ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

ഡോക്ടർ വന്ദനയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇത് വരെ നാം മുക്തമായിട്ടില്ല. ഇപ്പോൾ ഇതാ കോട്ടയത്ത് സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത് . അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു ഈ സംഭവമുണ്ടായിരിക്കുന്നത് .
ഏറ്റുമാനൂർ പൊലീസാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത് . പരാതി നൽകിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടർ ആരോപണമുന്നയിക്കുകയും ചെയ്തു. അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടർന്ന്, ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. കേസെടുത്ത ഗാന്ധിനഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു . ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.
അതേസമയം കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ജോലിക്കിടെ വനിതാ ഡോക്ടറെ ചികിത്സക്കെത്തിയ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറിയായിരുന്നു മരണം.പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്‌ക്ക് വിധേയനാക്കി. സർക്കാർ നിർദ്ദേശാനുസരണം മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിദഗ്ധ സംഘമാണ് പ്രതിയെ പരിശോധിച്ചത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു പരിശോധന നടന്നത്. പരിശോധനകൾക്കൊടുവിൽ പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് വിദഗ്ധ സംഘം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha





















