ചന്തയിൽ മീൻവിൽപ്പന പോലെ നേതാക്കളുടെ ബിരുദ കച്ചവടം, നിഖിലിന് വ്യാജസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് എസ്എഫ്‌ഐയുടെ മുന്‍ നേതാവ്, അബിന്‍ സി രാജിന് ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവുമായി അടുത്ത ബന്ധം, എല്ലാം സമ്മതിച്ച് നിഖിൽ

വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തിൽ പിജി പഠനം നടത്തിയ എസ്എഫ്‌ഐ കായംകുളം ഏരിയ സെക്രട്ടറിയും സിപിഎം അംഗവുമായ നിഖിൽ തോമസിനെ കഴിഞ്ഞ അഞ്ചു ദിവസം ഒളിവിൽ പാർപ്പിച്ചത് എസ്എഫ്‌ഐയിലെതന്നെ പ്രമുഖ നേതാവ്. നിഖിലിന് വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതും എസ്എഫ്‌ഐയുടെ മുൻ നേതാവ്. എസ്എഫ്‌ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജാണ് ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതെന്നാണ് ചോദ്യം ചെയ്യലിൽ നിഖിൽ സമ്മതിച്ചു.
2020ൽ രണ്ടു ലക്ഷം രൂപ സ്വന്തം അക്കൗണ്ടിൽനിന്ന് അബിന് കൈമാറിയെന്നും അറസ്റ്റിലായ നിഖിൽ തോമസിന്റെ മൊഴി നൽതിയതോടെ കൂടുതൽ സംശയങ്ങൾ ഉടലെടുക്കുകയാണ്. ഇപ്പോൾ വിദേശത്ത് അധ്യാപകനായ അബിൻ ഉൾപ്പെടെ എസ്എഫ്‌ഐയിലെ ഒരു പറ്റം നേതാക്കൾ സിപിഎം നേതാക്കളുടെ സഹായത്തോടെ വൻതോതിൽ വ്യാജബിരുദം വിറ്റതായാണ് പോലീസ് സംശയിക്കുന്നത്.
കേരളത്തിൽതന്നെയുള്ള പ്രമുഖ സർവകലാശാലകളുടെ പേരിലും ഇത്തരത്തിൽ വിൽപന നടന്നോ എന്നതും അന്വേഷണപരിധിയിലുണ്ട്. മുൻ എസ്എഫ്‌ഐ നേതാവായ ഇയാൾ മുൻപ് കായംകുളത്ത് വിദ്യാഭ്യാസ ഏജൻസി നടത്തിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്. അബിൻ ജോലി നേടിയതും വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയാണോ എന്നും പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ മന്ത്രിസഭയിലെ അംഗംകൂടിയായ ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവുമായി അബിന് അടുത്ത ബന്ധമുണ്ടായിരുന്നു. വിദ്യാഭ്യാസ ഏജൻസി തുടങ്ങാൻ അബിന് സഹായം ചെയ്തത് ഈ നേതാവായിരുന്നു. എസ്എഫ്‌ഐയിൽ ബിരുദ, ബിരുനാന്തര വിൽപന നടത്തുന്ന ലോബിയുണ്ടെന്ന് സൂചന. എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായതുൾപ്പെടെ സംഭവങ്ങളിൽ എസ്എഫ്‌ഐയ്ക്കും സിപിഎം അനുകൂല സംഘടനയ്ക്കും പങ്കുണ്ടെന്ന സൂചനയിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
ഇന്ത്യയിൽ അത്രയേറെ അറിയപ്പെടാത്തതും എന്നാൽ യുജിസി അംഗീകാരമുള്ളതുമായ സർവകലാശാലകളുടെ പേരിൽ വേറെയും സഖാക്കൾ വ്യാജസർട്ടിഫിക്കറ്റുകൾ സമ്പാദിച്ച് ഉന്നതപഠനവും വിദേശജോലിയും കരസ്ഥമാക്കിയെന്നു വ്യക്തമാണ്.അബിൻ സി രാജ് ഇപ്പോൾ വിദേശത്ത് അധ്യാപകനായി ജോലി നോക്കുകയാണെന്നും നിഖിൽ തോമസ് പൊലീസിന് മൊഴി നൽകി. അഞ്ചു ദിവസം മുൻപ് ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നും കെഎസ്ആർടിസി ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു മൂലം കീഴടങ്ങാൻ തീരുമാനിച്ചു വെന്നും നിഖിൽ തോമസ് പറഞ്ഞെങ്കിലും ആ കഥയൊന്നും പോലീസ് വിശ്വസിക്കുന്നില്ല.
വിദ്യയെ സംരക്ഷിച്ചതുപോലെ പാർട്ടിയിലെ ഉന്നതർതന്നെ നിഖിലിനെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.എസ്എഫ്‌ഐ പോലൊരു സംഘടനയുടെ നേതാവിന് ഒറിജിനലിനെയും വ്യാജനെയും തിരിച്ചറിയാൻ സാധിക്കില്ലെന്ന കള്ളക്കഥയാണ് പറഞ്ഞുവയ്ക്കുന്നത്. കലിംഗ യൂണിവേഴ്സിറ്റിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയെന്നും ഈ സർട്ടിഫിക്കറ്റ് കേരള സർവകലാശാലയിൽ സമർപ്പിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ദല്ലാൾ പറഞ്ഞുവെന്നാണ് നിഖിലിന്റെ മൊഴി.
ഇത്തരമൊരു വ്യാജന്റെ ബലത്തിൽ കേരള സർവകലാശാലയിൽ എംകോം വരെ പഠിച്ച് പാർട്ടിത്തണലിൽ കോളജ് വാധ്യാർവരെ ആകാനുള്ള സംവിധാനം ആരാണ് ഒരുക്കിക്കൊടുക്കുന്നതെന്ന് പുറത്തുവരേണ്ടിയിരിക്കുന്നു. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനെ നാട്ടിലെത്തിച്ച് പ്രതി ചേർത്തേക്കുമെന്നാണ് വിവരം. അതേ സമയം ഈ സുഹൃത്ത് ഒട്ടേറെപ്പേർക്ക് സമാനമായ രീതിയിൽ ബിരുദ സർട്ടിഫിക്കറ്റ് വിറ്റിട്ടുണ്ടോ എന്നതാണ് പുറത്തുവരേണ്ടത്. കലിംഗ സർവകലാശാലയ്ക്കു പുറമെ മറ്റേതൊക്കെ സർവകലാശാലകളുടെ പേരിൽ ബിരുദം വിൽപന നടത്തിയിട്ടുണ്ടെന്നതും സംശയജനകമാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ 12.30 നാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് നിഖിൽ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരിക്കെ . ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്ന നിഖിൽ പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ എംകോമിനു ചേർന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാൻ നിഖിൽ 18-ാം തീയതി തിരുവനന്തപുരത്തിനു പോയപ്പോൾ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു.
ഇയാളെയും ചേർത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയിൽ പഠിച്ചെന്ന് പറയുന്ന കാലത്ത് നിഖിൽ കേരള സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കിയിരുന്നു. കലിംഗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധിയും അറിയിച്ചിരുന്നു.
ആ നിലയിൽ കേരള സർവകലാശാലയിൽ പഠിച്ചുതോറ്റയാൾ അതേ സമയം കലിംഗയിലും ഡിഗ്രി പഠിച്ചു എന്ന് രേഖയുണ്ടാക്കി വ്യാജസർട്ടിഫിക്കറ്റ് വാങ്ങി കേരള സർവകലാശാലയിൽതന്നെ പിജിക്കു പഠിച്ചു എന്നതിലും സംശയങ്ങൾ ബാക്കിനിൽക്കുന്നു. സർവകലാ രജിസ്ട്രാറുടെ ഓഫീസിൽ സർട്ടിഫിക്കറ്റുടെ നിജസ്ഥിതി പഠിക്കുമെന്നിരിക്കെ വ്യാജസർട്ടിഫിക്കറ്റുമായി നിഖിൽ എങ്ങനെ പിജിക്കു ചേർന്നു എന്നതിലാണ് ദുരൂഹതയുളളത്.
നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്‌ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. നിഖിൽ വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്നു സൂചനയുള്ളതിനാൽ ഇയാളെ കണ്ടെത്താൻ ആഭ്യന്തര വകുപ്പ് ് അടിയന്തിര നിർദേശം നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha


























