നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്.... തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സ്വമേധയാ പിന്‍വലിച്ചു, വിചാരണ തീയതി 19 ന് ഷെഡ്യൂള്‍ ചെയ്യും, സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടു സഹിതം ഹാജരാക്കിയ ദൃശ്യങ്ങളടങ്ങിയ 20 ഡി വി ഡികളുടെ ക്ലോണ്‍ഡ് പകര്‍പ്പുകള്‍ പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവ്

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന മുന്‍ എംഎല്‍എ മാരായ ഇ എസ് ബിജിമോളും ഗീത ഗോപിയുമടങ്ങുന്ന സിപിഐ വനിത നേതാക്കള്‍ നല്‍കിയ ഹര്‍ജി സ്വമേധയാ പിന്‍വലിച്ചു.
കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന സുപ്രീം കോടതി വിധിന്യായങ്ങള്‍ ഉണ്ടെന്ന് ഇപ്പോള്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ പിന്‍വലിക്കുന്നതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസിന്റെ വിചാരണ തീയതികള്‍ ഈ മാസം 19 ന് ഷെഡ്യൂള്‍ ചെയ്യുമെന്ന് പ്രതിഭാഗത്തെയും പ്രോസിക്യൂഷനെയും കോടതി അറിയിച്ചു.
പ്രതികള്‍ കോടതിയില്‍ ഹാജരാകാനും ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റെതാണുത്തരവ്.
അതേ സമയം പ്രതികള്‍ക്ക് നല്‍കേണ്ട ഡിവിഡികള്‍ മുഴുവന്‍ തയ്യാറാണെന്നും ഇത് രേഖമൂലം പ്രതിഭാഗത്തിന് എത്തിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത്തരം ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്നത് കേസ് നടപടികള്‍ വൈകിപ്പിക്കാന്‍ വേണ്ടി എന്ന് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബാലചന്ദ്രമേനോന്‍ കോടതിയില്‍ ബോധിപ്പിച്ചു.
കോണ്‍ഗ്രസ് അംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ വനിത എംഎല്‍എമാര്‍ നീതിക്കായാണ് കോടതിയെ സമീപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകനായ മുന്‍ ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍ വെമ്ബായം എ എ ഹക്കീം ഹര്‍ജി സമര്‍പ്പിച്ച സമയം വാദിച്ചിരുന്നത്.
തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കളും എംഎല്‍എമാരുമായിരുന്ന ബിജി മോളും ഗീതാ ഗോപിയുമാണ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ ആരോപിക്കുന്നു. എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില്‍ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha





















