കെഎസ്ആര്‍ടിസി സ്‌കാനിയ ബസും രണ്ട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം.... യുവതി പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

കെഎസ്ആര്‍ടിസി സ്‌കാനിയ ബസും രണ്ട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. എംസി റോഡിലെ മണിപ്പുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കാരിത്താസ് ആശുപത്രിയിലെ നഴ്സ് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി ഇടശേരി പറമ്പില്‍ ധന്യ തോമസ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മണിപുഴ സിവില്‍ സപ്ലൈസ് പെട്രോള്‍ പമ്പിനു മുമ്പില്‍ രാവിലെ എട്ടിനാണ് അപകടം സംഭവിച്ചത്. അപകടത്തോടെ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ സ്‌കാനിയ ബസ് എതിര്‍ ദിശയില്‍ എത്തിയ സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ കാറില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം ധന്യയുടെ സ്‌കൂട്ടറില്‍ ബസ് തട്ടുകയും ചെയ്തു. ഇതിനിടയില്‍പ്പെട്ട ധന്യ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസ് ആണ് അപകടത്തിനിടയാക്കിയത്.
ഈ സമയം ഇതുവഴി എത്തിയ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനും അപകടത്തില്‍പ്പെട്ടു. യാത്രക്കാര്‍ ചേര്‍ന്നാണു പരിക്കേറ്റ യുവതിയെ രക്ഷപ്പെടുത്തിയത്.
അതേസമയം കാറിന്റെ ഡോര്‍ തകരുകയും ടയറുകള്‍ ഇളകിത്തെറിക്കുകയും ചെയ്തു. പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























