ലൈഫ് മിഷന്‍ കോഴക്കേസ്....സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു; ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചത്

ലൈഫ് മിഷന്‍ കോഴക്കേസില്‍ സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കോഴ ഇടപാടില്‍ നേരിട്ട് പങ്കുള്ളയാളാണ് സന്തോഷ് ഈപ്പന്‍. ഇക്കാര്യം കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്തോഷ് ഈപ്പന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ പത്ത് തവണ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.
ജാമ്യം കിട്ടുന്നതിന് മുന്‍പുള്ള ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. കേസിന്റെ തുടക്കം മുതല്‍ അന്വേഷണവുമായി സഹകരിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
സന്തോഷ് ഈപ്പനെ ഈ മാസം 20 നാണ് അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട 4.5 കോടി രൂപയുടെ കോഴ ഇടപാടില്‍ അറിയാവുന്ന കാര്യങ്ങളെല്ലാം ഇതിനകം അന്വേഷണ സംഘത്തിനു കൈമാറി. സന്തോഷ് ഈപ്പന്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിച്ച് ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്.
പദ്ധതി നടപ്പിലാക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി കൈമാറിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ നിര്‍മാണക്കരാര്‍ ലഭിക്കാനായി സന്തോഷ് ഈപ്പന്‍ കോഴയും കമ്മിഷനുമായി നല്‍കിയെന്നാണ് ഇഡിയുടെ കേസ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ വിഹിതം ലഭിച്ചതായാണ് ഇഡിയുടെ നിഗമനം. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു കമ്മിഷന്‍ പണം ഡോളറാക്കി നല്‍കിയെന്നു സന്തോഷ് കുറ്റസമ്മത മൊഴി നല്‍കിയിരുന്നു.
പദ്ധതി നടത്തിപ്പിന്റെ ഘട്ടത്തില്‍ ലൈഫ് മിഷന്‍ സിഇഒയായിരുന്ന യു.വി.ജോസിന്റെ മൊഴികളും സന്തോഷ് ഈപ്പന്റെ അറസ്റ്റിനു വഴിയൊരുക്കിയിരുന്നു. കേസിലെ കൂട്ടുപ്രതിയായ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റിനു പിന്നാലെയാണു സന്തോഷിനെയും അറസ്റ്റ് ചെയ്തത്. ശിവശങ്കര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha





















