വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രണ്ടംഗ ഉത്തരേന്ത്യല്‍ സംഘത്തെ ഹാജരാക്കാന്‍ കോടതി ഉത്തരവ്... ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍നിന്ന് ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ചോര്‍ത്തിയാണ് വിദേശജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നത്

ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍നിന്ന് ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ചോര്‍ത്തി കാനഡയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും എയര്‍ടിക്കറ്റുകളും അയച്ചുകൊടുത്ത് പണം തട്ടുന്ന രണ്ടംഗ ഉത്തരേന്ത്യന്‍ സംഘത്തെ ഹാജരാക്കാന്‍ തലസ്ഥാന മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
ഡല്‍ഹി സ്വദേശികളായ മുന്നകുമാര്‍ ഗുപ്ത എന്ന വിജയ് യാദവ് (26), ശിവനഗര്‍ ജസ്ബീര്‍ സിങ് (54), എന്നിവരെയാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ സെപ്റ്റംബര്‍ 1ന് ഹാജരാക്കാന്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് ഡി വൈ എസ് പി യോടാണ് എ സിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടത്. 2017 ആഗസ്റ്റ് 18 നാണ് പ്രതികള്‍ ഡല്‍ഹിയില്‍ അറസ്റ്റിലായത്.
ജനക്പുരി ഈസ്റ്റിന് സമീപമുള്ള ഡാബ്രി പങ്കാ റോഡില്‍ നിന്നാണ് സൈബര്‍ ക്രൈം പൊലിസ് ടീം ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലി ലഭിക്കുന്നതിന് ജോബ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും എയര്‍ടിക്കറ്റുകളും അയച്ചുകൊടുത്തു പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി.
ഇത്തരം തട്ടിപ്പുകള്‍ കേരളത്തില്‍ കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്.പി ജോളിചെറിയാന്റെ മേല്‍നോട്ടത്തില്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ഉദ്യോഗാര്‍ഥികളുടെ പാസ്പോര്‍ട്ടുകള്‍, പ്രതികളുടെ പേരില്‍ വിവിധ ബാങ്കിലുള്ള അക്കൗണ്ട് വിവരങ്ങള്‍, എ.ടി.എം കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, ഇന്റര്‍നെറ്റ് ഡോങ്കിളുകള്‍, വ്യാജ അഡ്രസുകളില്‍ നിന്നെടുത്ത വിവിധ ഫോണ്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍, വിവിധ വിദേശകമ്പനികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ദ്വാരക മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുള്ള ട്രാന്‍സിറ്റ് റിമാന്‍ഡ് വാറണ്ട് പ്രകാരം പ്രതികളെ കേരളത്തിലെത്തിച്ചത്.
അന്വേഷണ സംഘത്തില്‍ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായ ഒ.എ സുനില്‍, സബ്ഇന്‍സ്പെക്ടര്‍ എന്‍.ബിജു, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജുലാല്‍, സുനില്‍, അനില്‍ എന്നിവരാണുണ്ടായിരുന്നത്.2023 ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha


























