ഹൃദയാഘാതം വ്യാപകം? കൊവിഡ് വാക്സിൻ എടുത്തവർ ആപത്തിലോ? സത്യാവസ്ഥ ഇതാണ്...!

കൊവിഡ് 19 മഹാമാരിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് പല ആരോഗ്യപ്രശ്നങ്ങളും രോഗഭീഷണികളും ആളുകള്‍ നേരിടുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ കൊവിഡ് കാലത്തിന് ഇപ്പുറം യുവാക്കളില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊവിഡുമായി ബന്ധപ്പെട്ടാണോ എന്ന സംശയം ശക്തിപ്പെട്ടിട്ടുണ്ട്.
കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കിടയില്‍ ഹൃദയാഘാതം വ്യാപകമാണെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറല്‍. ഇതോടെ ജനം ആശങ്കയിലായി. "കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ ഹൃദയാഘാതം കൂടുന്നുവെന്നും ഡി ഡൈമര്‍ ടെസ്‌റ്റ് നടത്തി വൈദ്യസഹായം ചെയ്യുക " എന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പോസ്‌റ്റുകളില്‍ കാണുന്നത്. ഇതിനെതിരേ ആരോഗ്യ വിദഗ്‌ധര്‍ രംഗത്തുവന്നു.
ഈ ആശങ്കയ്ക്ക് മറുപടിയെന്നോണം ചില വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കൊവിഡ് ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ സംഭവിക്കാനുള്ള സാധ്യത ഉണ്ടോയെന്ന് പറയാൻ, ഇതുവരെയായും ശക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു പിടി പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പും ഇത്തരം പ്രചാരണമുണ്ടായിരുന്നുവെന്നും അത് തെറ്റായിരുന്നുവെന്നും കോവിഡ് രോഗ വിദഗ്‌ധനും ഐ.എം.എ. കേരള ഘടകം ഉപദേശക സമിതി അംഗവുമായ ഡോ. രാജീവ് ജയദേവനും ഒരു മാധ്യമത്തോട് വ്യക്‌തമാക്കി. കോവിഡ് വാക്‌സിനുകളും ഡി ഡൈമര്‍ ലെവലുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കോവിഡ് അഡിനോവൈറസ് വെക്‌ടര്‍ വാക്‌സിന്‍ എടുത്തവരില്‍ അപൂര്‍വമായി രക്‌തം കട്ടപിടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, അത് ഹൃദയ രക്‌തക്കുഴലുകളില്‍ അല്ലെന്നും കാലിലെയും തലച്ചോറിലെയും രക്‌തക്കുഴലിലാണെന്നും അദ്ദേഹം പറഞ്ഞു. അതാകട്ടെ ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രവും. ഇതിനു മതിയായ ചികിത്സയും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി-ഡൈമര്‍ ടെസ്‌റ്റ് ചെലവേറിയതാണ്. വിദഗ്‌ധ നിര്‍ദേശമില്ലാതെ നേരിട്ട് പോയി ലാബുകളില്‍ ടെസ്‌റ്റ് നടത്തേണ്ടതില്ലെന്നും വിദഗ്‌ധര്‍ പറയുന്നു. കോവിഡ് വരാത്തവരും എന്നാല്‍, വാക്‌സിന്‍ എടുത്തവരുമായവരില്‍ ഹൃദയാഘാതം കൂടുന്നുണ്ടോ എന്ന് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടുമില്ല. എം-ആര്‍.എന്‍.എ. വാക്‌സിന്‍ ഉപയോഗിച്ച അമേരിക്കയിലെ ചില ചെറുപ്പക്കാര്‍ക്ക് ഹൃദയത്തില്‍ നേരിയ നീര്‍ക്കെട്ടുണ്ടായതായെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് മരണ കാരണമല്ല. താനേ മാറുന്നതാണെന്നും ഡോ. രാജീവ് പറഞ്ഞു.
കൊവിഡാനന്തരം ഉയരുന്ന കാര്‍ഡിയാക് അറസ്റ്റ് കേസുകള്‍ എന്ന വിഷയത്തില്‍ ഐസിഎംആറിന്‍റെ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നേതൃത്വത്തില്‍ മൂന്ന് പഠനങ്ങളാണത്രേ നടക്കുന്നത്. ഇതിന് പുറമെ 18നും നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായം വരുന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പെട്ടെന്നുള്ള മരണങ്ങള്‍ സംബന്ധിച്ച് നാല്‍പതോളം കേന്ദ്രങ്ങളിലായി പഠനം നടന്നുവരുന്നു.
കൊവിഡ് വാക്സിന്‍റെ പരിണിതഫലങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പഠനം ഇവയ്ക്കെല്ലാം സമാന്തരമായി നടക്കുന്നു. ഇത്തരത്തില്‍ 18നും 45നും ഇടയ്ക്ക് പ്രായം വരുന്നവര്‍ക്കിടയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാര്‍ഡിയാക് അറസ്റ്റ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് മരണങ്ങള്‍- ഇവയ്ക്കെല്ലാം കൊവിഡുമായുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ പല പഠനങ്ങളും പുരോഗമിച്ചുരികയാണെന്നതാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം വ്യക്തമാക്കുന്നത്. ഒരു പഠനത്തിന്‍റെയും നിഗമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാര്‍ പങ്കിട്ടിട്ടില്ല. അതിനാല്‍ തന്നെ നിലവിലുള്ള ആശങ്കകള്‍ ഇനിയും തുടരുക തന്നെ ചെയ്യും.
അതേസമയം, കോവിഡ് വന്നവര്‍ക്ക് രോഗാനന്തരം ചില വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുമൂലം ഹൃദയാഘാതം, തലച്ചോറിലെ രക്‌തം കട്ടപിടിക്കല്‍ തുടങ്ങിയ അസുഖങ്ങള്‍ വരുന്നത് കൂടുതലാണ്. കോവിഡ് മാറി ഏറെ നാളുകള്‍ കഴിഞ്ഞും കോവിഡിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ചിലരില്‍ മാത്രം നിലനിന്നേക്കാം. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുഖ്യമായ കാരണങ്ങള്‍ പുകവലി, അമിത മദ്യപാനം, വ്യായാമക്കുറവ്, പാരമ്പര്യം, തെറ്റായ ജീവിതശൈലി, ഉറക്കമില്ലായ്‌മ, പ്രമേഹം, കുടവയര്‍ എന്നിവയാണെന്ന് ഡോ. മുഹമ്മദ് യാസിര്‍ പറഞ്ഞു.
ജൂലായ് 20 വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചത് 4,49,96,337 പേർക്കെന്ന് വിവരാവകാശ രേഖ. മരണം 5,31,915. ഏറ്റവും കൂടുതൽപേർക്ക് കൊവിഡ് ബാധിച്ചത് മഹാരാഷ്ട്രയിൽ- 81,70,031. മരിച്ചത് 1,48,556പേർ. കേരളത്തിൽ യഥാക്രമം 69,07,079, 71,945. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും രണ്ടാമതാണ് കേരളം.
https://www.facebook.com/Malayalivartha





















