വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റം കൊണ്ടുവരും മന്ത്രി കെ രാധാകൃഷ്ണൻ

വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുറ്റൂർ ചന്ദ്ര മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പൊതു വിദ്യാലയങ്ങളെ മികച്ച നിലവാരത്തിൽ ഉയർത്തുന്ന പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം വഹിക്കുന്നത്. പിന്നിട്ട ഏഴു വർഷങ്ങൾക്കിടയിൽ 3800 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന് സാധിച്ചു. നാളത്തെ സമൂഹത്തെ നിർണയിക്കുന്നത് ഇന്നത്തെ വിദ്യാഭ്യാസമാണ്, നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ പൊതുവിദ്യാലയങ്ങൾക്ക് മാതൃകാപരമായ സ്ഥാനമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞനത്തിന്റെ ഭാഗമായ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്‌ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 22.3 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കിച്ചൺ സ്റ്റോർ സമർപ്പണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ചടങ്ങിൽ നടന്നു.
സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ അധ്യക്ഷനായി. സ്കൂളിൽ മറ്റൊരു കെട്ടിടം കൂടി നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളതായി എം എൽ എ പറഞ്ഞു . തൃശ്ശൂർ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ കാഞ്ഞൂത്തറ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ അവാർഡുകൾ വിതരണം ചെയ്തു.
കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, പുഴക്കൽ ബ്ലോക്ക് മെമ്പർ ജ്യോതി ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ പി എ ലോനപ്പൻ, പ്രകാശ് ഡി ചിറ്റിലപ്പിള്ളി, നിഷാ സജീവൻ, വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ എൻ കെ രമേശ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ അൻസാർ കെ എ എസ്, പ്രിൻസിപ്പാൾ ഇ കെ ഗീത, പ്രധാനാധ്യാപിക സി രേഖ രവീന്ദ്രൻ, പിടിഎ പ്രസിഡണ്ട് പ്രശാന്ത് ഡി ചിറ്റിലപ്പിള്ളി, സി ബി അമ്പിളി, ഡേവിസ് കണ്ണനായ്ക്കൽ, പി ടി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha





















