തോല്‍പ്പിക്കാന്‍ വന്ന് തോറ്റുപോയി... ഇന്ത്യയ്ക്ക് മുമ്പേ ചന്ദ്രനില്‍ വിജയക്കൊടി പാറിക്കാനിരുന്ന റഷ്യയുടെ ലൂണ തകര്‍ന്നു; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി റെക്കോഡിഡാന്‍ പുറപ്പെട്ട റഷ്യന്‍ പേടകം 'ലൂണ 25' നിയന്ത്രണം വിട്ടു; ഇന്ത്യ വിജയ പ്രതീക്ഷയോടെ

അടുത്തിടേയാണ് പ്രധാനമന്ത്രി മോദിയെ കണ്ട് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത് നിങ്ങളെ കാണുമ്പോള്‍ അസൂയയെന്ന്. ജോ ബൈഡന്‍ അന്ന് പറഞ്ഞതിന്റെ സത്യം ഇപ്പോഴാണ് റഷ്യയ്ക്ക് പിടികിട്ടിയത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 3നേക്കാള്‍ മുമ്പേ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി റെക്കോഡിഡാന്‍ പുറപ്പെട്ട റഷ്യന്‍ പേടകം 'ലൂണ 25' നിയന്ത്രണം വിട്ട് ചന്ദ്രനില്‍ വീണുടഞ്ഞു. ദ
ൗത്യം പരാജയപ്പെട്ടതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ് കോസ്മോസ് സ്ഥിരീകരിച്ചു. അതേസമയം, ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ നാളെ വൈകിട്ട് 6.04ന് ചന്ദ്രനില്‍ ഇറങ്ങാനുള്ള നീക്കത്തിലാണ്. ഇന്നലെ അവസാനത്തെ ഡീഓര്‍ബിറ്റിംഗ് വിജയിച്ചതോടെ ലാന്‍ഡര്‍ ചന്ദ്രന്റെ 25 ഃ 134കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തി. പേടകത്തെ പ്രീ ലാന്‍ഡിംഗ് ഭ്രമണപഥത്തിലെത്തിച്ച ശേഷം കുത്തനെയുള്ള ലാന്‍ഡിംഗ് പാതയിലേക്ക് മാറ്റും. അത് ബുധനാഴ്ച വൈകിട്ടാണ്.
ശനിയാഴ്ച രാവിലെ 11.10ന് ലാന്‍ഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് മാറുമ്പോഴാണ് റഷ്യന്‍ ലൂണ 25 വഴുതിപ്പോയത്. പിന്നീട് ബന്ധം പുനഃസ്ഥാപിക്കാനായില്ല. ശനിയും ഞായറും റഷ്യ മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ഭ്രമണപഥം ശരിപ്പെടുത്താനുളള സിഗ്‌നലുകള്‍ക്ക് മറുപടി സന്ദേശങ്ങള്‍ കിട്ടിയില്ല. ശനിയാഴ്ച 11.57നാണ് പേടകവുമായി അവസാനം ബന്ധപ്പെട്ടത്.
കമ്പ്യൂട്ടറിലെ കണക്കു കൂട്ടലുകള്‍ പിഴച്ചതിനാല്‍ ലൂണയുടെ എന്‍ജിന്‍ ആവശ്യമുള്ളതിനേക്കാള്‍ ഒന്നരമടങ്ങ് കൂടുതല്‍ സമയം ജ്വലിച്ചതിന്റെ തള്ളലിലാണ് ഭ്രമണപഥം വിട്ടുപോയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരുവര്‍ഷം ചന്ദ്രനില്‍ തുടരാന്‍ ലക്ഷ്യമിട്ടാണ് ലൂണ 25 വിക്ഷേപിച്ചത്. 47 വര്‍ഷത്തിനുശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് പേടകം അയയ്ക്കുന്നത്.
അതേസമയം ഇന്ത്യ ശുഭ പ്രതീക്ഷയിലാണ്. എങ്കിലും ചന്ദ്രയാന്‍ 2ന്റെയും ലൂണ 25ന്റെയും ദുരന്തങ്ങള്‍ ചന്ദ്രയാന്‍ 3ന്റെ അണിയറയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ പ്രത്യേകതയാണ് ആശങ്കയ്ക്ക് കാരണം.
ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആകര്‍ഷണതോതില്‍ വ്യത്യാസമുണ്ട്. പക്ഷിയെപ്പോലെ വേഗതകുറച്ച് പതിയെ മണ്ണിലിറങ്ങണം. 500മീറ്റര്‍ മുകളില്‍ വച്ചാണ് ചന്ദ്രയാന്‍ 2 നിയന്ത്രണം വിട്ടത്. ഇക്കുറി 4ഃ 2.4കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രതലം ലാന്‍ഡര്‍ സ്വയം സ്‌കാന്‍ ചെയ്ത് സ്ഥലം നിശ്ചയിച്ചാവും ഇറങ്ങുക.
ലൂണ 25 പരാജയം ഒരു കാലത്തു ബഹിരാകാശരംഗത്തെ പ്രമാണിമാരായിരുന്ന റഷ്യയുടെ ശക്തിക്ഷയത്തിന്റെ സൂചന കൂടിയാണ്. 1957ല്‍ ആദ്യമായി ഭൂമിയെ വലംവയ്ക്കാന്‍ ഉപഗ്രഹത്തെ വിട്ടതു സോവിയറ്റ് യൂണിയനാണ്. 1961ല്‍ യൂറി ഗഗാറിനിലൂടെ ആദ്യ സഞ്ചാരിയെയും 1963ല്‍ വാലന്റീന തെരഷ്‌കോവയിലൂടെ ആദ്യ വനിതാസഞ്ചാരിയെയും ബഹിരാകാശത്തെത്തിക്കാന്‍ റഷ്യയ്ക്കു കഴിഞ്ഞു. ആദ്യത്തെ ബഹിരാകാശ നടത്തം, ആദ്യ സ്‌പേസ് സ്റ്റേഷന്‍ (സല്യൂട്ട്1971) എന്നിവയൊക്കെ റഷ്യന്‍ നേട്ടങ്ങളാണ്.
എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ബഹിരാകാശരംഗത്ത് റഷ്യയ്ക്ക് കഷ്ടകാലമാണ്. 2011ല്‍ ചൊവ്വയുടെ ഫോബോസ് ഉപഗ്രഹത്തിലേക്കു റഷ്യ അയച്ച ഫോബോസ്-ഗ്രണ്ട് ദൗത്യം പരാജയപ്പെട്ടു. ഭൗമാന്തരീക്ഷം പോലും കടക്കാനാകാതെ പേടകം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. നിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ചുള്ള നിര്‍മാണരീതിയായിരുന്നു പരാജയകാരണം. അതിനും മുന്‍പ് മാര്‍സ് 96 ചൊവ്വാദൗത്യവും ഭൂമിയുടെ ഭ്രമണപഥം വിടുന്നതിനു മുന്‍പ് തകര്‍ന്നു. നാസയുമായും മറ്റും തട്ടിച്ചുനോക്കുമ്പോള്‍ ബൃഹത്തായ ബഹിരാകാശപദ്ധതികളൊന്നും റഷ്യ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നടത്തിയിട്ടില്ല.
യുഎസ്, ഇന്ത്യ, ചൈന തുടങ്ങിയ ഇപ്പോഴത്തെ ശക്തികള്‍ക്കെതിരെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കൂടിയുദ്ദേശിച്ചാണ് റഷ്യ ലൂണ 25 ദൗത്യമയച്ചത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.
'ലൂണ 25' ദൗത്യത്തിലൂടെ വന്‍ മാധ്യമശ്രദ്ധ ചന്ദ്രയാന്‍ 3 ദൗത്യത്തിനു വന്നിട്ടുണ്ട്. റഷ്യ പരാജയപ്പെട്ടിടത്ത് ഇന്ത്യ വിജയിച്ചാല്‍ വലിയ ഖ്യാതിയാകും ഐഎസ്ആര്‍ഒയ്ക്കു നേടിത്തരിക. മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന മൈലേജ് നേടിക്കൊടുക്കാന്‍ ഈ വിജയത്തിനു കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
"
https://www.facebook.com/Malayalivartha





















