ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു... നേരില്‍ കാണാന്‍ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ നേരില്‍ കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), ഇയാളുടെ പങ്കാളി അശ്വതി (25), കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്നത്. ഡേറ്റിങ് ആപ്പിലൂടെ യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. താന്‍ കോലഞ്ചേരി സ്വദേശി ആണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബെംഗളൂരുവില്‍ കോളേജില്‍ പഠിക്കുകയാണെന്നും ഇപ്പോള്‍ നാട്ടിലുണ്ടെന്നും വന്നാല്‍ നേരില്‍ കാണാമെന്നും പറഞ്ഞ് മെസേജ് അയച്ചു.
കോലഞ്ചേരിയിലെ ബസ് സ്‌റ്റോപ്പിലെത്തിയ യുവാവിനെ കാറില്‍ എത്തിയ രണ്ട് പ്രതികള്‍ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസേജ് അയച്ചതിന് പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞ് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി 23000 രൂപ അക്കൗണ്ട് വഴിയും പേഴ്‌സിലെ പണവും കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. വീട്ടിലേക്ക് പോയ ചെറുപ്പക്കാരന്‍ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പുത്തന്‍കുരിശ് ഡിവൈ.എസ്.പി ടി.പി. വിജയന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു .നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതികള്‍ വന്ന വാഹനം തിരിച്ചറിഞ്ഞു. ഏറെ നേരത്തെ ചേസിങ്ങിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഒടുവില്‍ രാമമംഗലം പാലത്തിന് സമീപം സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.
വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരില്‍ പ്രൊഫൈല്‍ തുടങ്ങിയ ശേഷം ആള്‍ക്കാരെ സൗഹൃദത്തില്‍ ചാറ്റ് ചെയ്ത് നേരില്‍ കാണുന്നതിനായി വിളിച്ചുവരുത്തി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.
മൂന്നുപേരും വര്‍ഷങ്ങളായി ബാംഗ്ലൂരിലും ഗോവയിലും ആയി താമസിച്ചു വരികയായിരുന്നു. 2021 മുതല്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു സ്വകാര്യ കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും എടിഎമ്മില്‍ നിന്ന് 19000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















