മുല്ലപ്പെരിയാര്‍ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നു : ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായില്ല

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മുന്നറിയിപ്പു നല്‍കാതെ ഞായറാഴ്ച രാത്രി തുറന്നതിനെത്തുടര്‍ന്നു പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. വണ്ടിപ്പെരിയാര്‍ നല്ലതമ്പി കോളനിയില്‍ യോബ് പരേതയായ വാസന്തി ദമ്പതികളുടെ മകന്‍ ഡേവിഡ് പ്രകാശി(24)നെയാണു കാണാതായത്. വണ്ടിപ്പെരിയാറിനു സമീപം നല്ലതമ്പി കോളനിയിലാണ് അപകടം.
നദീ തീരത്തെ ഇടുങ്ങിയ വഴിയിലൂടെ നടന്നുപോകുമ്പോള്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണു സൂചന. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ ശക്തമായ നീരൊഴുക്കുണ്ടായിരുന്നതു തിരിച്ചടിയായി. പീരുമേട്ടില്‍ നിന്ന് അഗ്‌നിശമന സേനാ വിഭാഗമെത്തി ആരംഭിച്ച പരിശോധന അര്‍ധരാത്രിയോടെ നിര്‍ത്തി. കാഞ്ഞിരപ്പള്ളി അഗ്‌നിശമന സേനാ ഓഫീസില്‍ നിന്നെത്തിയ സ്‌കൂബാ ടീം ഇന്നലെ രാവിലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടമുണ്ടായതിന്റെ നൂറുമീറ്റര്‍ അകലെ നിന്നു ചതുപ്പില്‍ പുതഞ്ഞ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചതോടെയാണു ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നത്. ഇതു നിയന്ത്രിക്കാനാകാതെ വന്നതോടെ രാത്രിയില്‍ ഷട്ടര്‍ തുറന്നുവിടാന്‍ തമിഴ്‌നാട് നിര്‍ബന്ധിതരാകുകയായിരുന്നു. ആകെയുള്ള 13 ഷട്ടറുകളില്‍ നാലെണ്ണം ഉയര്‍ത്തിയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്കു തുറന്നു വിട്ടത്. രണ്ട്, മൂന്ന്, നാല്, ഏഴ് എന്നീ ഷട്ടറുകളാണു തുറന്നത്.
ഏതു സമയത്തും ഷട്ടര്‍ തുറക്കുമെന്ന മുന്നറിയിപ്പു മാത്രമാണു തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുള്ളത്. ഷട്ടര്‍ തുറക്കുംമുമ്പ് മുന്നറിയിപ്പു നല്‍കേണ്ടതില്ലെന്ന നിലപാടിലാണു തമിഴ്‌നാട്. ഇത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഞായറാഴ്ച തുറന്ന ഷട്ടറുകള്‍ തമിഴ്‌നാട് ഇന്നലെ അടച്ചു. ജലനിരപ്പ് 141.39 അടിയായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഇന്നലെ രാവിലെയാണ് ഷട്ടറുകള്‍ താഴ്ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























