വര്‍ക്കല ദളിത് യുവാവിനെ എയര്‍ പിസ്റ്റളും വടിവാളും ഇരുമ്പു ദണ്ഡും കൊണ്ട് നരഹത്യ ചെയ്യാന്‍ ശ്രമിച്ച കേസ് ... 4 പ്രതികള്‍ക്കെതിരെ വര്‍ക്കല ഡിവൈഎസ്പി തിരുവനന്തപുരം ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വര്‍ക്കലയില്‍ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി എയര്‍ പിസ്റ്റളും വടിവാളും ഇരുമ്പു ദണ്ഡും കൊണ്ട് നരഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ 4 പേര്‍ക്കെതിരെ വര്‍ക്കല ഡിവൈഎസ്പി കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.വി.ബാലകൃഷ്ണന്‍ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമ ,പ്രകാരമുള്ള കേസ് വിചാരണ ചെയ്യാന്‍ അധികാര പരിധിയുള്ള ജില്ലയിലെ ഏക സ്‌പെഷ്യല്‍ കോടതിയായതിനാലാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഡി വൈ എസ് പി നേരിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്.
വര്‍ക്കല ബാര്‍ ഹോട്ടലില്‍ നടന്ന അക്രമത്തില്‍ ബാര്‍ ജീവനക്കാരന് പരിക്കേറ്റതില്‍ പോലീസില്‍ പരാതി നല്‍കി കേസെടുത്തതിലുള്ള വൈരാഗ്യത്തില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വര്‍ക്കലയിലെ ഓട്ടോ ഡ്രൈവറായ ദളിത് യുവാവിനെ വാനില്‍ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിലായെത്തിച്ച് ഇരുമ്പ് ദണ്ഡും എയര്‍ പിസ്റ്റലും വടിവാളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്..
വര്‍ക്കല വെട്ടൂര്‍ മൗണ്ട്മുക്ക് തണ്ണിവിള വീട്ടില്‍ കാവു എന്ന മുഹമ്മദ് താഹിര്‍ (25), ചെറുന്നിയൂര്‍ ദാറുല്‍ ഹുദായില്‍ റിജീസ് (39), താഴെവെട്ടൂര്‍ അരിവാളം കുന്നുംപുറം വീട്ടില്‍ സുല്‍ത്താന്‍ (24), അരിവാളം കുന്നുംപുറം വീട്ടില്‍ ജവഹര്‍ (29) എന്നിവരെ 1 മുതല്‍ 4 വരെ പ്രതി വര്‍ഗ്ഗത്തില്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ജനുവരി 6 നാണ് പ്രതികളെ പിടികൂടിയത്. മേല്‍വെട്ടൂര്‍ അമ്മന്‍നട സ്വദേശി വിനോദിനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.
2022 ഡിസംബര്‍ എട്ടിന് രാത്രിയായിരുന്നു സംഭവം. മേല്‍വെട്ടൂര്‍ ജങ്ഷനിലെ കടയിലെത്തിയ വിനോദിനെ സുഹൃത്തായ റിജീസടങ്ങുന്ന നാലംഗ സംഘം അനുനയത്തില്‍ മാരുതി വാനില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. വാനിലിട്ടും ഊറ്റുകുഴി, വിളബ്ഭാഗം, നരിക്കല്ല്, കാറാത്തല എന്നിവിടങ്ങളില്‍ കൊണ്ടുപോയും ആയുധങ്ങളുപയോഗിച്ച് മര്‍ദിച്ചു. തോക്ക് കഴുത്തില്‍ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനായ വിനോദിനെ പിന്നീട് സംഘം ഉപേക്ഷിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
വര്‍ക്കലയിലെ ഒരു ബാറിലെ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് മര്‍ദനമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ആറുമാസം മുമ്പ് ബാറില്‍ വിനോദും മുഹമ്മദ് താഹിറുമായി വഴക്കുണ്ടായിരുന്നു. ഇതിലിടപെട്ട ബാറിലെ ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റു. ഇതില്‍ പോലീസില്‍ പരാതി നല്‍കി കേസെടുത്തതിലുള്ള വൈരാഗ്യത്തിലാണ് വിനോദിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ഒളിവിലായിരുന്ന പ്രതികളെ വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ആക്രമിക്കാനുപയോഗിച്ച ഇരുമ്പ് ദണ്ഡും എയര്‍ പിസ്റ്റലും വടിവാളും പോലീസ് കണ്ടെടുത്തത് തൊണ്ടി മുതലുകളായി മുദ്രപ്പടി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















