സ്റ്റാലിന് കൊണ്ടത് വെറുതേയല്ല... സെന്തില്‍ ബാലാജിയെന്ന മന്ത്രിയെ തേടി തമിഴ്‌നാട് മന്ത്രിസഭ കൂട്ടത്തോടെ ആശുപത്രിയില്‍ എത്തിയത് വെറുതേയല്ല; സെന്തില്‍ ബാലാജി സ്റ്റാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; ഇല്ലായ്മയില്‍ നിന്നും ഡിഎംകെ വളര്‍ന്നത് സെന്തിലിലൂടെ

തമിഴ്‌നാട് ആകെ തരംഗമായിരിക്കുകയാണ് സെന്തില്‍ ബാലാജി. സ്റ്റാലിന്റെ പ്രിയങ്കരനായി സെന്തില്‍ മാറിയത് കഠിനാധ്വാനത്തിലൂടെയാണ്. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ ബിജെപി സഖ്യത്തിന്റെ ശക്തി കേന്ദ്രമായ പടിഞ്ഞാറന്‍ ജില്ലകളില്‍നിന്നു ഡിഎംകെയിലേക്ക് വോട്ട് ഒഴുകാന്‍ തുടങ്ങിയതു മുതലാണു സെന്തില്‍ ബാലാജിയെന്ന യുവനേതാവ് എതിര്‍കക്ഷികളുടെ നോട്ടപ്പുള്ളിയായത്.
ഡിഎംകെയുടെ ഉദയസൂര്യന്‍ കാര്യമായ തെളിയാതിരുന്ന മേഖല പിടിച്ചെടുക്കാന്‍ പാര്‍ട്ടി നിയോഗിച്ച പടത്തലവനായിരുന്നു അദ്ദേഹം. ഗൗണ്ടര്‍ വിഭാഗത്തിനു സ്വാധീനമുള്ള കൊങ്കുനാട് എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍ സേലം ഈറോഡ് മേഖലയില്‍ അതേ വിഭാഗക്കാരനായ ബാലാജിയുടെ കൃത്യമായ ഇടപെടലുകളാണു നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്.
സെന്തിലിന്റെ സ്വന്തം നാടായ കരൂര്‍ ജില്ലയിലെ അറുവാക്കുറിച്ചിയില്‍ മത്സരിച്ച തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ ദയനീയമായി പരാജയപ്പെടാന്‍ കാരണവും ബാലാജിയുടെ തന്ത്രങ്ങളായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെ തോല്‍വിക്കു പിന്നാലെ സേലം, ഈറോഡ് , തിരുപ്പൂര്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകളെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിലും ഡിഎംകെ തൂത്തുവാരി.
എടപ്പാടി കെ. പളനിസ്വാമി, ഒ. പനീര്‍സെല്‍വം എന്നിവരുടെ വാര്‍ഡുകളില്‍ പോലും പാര്‍ട്ടിക്കു വിജയിക്കാനായില്ല. തുടര്‍ച്ചയായി നടന്ന 2 തിരഞ്ഞെടുപ്പുകളിലും അടിയറവു പറയേണ്ടി വന്നതോടെ ബാലാജിയെ ഒതുക്കേണ്ടത് ബിജെപി അണ്ണാഡിഎംകെ സഖ്യത്തിന്റെ പൊതു ആവശ്യമായി. മെല്ലെപ്പോക്കിലായിരുന്ന കേസ് നടപടികളെല്ലാം അതിവേഗത്തിലായി. ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ എതിര്‍പക്ഷം നടത്തിയ പടയൊരുക്കത്തിനൊടുവിലാണ് ബാലാജിയെ കുടുക്കിയത്.
കേന്ദ്ര സര്‍ക്കാരുമായി നിരന്തരം പോരടിക്കുന്ന എം കെ സ്റ്റാലിന്‍ സര്‍ക്കാരിലെ പ്രധാനിയായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രിയാണ് വി സെന്തില്‍ ബാലാജി. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ ബാലാജിയുടെ വസതിയിലും സെക്രട്ടറിയറ്റിലെ ഓഫീസിലുമടക്കം റെയ്ഡ് നടന്നപ്പോള്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇഡി സെക്രട്ടറിയറ്റില്‍ കയറിയതോടെ ഡിഎംകെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയില്‍ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. 2011ലെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. ജയലളിതയുടെ മരണശേഷം ടി ടി വി ദിനകരനെ പിന്തുണച്ചു. പിന്നീട് 2018 ഡിസംബറില്‍ എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ല്‍ എക്‌സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്.
പഴയ കേസാണ് സെന്തിലിനെ കുടുക്കിയത്. 2011-15ല്‍ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയരുകയായിരുന്നു. ബാലാജിക്കെതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവര്‍ക്കുമെതിരെ 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















