുനായ്ക്കൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തിയിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. തെരുവുനായ്ക്കൾക്കുള്ള അഭയകേന്ദ്രങ്ങൾ, എബിസി കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്ന കാര്യത്തിൽ പ്രാദേശികമായ വലിയ എതിർപ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയിൽ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓർക്കേണ്ടതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ തീവ്രയത്നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി കുറഞ്ഞപ്പോൾ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ പ്രവർത്തനങ്ങളിൽ ഉദാസീനത കാട്ടിയിട്ടുണ്ടെന്നതും വസ്തുതയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് മന്ത്രി രാജേഷ് ചുമതലയേറ്റത്.
എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര ചട്ടങ്ങൾ 2023 മാർച്ച് 10 ന് പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ചട്ടത്തിൽ നിർദേശിക്കുന്ന ബോർഡിന്റെ അംഗീകാരത്തോടു കൂടി മാത്രമേ എ ബി സി കേന്ദ്രങ്ങൾ തുടങ്ങാൻ പാടുള്ളൂ. കേന്ദ്ര വ്യവസ്ഥകളനുസരിച്ച് എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാനോ പ്രവർത്തിക്കാനോ വളരെയധികം ബുദ്ധിമുട്ടുണ്ട്. എസി യുള്ള ഓപ്പറേഷൻ തിയേറ്ററിലായിരിക്കണം വന്ധ്യംകരണം, നാല് ദിവസം ശുശ്രൂഷിക്കണം, മുറിവുണങ്ങിയ ശേഷം മാത്രമേ നായ്ക്കളെ വിടാൻ പാടുള്ളൂ എന്നീ വ്യവസ്ഥകളുണ്ട് കേന്ദ്ര നിയമത്തിൽ. വളരെ കർശനമായ കേന്ദ്ര നിയമങ്ങൾ ഇളവുചെയ്താൽ മാത്രമേ ഈ പ്രവർത്തനങ്ങൾ ഫലപ്രദമാവുകയുള്ളൂവെന്നാണ് സർക്കാർ പറയുന്നത്. പരിധിയിൽ നിന്നുകൊണ്ട് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള ഫലപ്രദമായ പ്രവർത്തനങ്ങൾ പരമാവധി നടത്തുകയാണ് സർക്കാരിന്റെ നയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും മാത്രമല്ല ജനങ്ങളാകെ സഹകരിച്ചാൽ മാത്രമേ ഈ വിപത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ കഴിയുകയുള്ളൂ. മാലിന്യസംസ്കരണ പ്രവർത്തനവും ഫലപ്രദമായി നടത്തേണ്ടതുണ്ട്. മാലിന്യമുള്ള ഇടങ്ങളിലാണ് തെരുവുനായ്ക്കൾ കേന്ദ്രീകരിക്കുന്നത്. കൂട്ടായ പ്രവർത്തനത്തിലൂടെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ഇതാണ് മന്ത്രിയുടെ സ്വപ്നം. എന്നാൽ തെരുവുനായ ജനന നിയന്ത്രണം അഴിമതി പദ്ധതിയാക്കി മാറ്റാതിരുന്നാൽ അത് ലളിതമായി പരിഹരിക്കാൻ കഴിയുന്നതാണ്. പക്ഷേ തോന്നിയ മട്ടിലാണ് നഗരസഭകളും പഞ്ചായത്തുകളും തെരുവുനായകളിൽ നടപ്പാക്കുന്നതിൻ്റെ കണക്കുകൾ പറയുന്നത്. കള്ള കണക്കുകളാണ് പലപ്പോഴും അവതരിപ്പിക്കുന്നത്. വന്ധ്യംകരണം നടത്തുന്ന നായ്ക്കളുടെ എണ്ണം ഫീൽഡിലുള്ള ജീവനകാർക്കല്ലാതെ മറ്റാർക്കും പറയാനാവില്ല. ഇതു തന്നെയാണ് മൃഗസംരക്ഷണ വകുപ്പും പറയുന്നത്. തദ്ദേശ സ്ഥാപനങ്ങൾ കള്ളം പറയുന്നതായി മൃഗസംരക്ഷണ വകുപ്പ് ആവർത്തിക്കുന്നത്. ഏതായാലും മന്ത്രി എം.ബി.രാജേഷിന് തദ്ദേശമന്ത്രിയായി തുടരാൻ കഴിയില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് അദ്ദേഹം നടത്തുന്നത്.
https://www.facebook.com/Malayalivartha





















