ഏകീകൃത സിവിൽ കോഡ്...അർദ്ധരാത്രി യോഗം ചേർന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്...മോദിയുടെ നിലപാടുകളെ എതിർക്കാനാണ് ബോർഡിന്റെ തീരുമാനം....എതിർക്കാനുള്ള കാരണം കമ്മീഷന് നൽകുന്ന രേഖയിൽ വിശദീകരിക്കും...

എക സിവിൽ കോഡ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ അർദ്ധരാത്രി യോഗം ചേർന്ന് മുസ്ലീം വ്യക്തി നിയമബോർഡ്. സിവിൽ കോഡ് വിഷയത്തിൽ മോദിയുടെ നിലപാടുകളെ എതിർക്കാനാണ് ബോർഡിന്റെ തീരുമാനം.ഓൺലൈനായിട്ടാണ് മുസ്ലീം ലോ ബോർഡിന്റെ യോഗം നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ഏക സിവിൽ കോഡിന്റെ നിയമ വശങ്ങൾ ചർച്ച ചെയ്തു. തുടർന്ന് നിയമ കമ്മീഷന് മുമ്പാകെ തങ്ങളുടെ നിലപാടറിയിക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഏക സിവിൽ കോഡിനെ എതിർക്കാനുള്ള കാരണം കമ്മീഷന് നൽകുന്ന രേഖയിൽ വിശദീകരിക്കും.കുടുംബത്തിലെ ഒരംഗത്തിന് ഒരു നിയമവും മറ്റൊരാൾക്ക് മറ്റൊന്നുമായാൽ വീട് പുലരില്ല. അതുപോലെ രണ്ടു തരം വ്യവസ്ഥകളുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് മോദി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു."ഭരണഘടന എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ഏകസിവിൽ കോഡ് കൊണ്ടുവരാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടതാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിലാണ് ചില പാർട്ടികൾ ഏക സിവിൽ കോഡിനെ എതിർക്കുന്നത്. ബി ജെ പിക്ക് മേൽ മുസ്ളിം വിരോധം ആരോപിക്കുന്നവർ അവർക്കായി എന്തു ചെയ്‌തു.
അവരോട് സ്നേഹമുണ്ടായിരുന്നെങ്കിൽ മുസ്ളിം സഹോദരങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിലിലും പിന്നാക്കമാകില്ലായിരുന്നു. ദുരിത ജീവിതം നയിക്കില്ലായിരുന്നു.അഴിമതി, കമ്മിഷൻ തുടങ്ങിയവ മാത്രം ലക്ഷ്യമിടുന്ന ചില കക്ഷികൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ജീവിക്കുന്നു. സ്വജനപക്ഷപാതം രാജ്യപുരോഗതിക്ക് ആപത്താണ്."-എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.നേരത്തെ ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ദേശീയ ലോ കമ്മിഷൻ ജനങ്ങളുടെയും മതസംഘടനകളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. ഒരേ കുടുംബത്തിലെ രണ്ടുപേർക്ക് വ്യത്യസ്ത നിയമങ്ങൾ എങ്ങനെ പ്രയോഗികമാകുമെന്നും രണ്ട് നിയമങ്ങളുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.
എന്നാൽ 'കുടുംബവും രാജ്യവും ഒന്ന് പോലെയല്ല' എന്ന് ചിദംബരം ചൂണ്ടിക്കാട്ടി. രക്തബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബങ്ങൾ നിലനിൽക്കുന്നതെങ്കിൽ, ഭരണഘടനയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.'വിലക്കയറ്റം, തൊഴിൽ ഇല്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമാക്കുന്നത്. ഭരണത്തിൽ പരാജയപ്പെട്ട ബി.ജെ.പി. ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ശ്രമിക്കുന്നത്'- ചിദംബരം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha





















