ശാസ്ത്രലോകം ആകാംക്ഷയോടെ.... ഇനി രണ്ടുനാള്‍മാത്രം.... ചന്ദ്രയാന്‍-3ന്റെ ഭാഗമായ ലാന്‍ഡര്‍ മൊഡ്യൂളിനെ ബുധനാഴ്ച വൈകീട്ട് 6.04-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന; ലാന്‍ഡിങ് നടപടികള്‍ തത്‌സമയം കാണാനാകുമെന്ന് ഐ.എസ്.ആര്‍.ഒ

ശാസ്ത്രലോകം ആകാംക്ഷയോടെ.... ഇനി രണ്ടുനാള്‍മാത്രം.... ചന്ദ്രയാന്‍-3ന്റെ ഭാഗമായ ലാന്‍ഡര്‍ മൊഡ്യൂളിനെ ബുധനാഴ്ച വൈകീട്ട് 6.04-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) . ലാന്‍ഡറിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അവസാനത്തെ പ്രക്രിയ നടത്തിയത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞ അകലം 25 കിലോമീറ്ററും കൂടിയ അകലം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് പേടകം.
ലാന്‍ഡറിലെ ഉപകരണങ്ങള്‍ സജ്ജമാണെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പുവരുത്തിയശേഷം സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് സൂര്യപ്രകാശമെത്തുന്നതിനായി കാത്തിരിക്കുകയും ചെയ്യും. പേടകത്തെ ചന്ദ്രനിലേക്ക് ഇറക്കുന്നതിനുള്ള തയ്യാറെടുപ്പ് ബുധനാഴ്ച വൈകുന്നേരം 5.45-ന് ആരംഭിക്കും. തുടര്‍ന്നുള്ള 18 മിനിറ്റ് അതിനിര്‍ണായകമാണ്.
സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തെ വേഗം കുറച്ചു കൊണ്ടുവന്നാണ് ലാന്‍ഡ് ചെയ്യിക്കുക. ലാന്‍ഡിങ് ലെഗ്ഗുകള്‍ക്ക് കരുത്തുകൂട്ടിയിട്ടുള്ളതിനാല്‍ സെക്കന്‍ഡില്‍ മൂന്നുമീറ്റര്‍ വേഗത്തില്‍ ലാന്‍ഡ് ചെയ്താലും പിഴവു സംഭവിക്കാനിടയില്ല.
ചന്ദ്രയാന്‍-2ന്റെ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ തെളിമയാര്‍ന്ന ചിത്രങ്ങള്‍ പേടകത്തിന് ഇറങ്ങാനുള്ള കൃത്യമായ സ്ഥാനം നിര്‍ണയിക്കുന്നതിന് സഹായിക്കും. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലമാണ് ലാന്‍ഡിങ്ങിന് നിശ്ചയിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാവുന്നതാണ്.
ലാന്‍ഡര്‍ പ്രതലം തൊട്ടാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ റോവര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 41 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചന്ദ്രോപരിതലത്തിലിറങ്ങുന്നത്.
ബെംഗളൂരു പീനിയയിലെ ഇസ്ട്രാക്കില്‍നിന്നാണ് ശാസ്ത്രജ്ഞര്‍ പേടകത്തെ നിയന്ത്രിക്കുന്നത്. ലാന്‍ഡിങ് നടപടികള്‍ വൈകുന്നരം 5.27 മുതല്‍ ഐ.എസ്.ആര്‍.ഒ. വെബ്‌സൈറ്റ്, യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഡി.ഡി. നാഷണല്‍ എന്നിവയില്‍ തത്‌സമയം കാണാനാകുമെന്ന് ഐ.എസ്.ആര്‍.ഒ.
"
https://www.facebook.com/Malayalivartha





















