അശുപത്രിയിലേക്ക് പോയ ആംബുലന്‍സ് വഴിതിരിച്ച് വിട്ട സംഭവത്തില്‍ കേസെടുത്ത് മനുഷ്യവകാശ കമ്മീഷന്‍

ശുചിമുറിയില്‍ കാല്‍ തെന്നി വീണ രോഗിയെയും കൊണ്ട് അശുപത്രിയിലേക്ക് പോയ ആംബുലന്‍സ് വഴിതിരിച്ച് വിട്ട സംഭവത്തില്‍ കേസെടുത്ത് മനുഷ്യവകാശ കമ്മീഷന്‍. രോഗിയുമായി പാഞ്ഞ ആംബുലന്‍സ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത് മൂലം വഴിതിരിഞ്ഞ് പോകേണ്ടി വന്നതായിരുന്നു സംഭവം.
എന്നാല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടാനുള്ള സൂചനാ ബോര്‍ഡ് വച്ചിരുന്നുവെന്നും ഇത് ശ്രദ്ധിക്കാതെയാണ് ആംബുലന്‍സ് ഡ്രൈവര്‍ വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോഴിക്കോട് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ശുചിമുറിയില്‍ കാല്‍ തെന്നി വീണ 90 കാരിയായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
കോഴിക്കോട് നല്ലളം പൊലീസ് സ്‌റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു ആംബുലന്‍സ് കുടുങ്ങി കിടന്നത്. ബാരിക്കേഡ് അഴിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് മറ്റൊരു വഴിയിലൂടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് തടയാനായിരുന്നു പൊലീസ് ബാരിക്കേഡ് കെട്ടിവച്ച് റോഡ് ഗതാഗതം തടഞ്ഞത്.
ആദ്യം തന്നെ ബാരിക്കേഡ് മാറ്റാന്‍ ഡ്രൈവര്‍ പൊലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തുണ്ടായിരുന്നവരും ഇക്കാര്യം പൊലീസിനോട് പറയുന്നുണ്ട്. ഒടുവില്‍ ബാരിക്കേഡ് തുറക്കാനായി കയര്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ, ആംബുലന്‍സ് മടങ്ങിപ്പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ആംബുലന്‍സിനെ കടത്തിവിടാന്‍ കയര്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസ് പറയുന്നു. പീന്നിട് കിലോമീറ്ററുകളോളം മാറി സഞ്ചരിച്ച്, ഒളവണ്ണ കൊളത്തറ വഴിയാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലേക്ക് പത്ത് മിനിറ്റില്‍ എത്താവുന്ന ദൂരത്തില്‍ നിന്നാണ് അധിക സമയം എടുത്ത് യാത്ര ചെയ്യേണ്ടി വന്നത്.
https://www.facebook.com/Malayalivartha





















