കൃഷ്ണവനത്തിൽ നിന്ന് കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിൽ എത്തിയ ഒരു വയസുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞു... 13 ദിവസമായി അമ്മയാന വരുന്നതും കാത്തിരിക്കുകയായിരുന്നു കുട്ടിക്കൊമ്പൻ...

കൃഷ്ണവനത്തിൽ നിന്ന് കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിൽ എത്തിയ ഒരു വയസുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞു. 13 ദിവസമായി അമ്മയാന വരുന്നതും കാത്തിരിക്കുകയായിരുന്നു കുട്ടിക്കൊമ്പൻ. രോഗബാധിതനായിരുന്നു. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിൽ ചികിത്സ നടക്കുന്നതിനിടെ രോഗം മൂർച്ഛിച്ച് ഇന്നലെയാണ് ചരിഞ്ഞത്. കൃഷ്‌ണയെന്നായിരുന്നു പേരിട്ടിരുന്നത്.
പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. സ്വകാര്യതോട്ടത്തിലെ തോടിനരികിൽ അവശനിലയിൽ നിൽക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസിയായ സി ജെ. ആനന്ദ്കുമാർ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണ സംഘവും വെള്ളവും പുല്ലും പഴവും നൽകി.
ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ ഉച്ചയോടെ വനംവകുപ്പിന്റെ ജീപ്പിൽ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെത്തിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു. എന്നാൽ, വൈകിട്ട് ആറുമണിയോടെ തിരികെ വരികയായിരുന്നു. ആരോഗ്യം മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞ 16നാണ് കുട്ടിക്കൊമ്പന്റെ സംരക്ഷണം വനപാലകർ ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha


























