മഹാരാജാസിൻ്റെ പദവി തെറിക്കുമോ? ഗവർണറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് യു.ജി.സി.ഉടൻ തീരുമാനമെടുത്തേക്കും, ഓട്ടോണമസ് പദവിയുള്ള കലാലയങ്ങളിൽ ക്രമക്കേട് നടന്നാൽ പദവി റദ്ദാക്കാനുള്ള അധികാരം യു.ജി.സി.ക്കുണ്ട്, ആർഷോ എന്നൊരു വിദ്യാർത്ഥി നേതാവ് കാരണം തുലാസിലായത് മഹാരാജാസ് കോളേജിൻ്റെ ഭാവി

മഹാരാജാസ് കോളേജിൻ്റെ ഓട്ടോണമസ് പദവി ഗവർണറുടെ പോക്കറ്റിൽ. സർവകലാശാലാ ചാൻസലർ ആയ ഗവർണറുടെ അഭിപ്രായം കൂടി മാനിച്ച് ഇക്കാര്യത്തിൽ യു.ജി.സി.ഉടൻ തീരുമാനമെടുത്തേക്കുമെന്നറിയുന്നു. ഓട്ടോണമസ് പദവിയുള്ള കലാലയങ്ങളിൽ ക്രമക്കേട് നടന്നാൽ പദവി റദ്ദാക്കാനുള്ള അധികാരം യു.ജി.സി.ക്കുണ്ട്. ഇപ്രകാരം റദ്ദാക്കപ്പെട്ടാൽ അത് വലിയ നാണക്കേടായി മാറും.ഇന്ത്യയിലെ ആദ്യ സംഭവമായി മാറുകയും ചെയ്യും. ഗവർണർ ഇതിന് തയ്യാറാകുമോ എന്ന വിവരം മാത്രമാണ് ഇനി അറിയേണ്ടത്.
എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽ കിയതിൻ്റെ ഫലമായാണ് പുതിയ നീക്കം.എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൻറേയും മുൻ എസ്‌എഫ്ഐ പ്രവർത്തക കെ വിദ്യ മഹാരാജാസ് കോളജിൻറെ പേരിൽ വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റ് പുറത്ത് വന്നതിൻറേയും പശ്ചാത്തലത്തിലാണ് നിവേദനം നൽകിയത്.
ഒരു വിഭാഗം അധ്യാപക - അനധ്യാപകരുടെയും, വിദ്യാർഥി സംഘടന നേതാക്കളുടെയും നിയന്ത്രണത്തിൻ കീഴിലാണ് മഹാരാജാസ് കോളേജ് എന്നാണ് ആക്ഷേപം. കോളജിൻറെ ഭരണവും പരീക്ഷ നടത്തിപ്പ് പ്രവർത്തനങ്ങളും സംഘടനയാണ് നടത്തുന്നത്. ഇതിൻറെ തെളിവാണ് കോളജിൽ ആ അടുത്ത ദിവസങ്ങളിൽ നടന്ന സംഭവ വികാസങ്ങളെന്നും കമ്മിറ്റി ആരോപിച്ചു. ജയിലിൽ കഴിഞ്ഞ വിദ്യാർഥി സംഘടന നേതാവിന് പരോൾ ലഭിക്കാൻ കോടതിയിൽ ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നത് കൊണ്ട് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നതായും, ഗസ്റ്റ് അധ്യാപികയുടെ സർട്ടിഫിക്കറ്റിന് ഉപയോഗിച്ച ലെറ്റർ പാഡും, സീലും, ഒപ്പും കോളജിൻറേത് ആയിരുന്നുവെന്നും സമിതി ആരോപിച്ചു.
പട്ടികജാതി സംവരണം അട്ടിമറിച്ച് വനിത നേതാവിന് സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്‌ഡി പ്രവേശനം നൽകാൻ മുൻ വിസി തയ്യാറായി. യുജിസി ചട്ടത്തിൽ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത് വസ്‌തുത വിരുദ്ധമാണ്. യൂണിവേഴ്‌സിറ്റി ചട്ടത്തിൽ പട്ടിക ജാതി ഒഴിവുകൾ പ്രത്യേക വിജ്ഞാപനം ചെയ്‌ത് നികത്തണമെന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്നും സമിതി അവകാശപ്പെട്ടു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം.ഓട്ടോണമസ് പദവി നൽകേണ്ട നിലയിലേക്ക് നമ്മുടെ പൊതുസമൂഹം ഉയർന്നിട്ടില്ലെന്നും അതിനാൽ ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമാകാൻ സാധ്യത കൂടുതലാണെന്നും കമ്മിറ്റി വ്യക്‌തമാക്കി. അതിനാൽ കോളജിൻറെ ഓട്ടോണമസ് പദവി പിൻവലിച്ച് പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എംജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ നിവേദനമാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ യു.ജി.സി ഗൗരവമായി എടുത്തിരിക്കുന്നത്. ഇതിനൊപ്പം ഗവർണറുടെ ശുപാർശ കൂടി ലഭിച്ചാൽ മഹാരാജാസിൻ്റെ കാര്യത്തിൽ തീരുമാനമാകും. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി. 1953 ഡിസംബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് യു.ജി.സി കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.
എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്. രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ ഹൈദരാബാദിലെ, കൽക്കത്ത, ഭോപാൽ, ഗുവാമതി, ബാംഗ്ലൂർ തുടങ്ങിയവയാണ്.
സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുകയാണ് ഇവരുടെ സുപ്രധാന ദൗത്യം. സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ,മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവ പരിശോധിച്ച് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യവും യു.ജി.സി ക്കുണ്ട്. അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുക. വിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതും യു ജി സി യുടെ ലക്ഷ്യമാണ്.
യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്. സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) (NAAC) സ്ഥാപിച്ചു. യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി.
കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്. ഇവർക്ക് മാത്രമാണ് സർവകലാശാലാ ഭരണത്തിൽ ഇടപെടാനുള്ള ഏക അവകാശം. ഇങ്ങനെ ഔന്നത്യമുള്ള ഒരു സ്ഥാപനം നൽകിയ ഓട്ടോണമസ് പദവിയാണ് മഹാരാജാസ് എസ്.എഫ്.ഐ കാർക്ക് വേണ്ടി ഇല്ലാതാക്കിയത്. പ്രവർത്തന മികവിന്റേയും അക്കാദമിക് വൈദഗ്ദ്ധ്യത്തിന്റേയും പേരിൽ ഓട്ടോണമസ് പദവി നൽകപ്പെട്ട കോളജാണ് മഹാരാജാസ്. മികവിന്റെ പേരിൽ യു.ജി.സി കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് (സി.പി.ഇ) പദവി നൽകിയ കലാലയമാണിത്. ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (എൻ.ഐ.ആർ.എഫ്) ഇന്ത്യയിലെ മികച്ച നൂറു കോളജുകളിൽ കേരളത്തിൽ പതിനാലെണ്ണമാണുള്ളത്.
അവയിലൊന്നാണ് മഹാരാജാസ്. ഇത്രയും മികച്ച ഒരു കലാലയത്തിൽ രേഖകൾ ഇത്തരത്തിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുകയും അത് വെബ്സൈറ്റിൽ പിഴവുണ്ടാവുന്ന അവസ്ഥയിലെത്തുകയും ചെയ്യുമോ? അതുകൊണ്ടാണ് ആർഷോ സംഭവത്തിന് പിന്നിൽ ഗൂഢാലോചന മണക്കുന്നത്. ആർഷോ വിരുദ്ധർ ആർഷോക്കു വേണ്ടിയുള്ള കൈകടത്തൽ എന്ന് ഇതിനെ കുറ്റപ്പെടുത്തുന്നു. രണ്ടായാലും തൽപ്പരകക്ഷികൾക്ക് കയറി നിരങ്ങാവുന്ന ഇടമായിരിക്കുന്നു ഈ കലാലയം.
ഒരു ഓട്ടോണമസ് കോളജ് പരീക്ഷ നടത്തിപ്പിന്റേയും വിജയപരാജയങ്ങളുടേയും പേരിൽ സംശയത്തിന്റെ നിഴലിലകപ്പെടുന്നത് ചെറിയ കാര്യമല്ല. കോളജ് തന്നെയാണ് ചോദ്യങ്ങൾ തയാറാക്കുന്നതും പരീക്ഷ നടത്തുന്നതും ബിരുദം നൽകുന്നതുമെല്ലാം. ഇങ്ങനെ കുത്തഴിഞ്ഞു കിടക്കുന്നതോ തൽപ്പരകക്ഷികൾക്ക് അട്ടിമറിക്കാവുന്നതോ ആണ് ഓട്ടോണമസ് സ്ഥാപനമെങ്കിൽ ആ സ്ഥാപനത്തിലെ പഠനത്തിനും അവിടെ നിന്നു കിട്ടുന്ന ബിരുദത്തിനും എന്ത് വിശ്വാസ്യത?
കേരളത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ കുറേയേറെ കലാലയങ്ങൾക്ക് ഓട്ടോണമസ് പദവി നൽകിയിട്ടുണ്ട്. പലതും സ്വകാര്യ കോളജുകളാണ്. പലർക്കും സ്ഥാപിത താൽപര്യങ്ങളുണ്ട്. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ സ്വാധീനത്തിനു വഴങ്ങി ഇത്തരം സ്വയംഭരണ സ്ഥാപനങ്ങൾ പരീക്ഷാനടത്തിപ്പിലും ബിരുദദാനത്തിലും തിരിമറികൾ നടത്തുകയില്ലെന്ന് എന്തുറപ്പാണുള്ളത്. എസ്.എഫ്.ഐ പോലെയുള്ള വിദ്യാർഥി സംഘടനകളും അവയ്ക്ക് തണലൊരുക്കുന്ന ഭരണ സംവിധാനങ്ങളും ആശാവഹമായ ചിത്രമല്ല വരച്ചുവയ്ക്കുന്നത്.
മറ്റൊരു ഭരണം വന്നാലും ഇതുതന്നെ ആവർത്തിക്കപ്പെടാം. അതിനാൽ സർവകലാശാലകളുടേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വഴിവിട്ട പോക്ക് ഗൗരവപൂർവം കണക്കിലെടുക്കുക തന്നെ വേണം. ഒരു വിദ്യയേയോ ആർ ഷോയേയോ എസ്.എഫ്.ഐ എന്ന സംഘടനയേയോ പ്രതിക്കൂട്ടിൽ നിർത്തിയതുകൊണ്ട് കാര്യങ്ങൾക്ക് പരിഹാരമാവുകയില്ല. അത്യന്തം വഷളായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് രാഷ്ട്രീയനേതൃത്വമാണ്.
എസ്എഫ്‌ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലായപ്പോൾ 'സംപൂജ്യമായി.സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്.
ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാർക്ക് കിട്ടിയ ഒരു വിഷയത്തിന് Out Standing Grade എന്ന് സൂചിപ്പിക്കുന്ന 'S' വും ആർഷോയുടെ മാർക്ക് ലിസ്റ്റിൽ രേഖപെടുത്തിയിട്ടുണ്ട്.രണ്ടാം സെമസ്റ്ററിന്റെ ഇന്റെണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20 വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയിൽ പൂജ്യം മാർക്കായത്. മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിന് ആബ്സൻ്റെ് രേഖപെടുത്തിയിട്ടുണ്ട്.
ഒരു വധശ്രമകേസിനെ തുടർന്ന് തടവിലായ തനിക്ക് സെമസ്റ്റർ പരീക്ഷ എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നു. NIC യുടെ സോഫ്റ്റ്വെയറിന്റെ തകരാർ കാരണം, എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് പൂജ്യം മാർക്ക് രേഖപെടുത്തി. എന്നാൽ തന്നെ പാസ്സാക്കിയതായി ആർഷോ പോലീസിൽ പരാതി പെട്ടിരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററിൽ എല്ലാവിഷയങ്ങൾക്കും പൂജ്യം മാർക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്ന പരാതി ഉയർന്നിരിക്കുന്നത്. അതായത് ആദ്യെ സെമസ്റ്ററിലും ക്രമക്കേട് നടന്നുവെന്ന് ചുരുക്കം.
പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് വിദ്യാർഥിയുടെ ഹാജർ, ക്ലാസ്സ് മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്റെണൽ മാർക്കുകൾ നിശ്ചയിക്കുന്നത്. ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയുടെ 80 മാർക്കിനൊപ്പം അധ്യാപകർ നൽകുന്ന ഇൻന്റെണൽ മാർക്ക് കൂടി ചേർത്താണ് ഓരോ വിഷയത്തിന്റെയും മൊത്തം മാർക്ക് നിശ്ചയിക്കുന്നത്. ആട്ടോണമസ് പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക്‌ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.
എഴുതാത്ത പരീക്ഷ ജയിച്ചതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്കു മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച കേസിൽ മഹാരാജാസ് കോളജിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ഓഫിസിൽ പരിശോധന നടത്തി. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ പരിശോധനയ്ക്കെത്തിയത്. എൻഐസി സോഫ്‌റ്റ്‌വെയറിന്റെ പിഴവിനെത്തുടർന്നാണു തെറ്റായ ഫലം പുറത്തുവന്നതെന്നു മഹാരാജാസ് കോളജ് അധികൃതരും പരീക്ഷാ കൺട്രോളറും മൊഴി നൽകിയ സാഹചര്യത്തിലാണു വ്യക്തത തേടി അന്വേഷണ സംഘം എൻഐസി ഓഫിസിലെത്തിയത്. വെബ്സൈറ്റ് രേഖകൾ പരിശോധിച്ച സംഘം കോളജിന്റെ ഡേറ്റാ എൻട്രി വിഭാഗത്തിലുള്ള രേഖകളും പരിശോധിച്ചു. എന്നാൽ ക്രൈം ബ്രാഞ്ച് പരിശോധനയായതിനാൽ അതിന് പിന്നിലെ ഉദ്ദേശം മറ്റെന്തെങ്കിലുമാവാം.
എഴുതാത്ത പരീക്ഷ ‘വിജയിച്ച’ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.എം.ആർഷോയുടെ വാദം മഹാരാജാസ് കോളജ് ഗവേണിങ് കൗൺസിൽ തള്ളിയിരുന്നു.. സോഫ്റ്റ്‌വെയർ തകരാർ മൂലമാണ് ആർഷോയുടെ പേരു പട്ടികയിലുൾപ്പെട്ടത്. ഇതുപോലെ വേറെയും വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും തകരാർ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് (എൻഐസി) ആവശ്യപ്പെട്ടുവെന്നും ചെയർമാൻ എൻ.രമാകാന്തൻ പറഞ്ഞു. ആർക്കിയോളജി വിഭാഗം കോഴ്സ് കോ–ഓർഡിനേറ്റർ ഡോ.വിനോദ്കുമാർ കല്ലോലിക്കലിനെതിരെ വിദ്യാർഥികൾ നൽകിയ പരാതികളിൽ അന്വേഷണം നടത്തി അദ്ദേഹം കുറ്റക്കാരനല്ലെന്നു കൗൺസിൽ കണ്ടെത്തി.
എന്നാൽ ആർക്കിയോളജി വിഷയ വിദഗ്ധൻ അല്ലാത്തതിനാൽ തൽസ്ഥാനത്തു നിന്ന് മാറിനിൽക്കാൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇത് അച്ചടക്ക നടപടിയല്ലെന്നാണു ഗവേണിങ് കൗൺസിൽ ചെയർമാന്റെ വിശദീകരണം. പകരം അധ്യാപകൻ ചുമതലയേൽക്കും വരെ വിനോദിനു തുടരാം. എന്നാൽ, ഈ തീരുമാനം ഔദ്യോഗികമായി വിനോദ്കുമാറിനെ അറിയിച്ചിട്ടില്ല. ആർഷോയുടെ അപ്രീതിക്കു പാത്രമായ അധ്യാപകനെ പദവിയിൽ നിന്നു മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണു കൗൺസിലിന്റെ തീരുമാനമെന്നാണു സൂചന. ഇടത് അധ്യാപക സംഘടനയിൽ അംഗമായ വിനോദിനോടു പദവി ഒഴിയണമെന്നു നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം സന്നദ്ധനായില്ലെന്നാണു വിവരം.
കെഎസ്‌യു പ്രവർത്തകയായ വിദ്യാർഥിനിക്കു പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടുതൽ നൽകിയെന്ന ആരോപണവുമായി എസ്എഫ്ഐ നേതൃത്വം മുൻപ് വിനോദ്കുമാറിനെതിരെ പരാതി നൽകിയെങ്കിലും അതിൽ അപാകതയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. പി.എം.ആർഷോയുടെ പരാതി ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
തിരുവനന്തപുരത്തുള്ള ആർഷോ കൊച്ചിയിലെത്തിയാലുടൻ മൊഴിയെടുക്കും. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാകും അന്വേഷണമെന്ന് പയസ് ജോർജ് പറഞ്ഞു. ഗൂഢാലോചന ആരോപിച്ച് ആർഷോ തിരുവനന്തപുരത്തു ലോ ആൻഡ് ഓർഡർ എഡിജിപിക്കാണു വ്യാഴാഴ്ച പരാതി കൈമാറിയത്. ഇത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമനു കൈമാറി. ഇതിനു പിന്നാലെയാണു പ്രത്യേക സംഘം രൂപീകരിച്ചത്. ഏതായാലും ആർഷോ എന്നൊരു വിദ്യാർത്ഥി നേതാവ് കാരണം തുലാസിലായത് മഹാരാജാസ് കോളേജിൻ്റെ ഭാവിയാണ്.
https://www.facebook.com/Malayalivartha





















