ജനങ്ങളുടെ ആരോഗ്യത്തിനായി ഓടിനടന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാവൂര്‍ കുറ്റിക്കടവ് നടുക്കണ്ടി അഷിതയുടെ അവയവങ്ങള്‍ നാലുപേര്‍ക്ക് ജീവിതമേകും

ജനങ്ങളുടെ ആരോഗ്യത്തിനായി ഓടിനടന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാവൂര്‍ കുറ്റിക്കടവ് നടുക്കണ്ടി അഷിതയുടെ അവയവങ്ങള്‍ നാലുപേര്‍ക്ക് ജീവിതമേകും.
ഊര്‍ജസ്വലയും കര്‍മനിരതയുമായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ കണ്ണും കരളും വൃക്കയും ഈ ആളുകളില്‍ തുടിക്കും. ബുധനാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അഷിതയുടെ അഞ്ച് അവയവങ്ങളാണ് മറ്റുള്ളവര്‍ക്ക് നല്‍കിയത്.
രണ്ട് വൃക്കകളും രണ്ട് കണ്ണുകളും കരളുമാണ് ഇവരില്‍ നിന്നെടുത്ത് മറ്റുള്ളവര്‍ക്ക് വെച്ചുപിടിപ്പിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ ഒരു രോഗിക്കാണ് കരളും ഒരു വൃക്കയും ജീവിതമേകുക. ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള രോഗിക്കും നല്‍കി. രണ്ട് കണ്ണുകള്‍ മെഡിക്കല്‍ കോളജിലെ നേതൃബാങ്കിനും നല്‍കിയിട്ടുണ്ട്. ഇത് രണ്ടുപേര്‍ക്ക് വെളിച്ചമേകും.
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷിതയെയും (49) അഡ്‌ഹോക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സഹപ്രവര്‍ത്തക അപര്‍ണയെയും (30) എതിരെവന്ന കാറിടിച്ച് വീഴ്ത്തിയത്. രണ്ടുപേരും വാഴക്കാട് ഗവ. എച്ച്.എസ്.എസിലെ മഴക്കാല ശുചീകരണ പരിശോധന കഴിഞ്ഞ് റോഡരികിലൂടെ നടന്നുവരുമ്പോഴാണ് അപകടം സംഭവിച്ചത് .
ഗുരുതര പരിക്കേറ്റ അഷിത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മസ്തിഷ്‌കമരണത്തിന് കീഴടങ്ങുന്നത്.
ബുധനാഴ്ച രാത്രി അവയവങ്ങള്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വ്യാഴാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ വാഴക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനുവെച്ചൂ. ഉച്ചക്ക് ഒന്നേകാലോടെ മാവൂര്‍ കുറ്റിക്കടവിലെ വീട്ടിലെത്തിച്ച മൃതദേഹം രണ്ടുമണിക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അന്തിമോപചാരമര്‍പ്പിക്കാനായി നാടിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍എത്തിയിരുന്നു.
https://www.facebook.com/Malayalivartha





















