അപകടത്തില്‍പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം... മറ്റൊള്‍ക്ക് സഹായമാവട്ടെയെന്ന നിലയില്‍ അവയവദാനത്തിന് സമ്മതിച്ചു; എബിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ

എറണാകുളം മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ നടന്ന എബിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഓമന. വാഹനാപകടത്തില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ക ജുഡീഷ്യല്‍ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് അമ്മയുടെ ആവശ്യം. മകന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മറ്റൊള്‍ക്ക് സഹായമാവട്ടെയെന്ന നിലയില്‍ അവയവദാനത്തിന് സമ്മതിച്ചത്. പുതിയ സാഹചര്യത്തില്‍ തന്നെ കബളിപ്പിക്കുകയായിരുന്നോയെന്ന് സംശയമുണ്ട്. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു അന്ന് എന്നും ഓമന പറഞ്ഞു. ഇനി മറ്റൊള്‍ക്കും തന്റെ ദുരവസ്ഥ ഉണ്ടാവരുതെന്നും ഓമന പറഞ്ഞു.
സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു.
യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നല്‍കിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha





















